കണ്ണൂർ: തലശ്ശേരി പൊലീസ് നത്തെിയ സദാചാര അതിക്രമത്തിന്റെ ഇരയായ പ്രത്യൂഷിന്റെ ഭാര്യ മേഘ പൊലീസിനെതിരെ പുതിയ ആരോപണവുമായി രംഗത്ത്. പൊലീസ് അപമാനിക്കുന്നത്് തുടരുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഭർത്താവിനെ കാണാൻ സബ് ജയിലിൽ ചെന്നപ്പോൾ പൊലീസുകാർ പരിഹസിച്ചു. ഒരു ഇന്റർവ്യൂ കൂടി കൊടുത്തിട്ട് കാണാൻ വരൂ എന്നായിരുന്നു പറഞ്ഞത്.പൊലീസിന്റെ പെരുമാറ്റം അപമാനിക്കുന്ന രീതിയിലാണെന്നും മേഘ പറഞ്ഞു.

ജാമ്യം കിട്ടിയതോടെ മാനസീക സംഘർഷം കുറഞ്ഞു. പ്രത്യുഷ് ഏഴ് പൊലീസുകാരെ മർദ്ദിച്ചു എന്ന പൊലീസ് വാദം കളവാണെന്നും മേഘ പറഞ്ഞു. അതെങ്ങനെ സാധിക്കുമെന്നാണ് അവർ ചോദിച്ചത്. തലശ്ശേരി മജിസ്‌ട്രേട്ട് കോടതിയാണ് പൊലീസിന്റെ ആക്രമണത്തിന് ഇരയായ പ്രത്യുഷിന് ജാമ്യം അനുവദിച്ചത്. പൊലീസിനെ ആക്രമിച്ചു , കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് തലശ്ശേരി പൊലീസ് പ്രത്യുഷിനെതിരെ കേസെടുത്തിരുന്നത്. ഈ കേസിൽ പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയിൽ കടൽപ്പാലം കാണാൻ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടൽപ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്‌തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു.

തലശ്ശേരിയിൽ ദമ്പതികൾക്ക് നേരെ പൊലീസ് അതിക്രമം നടത്തിയ സംഭവത്തിൽ നിർണായക മെഡിക്കൽ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൊലീസ് കേസിൽ പ്രതിയാക്കി ജയിലിൽ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളായിരുന്നു ഇത്. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോർട്ട്.

പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റു എന്ന വൂണ്ട് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്. പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട്ട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി. പൊലീസ് അകാരണമായി മർദ്ദിക്കുകയും അസഭ്യ വർഷം നടത്തുകയുമായിരുന്നുവെന്ന് കാണിച്ച് പ്രത്യുഷിന്റെ ഭാര്യ മേഘ മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. കേസിൽ തലശ്ശേരി ഇൻസ്‌പെക്ടർക്കും എസ്‌ഐക്കുമെതിരെ വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ഇരുവരെയും വെള്ളപൂശുന്ന വിധത്തിലാണ് റിപ്പോർട്ടു പുറത്തുവന്നത്.