തൃശൂർ: ചന്ദ്രോബോസ് കൊലപാതക കേസിൽ ഇപ്പോൾ നടന്നുവരുന്നതു നിസാമിന്റെ പണം പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട് പൊലീസിലുള്ള തർക്കവും പാരവയ്പും. കേസന്വേഷിക്കുന്ന പേരാമംഗലം പൊലീസും സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബും രണ്ടു ചേരിയിലായി നിന്നുള്ള പാരവയ്പാണ് കത്തുകളുടെയും ഫോട്ടോകളുടെയും രൂപത്തിൽ പുറത്തുവന്ന് വിവാദങ്ങളുയർത്തുന്നതും പരസ്പരം പല്ലിടകുത്തി മണപ്പിക്കുന്നതും. ഇതിലൂടെ പുറത്തു വരുന്നതാവട്ടെ നിസാമിനെ രക്ഷിക്കാൻ പണം വാങ്ങി നടത്തുന്ന നാണം കെട്ട കളികളും.

ചന്ദ്രബോസ് വധശ്രമക്കേസ് ഉണ്ടായപ്പോൾത്തന്നെ ലോട്ടറിയടിച്ച പ്രതീതിയായിരുന്നു തൃശൂർ പൊലീസിന്, പ്രത്യേകിച്ചു പേരാമംഗലം പൊലീസിന്. (സംസ്ഥാനത്തെ എ ഗ്രൂപ്പിൽപ്പെട്ട ചില നേതാക്കൾക്കും അങ്ങനെതന്നെ). പിന്നെ കേസിൽ എന്തെങ്കിലും റോൾ തങ്ങൾക്കും കിട്ടണമെന്ന പരക്കം പാച്ചിലിലായിരുന്നു ഓരോരുത്തരും. നിസാം കോടികളെറിയുമെന്നു മുന്നനുഭവങ്ങളിൽനിന്നു വ്യക്തമായിരുന്നു ഏവർക്കും. പേരാമംഗലം പൊലീസ് സ്‌റ്റേഷനിൽത്തന്നെ അഞ്ചോ ആറോ കേസുണ്ട് നിസാമിനെതിരേ.

നിസാം പിടിയിലായ ഉടൻ തന്നെ കേസിന്റെ വകുപ്പുകൾ പറഞ്ഞ് നിസാമിനോട് പണം ആവശ്യപ്പെടാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമം തുടങ്ങിയിരുന്നു..ചന്ദ്രബോസിന്റെ ബന്ധുക്കളുമായി സംസാരിച്ച് ഒത്തുതീർപ്പ് ഫോർമുല ഉണ്ടാക്കാനും നിസാമിനുവേണ്ടി ഇവർ ശ്രമിച്ചു.രണ്ടുകോടി കൊടുത്തു പരാതി പിൻവലിക്കാനായിരുന്നു പൊലീസുൾപ്പെടെയുള്ള ഇടനിലക്കാരുടെ ശ്രമം. നിസാമിനെതിരേ ഗുണ്ടാനിയമമായ കാപ്പ ചുമത്താൻ എഡിജിപി ശങ്കർ റെഡ്ഡി നിർദേശിച്ചിട്ടും മൂന്നു സുപ്രധാന ക്രിമിനൽ കേസുകൾ കോടതിക്കു പുറത്ത് ഒത്തുതീർപ്പാകുന്നതും ഹൈക്കോടതി അവ റദ്ദാക്കന്നതും വരെ നടപടിക്രമങ്ങൾ വൈകിപ്പിച്ചു. ഇതെല്ലാം നിസാമിന്റെ കയ്യിൽ നിന്ന് തക്കതായ പ്രതിഫലം വാങ്ങിയായിരുന്നു. പേരാമംഗലം സ്റ്റേഷനിലെ പാറാവുകാരൻ മുതൽ മുകളിലോട്ടുള്ള നിരവധി ഉദ്യോഗസ്ഥർ ഈ പണത്തിന്റെ ഗുണഭോക്താക്കളായി മാറിയെന്നാണ് ആക്ഷേപം. അതിനു പുറത്തേക്കുകൂടി റോൾ കിട്ടാനുള്ള കളികൾ സിറ്റി പൊലീസ് ആസ്ഥാനത്തു കൊണ്ടുപിടിച്ചുനടന്നു.

