- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിയമക്കുരുക്കിൽ; ടി വി അനുപമക്കെതിരെ പ്രധാനമന്ത്രിക്ക് പരാതിയുമായി സി.സി.എഫ്.ഐ; അന്യസംസ്ഥാനത്തുപോയി പരിശോധന നടത്താൻ അവകാശമില്ല; പേഴ്‌സണൽ മന്ത്രാലയത്തിനും അതൃപ്തി
കണ്ണൂർ: സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി.വി. അനുപമക്കെതിരെ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം അതൃപ്തി പ്രകടിപ്പിച്ചതായറിയുന്നു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനു വിരുദ്ധമായി അന്യസംസ്ഥാനത്തു പോയി ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചതാണ് പഴ്‌സണൽ മന്ത്രാലയം ഗൗരവപൂർവമെടുത്തിരിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത നടപടികളെക്കുറിച്ചുള്
കണ്ണൂർ: സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി.വി. അനുപമക്കെതിരെ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം അതൃപ്തി പ്രകടിപ്പിച്ചതായറിയുന്നു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനു വിരുദ്ധമായി അന്യസംസ്ഥാനത്തു പോയി ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചതാണ് പഴ്‌സണൽ മന്ത്രാലയം ഗൗരവപൂർവമെടുത്തിരിക്കുന്നത്.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത നടപടികളെക്കുറിച്ചുള്ള പരാതികൾ പരിശോധിച്ച് നടപടി എടുക്കുന്ന പേഴ്‌സണൽ ആൻഡ് പബ്ലിക്ക് ഗ്രീവെൻസസ് വകുപ്പിലെ അണ്ടർ സെക്രട്ടറി ജി. ശ്രീനിവാസൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ അനുപമക്കെതിരെയുള്ള വക്കീൽ നോട്ടീസ് ചീഫ് സെക്രട്ടറിക്കയച്ചു. തമിഴ്‌നാട് പച്ചക്കറിയിൽ അമിത വിഷാംശമുണ്ടെന്ന അനുപമയുടെ റിപ്പോട്ടിനെതിരെ ക്രോപ്പ് കെയർ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നൽകിയിട്ടുണ്ട്. ഒരു അന്താരാഷ്ട്രസംഘടനയുടെ വെബ്‌സൈറ്റ് അപ്പടി പകർത്തിയാണത്രേ അനുപമ വിഷപ്പച്ചക്കറിയിലെ കീടനാശിനിക്കെതിരെ നടപടി ആരംഭിച്ചത്.
കഴിഞ്ഞ മാർച്ച് മുതൽ തമിഴ്‌നാട് പച്ചക്കറിയിൽ അമിത വിഷാംശമാണെന്ന് ആരോപിച്ച് കേരളത്തിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇതേ തുടർന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ടി.വി.അനുപമയുടെ നിർദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലെ പഴം -പച്ചക്കറി ഫാമുകളിൽ പോയി സാമ്പിളുകൾ ശേഖരിച്ചു. തുടർന്ന് പഴങ്ങളും പച്ചക്കറികളും പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. തമിഴ്‌നാട് പച്ചക്കറികളിലും പഴങ്ങളിലും അനുവദനീയമായതിലും അഞ്ചു മുതൽ പത്തുവരെ ഇരട്ടി വിഷാംശം അടങ്ങിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. കേരള കാർഷിക സർവ്വകലാശാല നടത്തിയ പരിശോധനയിലാണ് വിഷാംശങ്ങൾ കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ക്രോപ്പ് കെയർ ഫെഡറേഷൻ ഓഫ് ഇന്ത്യാ അധികൃതർ കാർഷിക സർവ്വകലാ ശാലക്ക് നോട്ടീസ് അയച്ചപ്പോൾ തമിഴ്‌നാട് പച്ചക്കറിയിൽ അമിതവിഷമുണ്ടെന്നു കണ്ടെത്തിയെന്ന വാദം നിഷേധിച്ചിരിക്കയാണ്.
രണ്ടായാരത്തി ആറിലെ കേന്ദ്ര ഫുഡ്് സേഫ്റ്റി സ്റ്റാൻഡേഡ് ആക്ട് പ്രകാരം അന്യസംസ്ഥാനങ്ങളിൽപ്പോയി ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാനവകാശമില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനരീതിയിൽ ഭക്ഷ്യസുരക്ഷാ നിയമം നിലനിൽക്കേ ഏകപക്ഷീയമായി മറ്റൊരു സംസ്ഥാനത്തു കടന്നുകയറി പരിശോധന നടത്താൻ പാടില്ല. അഥവാ പരാതിയുണ്ടെങ്കിൽ വിവരം ആ സംസ്ഥാനത്തിനു കൈമാറി മുൻകൂട്ടി അറിയിച്ച് സംയുക്തമായി പരിശോധിക്കാം. എന്നാൽ ഫാമുകൾക്കകത്തു പോയി പരിശോധന നടത്താൻ പാടില്ലെന്ന് നിയമം മൂലം വിലക്കിയിട്ടുമുണ്ട്. വിപണനസ്റ്റാളുകളിൽ പോയി മാത്രമേ സാമ്പിളെടുക്കാനും പരിശോധിക്കാനും പാടുള്ളൂ എന്നും നിയമം അനുശാസിക്കുന്നു.
