തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. നൂറുകണക്കിന് ഉദ്ധരണികൾ അക്ഷരത്തെറ്റുകളോടെ പകർത്തിയെഴുതി പ്രബന്ധമായി സമർപ്പിച്ചാണ് ഉന്നത മന്ത്രി കെ.ടി. ജലീൽ കേരള സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയതെന്ന് ഗവർണർക്ക് പരാതി. അദ്ദേഹത്തിന്റെ പ്രബന്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. പരാതി കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ പരിശോധനയ്ക്കു ഗവർണർ കൈമാറി.

ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം മൗലികമല്ലെന്നും വിദഗ്ധ പാനൽ പുനഃപരിശോധിക്കണമെന്നുമായിരുന്നു പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാന്പയിൻ കമ്മിറ്റിയാണ് ജലീലിന്റെ പിഎച്ച്ഡി ബിരുദത്തിനെതിരേ ഗവർണർക്കു പരാതി സമർപ്പിച്ചത്.

2006-ലാണ് കെ.ടി. ജലീൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്ഡി ബിരുദം നേടിയത്. മലബാർ കലാപത്തിൽ ആലി മുസ്ല്യാർക്കും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചായിരുന്നു പ്രബന്ധം പ്രബന്ധത്തിൽ ഗവേഷകന്റെ മൗലികമായ സംഭാവനകൾ കുറവാണെന്നും അതുകൊണ്ട് തന്നെ ഇത് പുനർമൂല്യനിർണയത്തിന് വിധേയമാക്കണമെന്നും ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. ക്യാംപയ്ൻ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകൾ കണ്ടെത്തിയിരുന്നു. പ്രബന്ധങ്ങൾ അപ്ലോഡ് ചെയ്യേണ്ട യുജിസിയുടെ പൊതുസൈറ്റിൽ ജലീലിന്റെ പ്രബന്ധം ലഭ്യമാകാത്തതുകൊണ്ട് വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്‌സിറ്റിയിൽനിന്ന് പ്രബന്ധത്തിന്റെ പകർപ്പ് ലഭ്യമാക്കുകയായിരുന്നു.

സിൻഡിക്കേറ്റ് നിലവിലില്ലാതിരുന്ന പ്രത്യേക കാലയളവിൽ വൈസ് ചാൻസലർ ആയിരുന്ന ഡോ. എം.കെ.രാമചന്ദ്രൻ നായർ ഇടപെട്ട് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജലീലിനു ഡോക്ടറേറ്റ് നൽകിയതെന്നു പരാതിയിൽ പറയുന്നു.

തന്റെ ഗവേഷണഫലം സാധൂകരിക്കാൻ ജലീൽ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികൾ പലതും വിഷയവുമായി ബന്ധമില്ലാത്തതാണ്. ഇവയ്ക്ക് വേണ്ട സൂചികകൾ ഉപയോഗിച്ചിട്ടില്ല. പ്രബന്ധം പകർത്തിയെഴുതിയതാണെന്ന ആരോപണം ഒഴിവാക്കാനായി ഉദ്ധരണികൾ വളച്ചൊടിച്ചാണ് കാണിച്ചിരിക്കുന്നത്. മൂലഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണികൾക്കു പകരം പലതവണ പകർപ്പിനു വിധേയമായവയാണ് ഉപയോഗിച്ചിരിക്കുന്നത് . അതുകൊണ്ടുതന്നെ പ്രബന്ധം അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണ്. വാരിയംകുന്നത്തു ഹാജിയുടെ പേര് അടുത്ത കാലത്ത് ചർച്ചാ വിഷയമായതിനെ തുടർന്നു മലബാർ ലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചപ്പോഴാണ് മന്ത്രിയുടെ പ്രബന്ധവും ശ്രദ്ധയിൽപെട്ടതെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപയ്ൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു