ന്യൂഡൽഹി: ബാറുകൾ തുറക്കുന്നതിനായുള്ള സുപ്രീംകോടതിയിലെ നിയമപോരാട്ടം ഫലം കാണില്ലെന്ന് ഉറപ്പായതോടെ ബാർ ഉടമകളുടെ അസോസിയേഷനിൽ ഭിന്നത രൂക്ഷം. ബാർ കോഴ ആരോപണത്തിൽ ധനമന്ത്രി കെ എം മാണിക്കെതിരെ നിലപാട് എടുത്താൽ കേസിൽ വിട്ടുവീഴ്ചയുണ്ടാകുമെന്ന ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് ബാറുടമകളെ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ലക്ഷക്കണക്കിന് രൂപ കേസ് നടത്തിപ്പിനായി നൽകുകയും ചെയ്തു. എന്നാൽ സുപ്രീംകോടതിയിൽ ബാറുടമകൾക്ക് എതിരെ ശക്തമായ വാദങ്ങൾ സർക്കാർ നിരത്തി. ഇതോടെ കേരള സർക്കാരിന്റെ പുതിയ മദ്യനയത്തെ അനുകൂലിക്കുന്ന ഒട്ടേറെ നിരീക്ഷണങ്ങൾ സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായി.

ലൈസൻസ് കാലാവധി പൂർത്തിയാകുന്നതോടെ വീണ്ടും പുതുക്കി നൽകണമെന്ന ബാറുടമകളുടെ വാദം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ ലൈസൻസ് അവകാശപ്പെടാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ലൈസൻസ് നൽകിയത് വിവേചനപരമാണെന്നും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമുള്ള ബാറുടമകളുടെ വാദം കോടതി അംഗീകരിച്ചില്ല. മദ്യവില്പന മൗലികാവകാശമായി കാണാനാവില്ല. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വിക്രംജിത്ത് സെൻ, ശിവകീർത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിന്റെ മദ്യനയത്തെ അനുകൂലിക്കുന്ന നിലപാടാണ് പൊതുവെ സ്വീകരിച്ചത്. ഇതോടെയാണ് ബാറുടമകളിൽ ഭിന്നത രൂക്ഷമായത്.

ബാറുകൾ പൂട്ടേണ്ടി വരുമെന്ന് ഉറപ്പായതോടെയാണ് ധനമന്ത്രി കെഎം മാണി അടക്കമുള്ളവർക്ക് എതിരെ ആരോപണവുമായി ബിജു രമേശ് രംഗത്ത് വന്നത്. ബാറുടമാ അസോസിയേഷന്റെ പിന്തുണയുമുണ്ടായിരുന്നു. എന്നാൽ പതിയെ ബിജു രമേശുമായി രാജ്‌മോഹൻ ഉണ്ണിയുടെ നേതൃത്വത്തിലെ ബാറുടമാ അസോസിയേഷനിലെ ഒരു വിഭാഗം തെറ്റി. ഇതോടെ കേസിൽ നിന്ന് മാണി അടക്കമുള്ളവർ രക്ഷപ്പെടുകയും ചെയ്തു. ബിജു രമേശ് പറഞ്ഞത് ശരിവയ്ക്കാതെ മൊഴി നൽകിയാണ് ബാറുടമാ അസോസിയേഷനിലെ ഒരു വിഭാഗം മാണിക്ക് അനുകൂലമായി നീങ്ങിയത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി സംഘടിപ്പിച്ച് ബാറുകൾ തുറക്കാൻ അവസരം ഒരുക്കാമെന്നായിരുന്നു ധാരണ. എന്നാൽ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കടുംപിടിത്തം പിടിച്ചതോടെ ഇത് അവതാളത്തിലായി. അങ്ങനെയാണ് കേസിൽ സർക്കാർ കടുത്ത നിലപാട് എടുത്തതും കോടതി പരാമർശങ്ങൾ ബാറുടമകൾക്ക് എതിരായതും.