കേരളത്തിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറും സംഘവും തമിഴ്‌നാട് ഫാമുകളിൽപോയാണ് സാമ്പിളുകൾ എടുത്തത്. ഇത് നിയമ വിരുദ്ധമാണ്. മാത്രമല്ല ഫെഡറൽ സംവിധാനമുള്ള രാജ്യത്തിലെ ഭരണഘടനാ വ്യവസ്ഥയുടെ ലംഘനവുമാണ്.
കേരളത്തിലെ ഫുഡ് സേഫ്റ്റി കമ്മീഷണർ ടി.വി. അനുപമ ഇല്ലാത്ത അധികാരം ഉപയോഗിച്ച് അന്യസംസ്ഥാനത്ത് പോയി സാമ്പിളുകൾ എടുക്കാൻ നിർദേശിച്ചത് ഗുരുതരമായ കുറ്റമാണ്. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ഭക്ഷ്യസുരക്ഷാ അധികൃതർ തമിഴ്‌നാട്ടിൽ പോയി സാമ്പിളുകൾ ശേഖരിച്ചതെന്ന് ക്രോപ്പ് കെയർ ഫൗണ്ടേഷൻ ചോദിച്ചിരുന്നു. ഭക്ഷ്യശൃംഖല എവിടെയുണ്ടെങ്കിലും പരിശോധിക്കാമെന്നാണ് കമ്മീഷണർ മറുപടി നൽകിയത്.
ഭരണഘടനാപരമായ ലംഘനമാണ് കേരളത്തിന്റെ ഭക്ഷ്യസുരക്ഷാ കമ്മീഷണർ കാട്ടിയെതെന്ന് ആരോപിച്ച് ക്രോപ്പ് കെയർ ഫൗണ്ടേഷൻ വക്കീൽ നോട്ടീസ് അയച്ചിരിക്കയാണ്. യൂറോപ്യൻ യൂനിയനിലെ ഒരു നാച്ചുറൽ സൊസൈറ്റിയുടെ വെബ് സൈറ്റിൽ അമിത കീടനാശിനി പ്രയോഗിച്ചാലുണ്ടാകുന്ന രോഗങ്ങളുടെ വിവരം കാട്ടിയാണ് കേരളത്തിൽ പ്രചാരണം നടക്കുന്നത്. ഈ സംഘടനയുടെ സൈറ്റിൽ പറഞ്ഞ പ്രകാരം കാൻസർ, പൊണ്ണത്തടി, വന്ധ്യത എന്നീ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് പറയുന്നു. ഇത് ഉദ്ധരിച്ചാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ റിപ്പോർട്ട് തയ്യാറാക്കിയത്.
തമിഴ്‌നാട് പച്ചക്കറിയിൽ കീടനാശിനിയുടെ പ്രയോഗം അമിതമായി ഉണ്ടെങ്കിൽ നിയമാനുസൃതം പരിശോധന നടത്താൻ കേരള ഭക്ഷ്യ സുരക്ഷാ കമ്മീഷണർ തയ്യാറാകേണ്ടതായിരുന്നു. പച്ചക്കറികളിലെ വിഷം നിർണ്ണയിക്കുന്നതിന്റെ ഗവേഷണ പദ്ധതി കോഡിനേറ്ററായ ഡോ. കെ.കെ.ശർമ്മയെ പരിശോധനക്ക് പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാമായിരുന്നു. അതനുസരിച്ച് പരിശോധന നടത്തിയാൽ തമിഴ്‌നാട് പച്ചക്കറിയിലെ കീടനാശിനി പ്രയോഗം അമിതമാണെങ്കിൽ കണ്ടെത്താനും നടപടിയെടുക്കാനും കഴിയുമായിരുന്നു. ആരോപണവിധേയരായ തമിഴ്‌നാട്ടിൽ പോയി ആരോപണമുന്നയിക്കുന്ന കേരള ഉദ്യോഗസ്ഥർ നേരിട്ടെത്തി ഏക പക്ഷീയമായി സാമ്പിളെടുത്ത് പരിശോധന നടത്തിയാൽ യഥാർത്ഥ വസ്തുത പുറത്തറിയിക്കാനാവില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും ഭരണഘടനാ ലംഘനവും ഉയർത്തിക്കാട്ടി അവർക്ക് കേരളത്തെ നേരിടാനാവുകയും ചെയ്യും.