ന്യൂഡൽഹി: മോൺസൺ മാവുങ്കൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുമ്പോൾ വർഷങ്ങൾക്ക് മുൻപെ സമാന രീതിയിൽ തട്ടിപ്പ് നടത്തിയ മോൻസന്റെ ഒരു മുൻഗാമിയെക്കാണാം.ഇല്ലാത്ത കഥകൾ പറഞ്ഞും പ്രചരിപ്പിച്ചും പ്രമുഖരെപ്പോലും പറ്റിച്ച് കോടികൾ തന്റെ അക്കൗണ്ടിലെത്തിച്ച ഒരു വിരുതൻ.കുപ്രസിദ്ധിയാണെങ്കിലും ചരിത്രത്തിൽ അത്രപെട്ടെന്ന് മറന്നുപോകുന്ന പേരല്ല അത്.. ബീഹാറി സ്വദേശി മിതിലേഷ് കുമാർ ശ്രീവാസ്തവ എന്ന നട്‌വർ ലാൽ.പല പ്രമുഖരുടെയും വ്യജ ഒപ്പുകൾ ഇട്ടായിരുന്നു നടവർ ലാലിന്റെ വളർച്ച.ഇങ്ങനെ അയാൾ സമ്പാദിച്ചത് കോടികളും. പലകേസുകളിലും പിടിക്കപ്പെടൽ പതിവായപ്പോൾ ജയിൽ ചാട്ടവും അയാൾ പതിവാക്കി.സമാനതകളില്ലാത്ത ഒരു കള്ളന്റെ ജീവിതമായിരുന്നു നട്‌വർ
ലാൽ.

മോൻസൺ വിൽപ്പനയ്ക്കായി ഉപയോഗിച്ചത് ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, മോശയുടെ അംശവടി, ടിപ്പുവിന്റെ സിംഹാസനവുമൊക്കെയാണെങ്കിലും നടവാർലാലിന്റെ മാർഗ്ഗം ഇതൊന്നുമായിരുന്നു.നമ്മുടെ കൺമുന്നിൽ തലയുയർത്തി നിൽക്കുന്ന താജ്മഹലും ചെങ്കോട്ടയും പാർലമെന്റ് മന്ദിരവും ഒക്കെയായിരുന്നു നട്‌വർ ലാൽ വിൽപ്പനക്ക വെച്ചത്. ഇന്ത്യയുടെ അഭിമാനമായ താജ്മഹൽ മൂന്നു തവണ വിദേശികൾക്കു വിറ്റപ്പോൾ ചെങ്കോട്ട രണ്ടു തവണയും ഒരു തവണ രാഷ്ട്രപതിഭവനും ഇയാൾ വിൽപന നടത്തി. എന്തിന് അധികം പറയുന്നു ഇന്ത്യൻ പാർലമെന്റും ഒരു വിദേശ പൗരന് വൻ തുകയ്ക്കു വിറ്റിട്ടുണ്ട് ഈ നട്വർലാൽ.

1912ൽ ബിഹാറിലെ ബംഗ്ര ഗ്രാമത്തിൽ ഒരു സ്റ്റേഷൻ മാസ്റ്ററുടെ മകനായാണ് മിതിലേഷ് കുമാർ ശ്രീവാസ്തവയെന്ന നട്‌വർ ലാൽ ജനിച്ചത്.ചില ഡ്രാഫ്റ്റുകൾ ബാങ്കിൽ ഏൽപിക്കാൻ കൊടുത്തുവിട്ട അയൽവാസിയുടെ ഒപ്പ് കോപ്പിയടിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 1000 രൂപ പിൻവലിച്ചാണ് നട്വർലാൽ തന്റെ കരിയർ ആരംഭിച്ചത്.സ്‌കൂൾ കാലം കഴിഞ്ഞ് ബിരുദ പഠനത്തിനായി കൊൽക്കത്തയിലേക്കു മാറിയതോടെ പണത്തിന് കൂടുതൽ ആവശ്യം വികയും ഇത്തരം ചെറിയ തട്ടിപ്പുകളിലുടെ തനിക്ക് വേണ്ട ഗുണം ഉണ്ടാകില്ലെന്നും അയാൾ തിരിച്ചറിഞ്ഞു.ഇങ്ങനെയാണ് വലിയ വലിയ തട്ടിപ്പിലേക്ക് തിരിഞ്ഞത്.