സംസ്ഥാന മദ്യനയം ചോദ്യം ചെയ്തുള്ള കേസിൽ കണ്ണൂരിലെ സ്‌കൈ പേൾ എന്ന ഫോർ സ്റ്റാർ ഹോട്ടലിന് വേണ്ടി ഇന്ത്യാ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന നിയമോപദേഷ്ടാവായ അറ്റോർണി ജനറൽ മുകുൽ റോഹ്തഗി വീണ്ടും ഹാജരായി. അതേസമയം, മുതിർന്ന അഭിഭാഷകൻ അര്യാമ സുന്ദരം വാദം തുടർന്നുകൊണ്ടിരുന്നതിനാൽ റോഹ്തഗിക്ക് വാദം നടത്താനായില്ല. കേസിൽ ഇന്ന് ബാറുടമകൾക്ക് വേണ്ടി റോഹ്തഗിയും മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേയും വാദം നടത്തുമെന്ന് അറിയുന്നു. ഇതിനെല്ലാം ലക്ഷങ്ങളുടെ ചെലവുണ്ട്. സർക്കാർ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബാറുകൾ വീണ്ടും ലക്ഷങ്ങൾ കേസ് നടത്തിപ്പിന് നൽകിയത്. ഇതെല്ലാം വെറുതെയായി. ബിജു രമേശിനെ പിന്തുണച്ചെങ്കിൽ സർക്കാരിനെങ്കിലും പണി കൊടുക്കാമായിരുന്നു. അതിനും കഴിഞ്ഞില്ല, ബാറുകൾ തുറക്കുന്നുമില്ലെന്ന അവസ്ഥയിൽ കാര്യങ്ങളെത്തിയതാണ് ബാറുടമകളുടെ പ്രതിഷേധത്തിന് കാരണം.

പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്ന സംസ്ഥാന സർക്കാരിന്റെ മദ്യനയം ചോദ്യം ചെയ്താണ് ഫോർ സ്റ്റാർ, ത്രീ സ്റ്റാർ, ടൂ സ്റ്റാർ ബാറുടമകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. എന്നാൽ സമ്പൂർണ മദ്യനിരോധനം പെട്ടെന്ന് കൊണ്ടുവരുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പരിഷ്‌കാരങ്ങൾ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതാണ് എപ്പോഴും നല്ലത്. അതിന് വേണ്ടിയായിരിക്കാം പത്ത് ശതമാനം ഔട്ട്‌ലെറ്റുകൾ പ്രതിവർഷം അടയ്ക്കുമെന്ന് നയത്തിൽ പറയുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് എന്നതിലൂടെ ടൂറിസം മേഖല തകരാതിരിക്കാനായിരിക്കാം ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു.

ബിവറേജസ് ഔട്ട്‌ലെറ്റ് വഴിയാണ് 80 ശതമാനം മദ്യവില്പന നടക്കുന്നതെന്നും പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർലൈസൻസ് നൽകുന്നത് വിവേചനപരമാണെന്നും ബാർ ഹോട്ടൽ അസോസിയേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അര്യാമ സുന്ദരം വാദിച്ചു. അതേസമയം, സംസ്ഥാനങ്ങൾക്ക് മദ്യവില്പനയിൽ കുത്തകയാകാമെന്ന് സുപ്രീംകോടതിയുടെ മുൻ വിധികൾ വ്യക്തമാക്കുന്നുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. അതിനാൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ലൈസൻസ് നൽകിയ നടപടി മാത്രമാണ് ചോദ്യം ചെയ്യാനാവുക. അങ്ങനെയെങ്കിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേസിൽ കക്ഷിയാകേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു.

ആരാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വേണ്ടി ഹാജരാകുന്നതെന്ന ചോദ്യത്തിന് സംസ്ഥാന സർക്കാർ തന്നെയാണെന്ന് ബാറുടമകൾ വ്യക്തമാക്കി. സർക്കാരിനെ പരിഹസിക്കുന്ന ഈ പ്രസ്താവന പിൻവലിക്കണമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരിയും സ്റ്റാൻഡിങ് കോൺസൽ രമേശ് ബാബുവും ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങൾ നടക്കാത്ത ഒരു സമൂഹമെന്നതാണ് എല്ലാ ഭരണകൂടവും ആഗ്രഹിക്കുന്നത്. എന്നാൽ അത് എളുപ്പമല്ല. അത്തരത്തിൽ ഇതിനെയും കാണണം. മദ്യലഭ്യത കുറയുന്നതിലൂടെ മദ്യ ഉപയോഗവും കുറയും. മദ്യ ഉപഭോക്താക്കൾ മാറുമെന്ന് പ്രതീക്ഷിക്കാം. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചതിലൂടെ പുകവലിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു. ബാറുകൾ അടച്ചിട്ടതോടെ ആളുകൾ കുപ്പിയുമായി വീടുകളിൽ വന്ന് മദ്യപിക്കുകയാണെന്ന് ബാറുടമകൾ വാദിച്ചു. അത് എല്ലായിടത്തും നടക്കില്ലെന്ന് ബെഞ്ച് തിരിച്ചടിച്ചു. ഇതോടെ കേസിന്റെ വിധി എങ്ങനെയാകുമെന്ന് ബാറുടമകൾക്ക് വ്യക്തമാവുകയും ചെയ്തു.