തിരുവനന്തപുരം: മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ കലർത്തുന്നു എന്ന പി.സി.ജോർജിന്റെ വിവാദ പ്രസ്താവനയ്ക്ക് എതിരെ പരാതി.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആണ് പ്രസംഗത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു വിദ്വേഷപരാമർശങ്ങൾ.

പി സി ജോർജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് പരാതിയിൽ പറയുന്നു. 'കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലീങ്ങളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു.' തുടങ്ങിയ ആരോപണങ്ങളാണ് പി സി ജോർജ് പ്രസംഗത്തിൽ ഉന്നയിച്ചതെന്ന് പരാതിയിൽ പറയുന്നു.

സംസ്ഥാനത്തെ ക്ഷേത്രങ്ങൾ സർക്കാർ ഭരിക്കുന്നത് അവസാനിപ്പിക്കണമെന്ന് പി സി ജോർജ് പ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനായുള്ള ഇടപെടൽ ഹൈന്ദവ സംഘടനകൾ ഏറ്റെടുക്കണം. ക്ഷേത്ര ഭരണത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ഒരു പൈസ പോലും കാണിക്കയായി നൽകരുത്. സർക്കാരിന് കടമെടുക്കാനുള്ള സ്ഥാപനങ്ങളാണ് ഹൈന്ദവ ക്ഷേത്രങ്ങളെന്നും പി സി ജോർജ് ആരോപിച്ചു.

പി സി ജോർജ്ജിന്റെ പ്രസംഗത്തിനെതിരെ ഷാഫി പറമ്പിൽ എംഎൽഎയും രംഗത്തെത്തി. തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പൊലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോർജെന്നും ഷാഫി പറമ്പിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി സി ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പൊലീസിന് എന്താണ് തടസ്സം എന്നു മനസ്സിലാവുന്നില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം ചോദിച്ചു. എന്തു അടവുനയത്തിന്റെ ഭാഗമാണെങ്കിലും ശരി, ഈ നിലയിൽ അപകടകരമായ വെറുപ്പ് വളർത്തുന്നവർക്കു മുൻപിൽ ആഭ്യന്തര വകുപ്പ് ഇനിയും കയ്യും കെട്ടി നോക്കി നിൽക്കുകയാണെങ്കിൽ കേരളത്തിൽ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്നും ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു. സംഘപരിവാറിന്റെ മെഗാഫോണായി പി സി ജോർജ് അധഃപതിച്ചെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ പി സി ജോർജ് ശ്രമിക്കരുതെന്ന് കെ മുരളീധരൻ എംപിയും ആവശ്യപ്പെട്ടു.

പിസിയുടെ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് സഹോദരന്റെ മകൻ

പി സി ജോർജ്ജിന്റെ വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് സഹോദരന്റെ മകൻ വിയാനി ചാർളി രംഗത്തെത്തി. മുസ്ലിം മതവിഭാഗത്തെകുറിച്ച് പി സി ജോർജ്ജ് പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിയാനി ചാർളി ഫേസ്‌ബുക്കിൽ കുറിച്ചു.

'എന്റെ പിതാവിന്റെ ജേഷ്ഠ സഹോദരൻ ആണ് പിസി ജോർജ്. ഇന്നലെ അദ്ദേഹം നടത്തിയ മുസ്ലിം മത വിഭാഗത്തെ കുറച്ചു പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നു. നിരവധി മുസ്ലിം സഹോദരങ്ങൾ വ്യക്തിപരമായി മെസ്സേജുകൾ അയച്ചു ചോദിക്കുകയുണ്ടായി. അവരുടെയൊക്കെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ സാധിക്കുന്നു.' വിയാനി ചാർളി ഫേസ്‌ബുക്കിൽ കുറിച്ചു.

(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05-2022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല: എഡിറ്റർ)