ലൈംഗികത്തൊഴിലാളികളെ സന്ദർശിച്ച് അവർക്കു മദ്യം നൽകിയശേഷം പണവും ആഭരണങ്ങളും കവർന്നു കടന്നു കളയുന്നതായിരുന്നു ആദ്യത്തെ രീതി. 1937ൽ 9 ടൺ ഇരുമ്പ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് പിടിക്കപ്പെടാൻ സാധ്യത കുറഞ്ഞ തട്ടിപ്പിലേക്കു തിരിയാൻ നട്‌വർ ലാൽ തീരുമാനിച്ചത്.ഇതിനായി അയാൾ തെരഞ്ഞെടുത്തത് ആരുടെയും ഒപ്പ് അനുകരിക്കാൻ കഴിവുള്ള തന്റെ കഴിവ് വളർത്തുകയായിരുന്നു.

തട്ടിപ്പിന്റെ ഉദ്ഘാടനമെന്നോണം ധീരുഭായ് അംബാനി ഉൾപ്പെടെ ഒട്ടേറെപ്പേരുടെ ഒപ്പുകൾ അനുകരിച്ചു ലക്ഷങ്ങളുടെ തട്ടിപ്പാണു പിന്നീടു നട്വർലാൽ നടത്തിയത്.പാർലമെന്റ് മന്ദിരം അന്നത്തെ അംഗങ്ങളെയുൾപ്പെടെ വിൽപന നടത്താൻ ഉപയോഗിച്ചതു രാഷ്ട്രപതി സാക്ഷാൽ രാജേന്ദ്ര പ്രസാദിന്റെ വ്യാജ ഒപ്പ്. ഇന്ദ്രപ്രസ്ഥ ഓട്ടമൊബീൽസ് എന്ന കമ്പനിയുടെ ഡയറക്ടർ ചമഞ്ഞാണ് രാജ്യത്തെ ഒരു പ്രമുഖ ബാങ്കിലെത്തി കമ്പനിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19 ലക്ഷം രൂപയും ഇയാൾ പിൻവലിച്ചത്.തുടർന്ന് താജ് മഹലിലൂടെയും ചെങ്കോട്ടയിലുടെയും അയാൾ തന്റെ തട്ടിപ്പുകൾ വ്യാപിപ്പിച്ചു.

പല കേസുകളിലും പിടിക്കപ്പെട്ടപ്പോൾ അതുപോലെ ജയിൽ ചാട്ടവും നട്‌വർ ലാൽ പതിവാക്കി.ജയിൽചാട്ടത്തിലും ഉണ്ടായിരുന്നു ഒരു നട്‌വർ ലാൽ ടച്ച്.1957ൽ ഒരു കേസിൽ ജയിലിലായ നട്വർലാൽ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം കൈക്കലാക്കിയാണു കാൺപുർ ജയിലിൽ നിന്നു ചാടിയത്.യൂണിഫോം ധരിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡുകളുടെ സല്യൂട്ട് സ്വീകരിച്ച് പ്രധാന ഗേറ്റിലൂടെ കൂളായി അയാൾ
ജയിലിനു വെളിയിലെത്തി. പുറത്തെത്തിയപ്പോഴാണ് തങ്ങൾ സല്യൂട്ട് ചെയ്തത് നട്‌വർ ലാലിന് ആണെന്ന് മനസിലായത്.

