മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഗർഭിണിയായ യുവതിയെ കൊണ്ട് ആശുപത്രിയിലെ ശുചിമുറി കഴുകിച്ചതായി് പരാതി. ഗർഭിണിയായ യുവതിയുടെ ഗ്ലൂക്കോസ് അഴിച്ചു വെപ്പിച്ചതിന് ശേഷമാണ് വൃത്തിയാക്കിപ്പിച്ചതെന്നാണ് പരാതി. ഗർഭിണിയായ ഇതര സംസ്ഥാന യുവതിയെ കൊണ്ടാണ് ശുചിമുറി കഴുകിച്ചത്.ഉപയോഗിച്ച ശേഷം ശുചിമുറി വൃത്തിയാക്കിയില്ല എന്നാരോപിച്ചാണ് കഴുകിച്ചതായി പറയുന്നത്.ഗർഭിണിയായ യുവതിയുടെ ഗ്ലൂക്കോസ് അഴിച്ചു വെപ്പിച്ചതിന് ശേഷമാണ് വൃത്തിയാക്കിപ്പിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ആസാം സ്വദേശിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഗർഭിണികളുടെ വാർഡിലെ ശുചിമുറി ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയെന്നും ഇതു യുവതിയാണ് എന്ന് ആരോപിച്ചുമാണ് ആശുപത്രി ജീവനക്കാർ അടുത്തദിവസം പ്രസവ തീയതിയുള്ള യുവതിയെ കൊണ്ട് തന്നെ ശുചിയാക്കിപ്പിച്ചത്. ആസാം സ്വദേശികളായ യുവതിക്കും കൂട്ടിരിപ്പുകാരിയായ അമ്മയും തങ്ങളല്ല ഇതു ചെയ്തതെന്ന് പലകുറി പറഞ്ഞെങ്കിലും ആശുപത്രി ജീവനക്കാർ ഇവരെ കേൾക്കാൻ തയ്യാറായില്ലെന്ന് പറയുന്നു.

ഇതോടെ ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയായിരുന്ന യുവതിയുടെ ഭർത്താവിനെ അമ്മ വിവരം അറിയിച്ചു. ഈ സ്ത്രീയുടെ കരച്ചിൽ കേട്ട് മറ്റുള്ളവർ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ നിർബന്ധിച്ച് ആരും യുവതിയെ കൊണ്ട് ഇത്തരത്തിൽ ചെയ്യിപ്പിച്ചിട്ടില്ലെന്ന് ആശുപത്രി ആർ.എം.ഒ. ഡോ. ബഹാവുദ്ധീൻ വിശദീകരിച്ചു.

സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ബന്ധപ്പെട്ടവരെ ചുമതലെപ്പടുത്തിയിട്ടുണ്ടെന്നും അടുത്ത ദിവസം റിപ്പോർട്ട് കിട്ടുന്നതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.