തിരുവനന്തപുരം: കഴക്കൂട്ടം എജെ ആശുപത്രിയിൽ ക്യാന്റീന് മുന്നിലെ പാർക്കിങ് ഏരിയയിൽ സ്‌കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി വാക്കേറ്റം. തർക്കത്തിനിടെ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായും യുവതി ജീവനക്കാരനെ കൈയേറ്റം ചെയ്തതായും പരാതി. ഇരുകൂട്ടർക്കുമെതിരേ കഴക്കൂട്ടം പൊലീസ് കേസെടുത്തു.

മേനംകുളം സ്വദേശിനിയായ യുവതി തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ കഴക്കൂട്ടത്തെ ആശുപത്രിക്കുമുന്നിൽ സ്‌കൂട്ടർ നിർത്തിവെച്ചു. ആശുപത്രിയിലേക്കു വന്നതല്ലാത്തതുകൊണ്ട് അവിടെ പാർക്ക് ചെയ്യരുതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. താൻ വാഹനം പാർക്ക് ചെയ്തിട്ടു പോകാനല്ല, കാന്റീനിൽ ചായ കുടിക്കാനാണ് വന്നതെന്ന് യുവതി പറഞ്ഞു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. ചായ കുടിക്കുകയായിരുന്ന ഒരു ആശുപത്രിജീവനക്കാരനും തർക്കത്തിലേർപ്പെട്ടു. തന്നെ തെറിവിളിച്ചെന്നും ആശുപത്രി ജീവനക്കാരൻ തന്റെ മുഖത്തു ചായ ഒഴിച്ചെന്നും യുവതി പിന്നീട് കഴക്കൂട്ടം പൊലീസിൽ പരാതി കൊടുത്തു.

എന്നാൽ മെഡിക്കൽ കോളേജിന് സമീപത്തെ വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി സ്ഥിരമായി ആശുപത്രി പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്ത് പോകുകയാണെന്നും ആശുപത്രിയിൽ തിരക്കുള്ളതിനാൽ രോഗികളുടെ ബന്ധുക്കളുടെ വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ സ്ഥലം തികയുന്നില്ലെന്നും അതുകൊണ്ടാണ് യുവതിയോട് വാഹനം മാറ്റാൻ ആവശ്യപ്പെട്ടതെന്നുമാണ് ആശുപത്രി അധികൃതരുടെ പക്ഷം.

വാഹനം മാറ്റാൻ ആവശ്യപ്പെട്ട സെക്യുരിറ്റി ജീവനക്കാരനെ യുവതിയും അമ്മയും ചേർന്ന് കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് മറുപക്ഷവും പരാതി കൊടുത്തു്. രണ്ട് സ്ത്രീകൾ ആശുപത്രി ജീവനക്കാരനെ കയ്യേറ്റം ചെയ്യുന്നത് കണ്ട് ക്യാന്റീനിൽ ചായ കുടിച്ചുകൊണ്ടിരുന്ന ആശുപത്രി ജീവനക്കാരനും ഇടപെടുകയായിരുന്നു. എന്നാൽ അപ്പോൾ സ്ത്രീകൾ സെക്യുരിറ്റിയെ വിട്ട് ജീവനക്കാരന്റെ ഷർട്ടിന് പിടിച്ചപ്പോഴാണ് കയ്യിലിരുന്ന ചായ അബദ്ധത്തിൽ അവരുടെ ദേഹത്ത് തെറിച്ചതെന്ന് ആശുപത്രി ആധികൃതർ ആരോപിക്കുന്നു.

ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങൾ കഴക്കൂട്ടം പൊലീസിന് സമർപ്പിച്ചിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളിൽ ഉന്തും തള്ളുമുണ്ടായതായി കാണുന്നു. കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ചിട്ടാകും് തുടർനടപടികളെടുക്കുകയെന്ന് കഴക്കൂട്ടം എസ്എച്ച്ഒ അറിയിച്ചു.