ഇവിടെയും തീർന്നില്ല തന്നെ സഹായിച്ച സെല്ലിലെ കാവൽക്കാർക്ക് ഒരു സ്യൂട്‌കേസ് നിറയെ പണം സമ്മാനിച്ചായിരുന്നു ചാട്ടം.കാവൽക്കാർ പിന്നീടു സ്യൂട്‌കേസ് പരിശോധിച്ചപ്പോൾ ഉള്ളിലുണ്ടായിരുന്നതു വെറും പത്രക്കടലാസുകളായിരുന്നു.8 സംസ്ഥാനങ്ങളിലായി
നട്വർലാലിനെതിരെ നൂറിലേറെ കേസുകളാണു രജിസ്റ്റർ ചെയ്തത്. എല്ലാത്തിലുമായി വിവിധ കോടതികൾ വിധിച്ചത് 113 വർഷത്തെ തടവ്. പക്ഷെ അയാൾ ജയിലിൽ കിടന്നത് 20 വർഷത്തോളം മാത്രം.

1996ൽ 84ാം വയസ്സിലാണു നട്വർലാൽ അവസാനം അറസ്റ്റിലാകുന്നത്. അപ്പോഴേക്കു പ്രായാധിക്യത്തിന്റെ അവശതകൾ മൂലം വീൽചെയറിലായിരുന്നു.ആ ആരോഗ്യാവസ്ഥയിലും നട്വർലാൽ ജയിൽ ചാടി. ആശുപത്രിയിലേക്കു ചികിത്സയ്ക്കു മാറ്റുന്നതിനിടെ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ നട്വർലാലിനെ പിന്നീടാരും കണ്ടിട്ടില്ല.2009ൽ ഇയാളുടെ വക്കീൽ കോടതിയെ സമീപിച്ച് നട്വർലാൽ അക്കൊല്ലം ജൂലൈ 25ന് മരിച്ചതായും അയാളുടെ പേരിലുള്ള കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.തൊട്ടുപിന്നാലെ നട്വർലാലിന്റെ സഹോദരൻ, അയാളെ കാണാതായ 1996ൽതന്നെ റാഞ്ചിയിൽ മൃതദേഹം കണ്ടെത്തിയിരുന്നെന്നും തങ്ങൾ സംസ്‌കരിച്ചെന്നും അവകാശപ്പെട്ടു രംഗത്തെത്തി. അങ്ങിനെ ഇന്നും ദൂരൂഹമായി തുടരുകയാണ് നട്‌വർലാലിന്റെ ജീവിതം.

നട്വർലാലിനെയും വിക്ടർ ലസ്റ്റിഗിനെയും പോലെ സമൂഹത്തിലെ ഉന്നതരെയും ധനികരെയും അധികാരികളെയുമെല്ലാം കലാപരമായി വഞ്ചിക്കുന്ന തട്ടിപ്പുകാരെ കോൺ ആർട്ടിസ്റ്റ് എന്നാണു വിളിക്കുക. വിശ്വസിക്കാനാകാത്ത തരത്തിൽ ആളുകളെ വഞ്ചിച്ച് കുപ്രസിദ്ധി നേടിയ കോൺ ആർട്ടിസ്റ്റുകൾ വേറെയുമുണ്ട് ചരിത്രത്തിൽ. മോൻസൻ മാവുങ്കൽ ഇതുവരെയുള്ളതിൽ അവസാനത്തേതു മാത്രം. തട്ടിപ്പിലൂടെ സ്വന്തമാക്കിയ സമ്പാദ്യത്തിന്റെ ഒരു വിഹിതം സ്വന്തം നാട്ടിലെ പാവങ്ങൾക്കു നൽകിയിരുന്നതിനാലാണ് മറ്റു കോൺ ആർട്ടിസ്റ്റുകളിൽ നിന്നും നട്‌വർ ലാൽ വ്യത്യസ്തനായത്. 'ബംഗ്രയിലെ റോബിൻഹുഡ്' എന്നും പേരു കിട്ടിയ നട്വർലാൽ നാട്ടുകാർക്ക് സ്വീകാര്യനായിരുന്നു.