ഇതിനിടെയാണ് അന്വേഷണസംഘം നിസാമുമായി ബാംഗ്ലൂരിലേക്ക് തെളിവെടുപ്പിനെന്ന വ്യാജേന ഉല്ലാസയാത്രയ്ക്കുപോയത്്. പൊലീസിന്റെ ജീപ്പ് അന്വേഷണസംഘത്തിലെ ഒരാളുടെ ചേലക്കരയിലുള്ള വീട്ടുവളപ്പിലിട്ട ശേഷം നിസാമിന്റെ റോൾസ് റോയിസ് കാറിലാണു പോയതത്രേ. ബാഗ്ലൂരിലെ നിസാമിന്റെ സമ്പത്തും ആസ്തികളുമൊക്കെ കണ്ട് കൂടെയുള്ള പൊലീസ് സംഘത്തിന്റെ കണ്ണു മഞ്ഞളിച്ചു. അവിടെ താമസിച്ച ഹോട്ടലിലെ റൂം ബോയിക്ക് പതിനായിരം രൂപ ടിപ്പായി കൊടുത്തതു കണ്ടപ്പോൾ, മുമ്പിൽപ്പെടുന്നവന്റെ പോക്കറ്റിൽ കൈയിട്ടുവാരി പരിചയമുള്ള പൊലീസുകാർ അന്ധംവിട്ടിട്ടുണ്ടാവണം. പിന്നെ അവിടെനിന്നു നിസാമിന്റെ കിങ്‌സ് ബീഡി കമ്പനിയുടെ ആസ്ഥാനമായ തിരുനൽവേലിയിലേക്ക്. അവിടെ 12000 തൊഴിലാളികളാണത്രേ.(പിന്നീടതു 3000 എന്നു തിരുത്തി) അവർക്കെല്ലാം നിസാം പ്രിയപ്പെട്ടവനാണത്രേ. എല്ലാം നിയമവിധേയമാണെന്നും നിസാം മഹാനാണെന്നും ഡീസന്റാണെന്നും പറഞ്ഞുള്ള റിപ്പോർട്ടിൽ എതിരായി അവർക്കൊന്നും പറയാനില്ല.

തെളിവെടുപ്പുയാത്ര ഉല്ലാസയാത്രയായിരുന്നെന്നു പത്രങ്ങളെഴുതിയപ്പോൾ കിട്ടിയ തക്കം മുതലെടുത്തു ആ പരാതി അന്വേഷിക്കാനെന്ന വ്യാജേന നിസാമിനെ ഒറ്റയ്ക്കു കണ്ടുള്ള സിറ്റിപൊലീസ് കമ്മീഷണർ ജേക്കബ് ജോബിന്റെ ചോദ്യം ചെയ്യൽ. അങ്ങനെ നിസാമിന്റെ പണം ലക്ഷ്യമിട്ടുള്ള അഡ്ജസ്റ്റ്‌മെന്റുകൾ തിരിച്ചും മറിച്ചും നടക്കുന്നതിനിടെ ചന്ദ്രബോസിന്റെ ദാരുണമരണം. കാര്യങ്ങൾ അതോടെ കൈവിട്ടു പോയി. പക്ഷേ തിരിച്ചു പിടിക്കാൻ വീണ്ടും കൊണ്ടുപിടിച്ച ശ്രമം. പണത്തിന്റെ വീതം വയ്ക്കലിലെ തർക്കത്തിനിടെയാണ് പരസ്പര പാര തുടങ്ങിയത്. സിറ്റി് പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബ് നിസാമിനെ ഒറ്റയ്ക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തതു നിസാമിനെ രക്ഷിക്കാനും നിസാമിന്റെ ഭാര്യയെ കേസിൽ പ്രതിയാക്കാതിരിക്കാനും ചോദ്യം ചെയ്യാതിരി്ക്കാനുമാണെന്ന ആരോപണമുയർത്തിയതു പേരാമംഗലം പൊലീസുമായി ബന്ധപ്പെട്ടവരാണ്. രണ്ടുപേരും സംസാരിക്കുന്ന ഫോട്ടോ പുറത്തുവിട്ടതും പാരയായിരുന്നു. ആ ചർച്ചയിൽ നിസാമിനോടു മൂന്നു കോടി ചോദിച്ചെന്നും രണ്ടു കോടി സമ്മതിച്ചെന്നും ഒരുകോടി അഡ്വാൻസാണെന്നും വരെ ആക്ഷേപമുയർന്നു. അതിനെത്തുടർന്നു ഐജിയുടെ റിപ്പോർട്ടിൽ സസ്‌പെൻഷനിലായി ജേക്കബ് ജോബിന്റെ പാന്റ് കീറിനിൽക്കുമ്പോഴാണ്, ബാംഗ്ലൂരിൽ പേരാമംഗലം സി ഐ യുടെ സമീപത്തുനിന്നു പൊലീസുകാർ കൊടുത്ത മൊബൈലിലൂടെ നിസാം ഫോൺ ചെയ്യുന്ന ഫോട്ടോ പ്രചരിച്ചത്.അന്വേഷണസംഘത്തിലെ ഏതോ വിമതൻ ജേക്കബ് ജോബിനെ സഹായിക്കാൻ നടത്തിയ പാര.

സസ്‌പെൻഷനിലായതോടെ കളം വിട്ടു പോയ ജേക്കബ് ജോബിന്റെ അനുയായികളുടെ ഭാഗത്തുനിന്നാണു പുതിയ കത്തുവിവാദം ഉത്ഭവിച്ചിരിക്കുന്നത്. നിസാമിനെതിരേ കാപ്പ ചുമത്താൻ നിർദേശിച്ചുകൊണ്ടു ജേക്കബ് ജോബ് കത്തയച്ചിരുന്നുവെന്നും എന്നാൽ അതുകിട്ടിയിട്ടും വേണ്ട നടപടിയെടുക്കാതെ നിസാമിനെ രക്ഷിക്കാൻ മനപ്പൂർവം വച്ചുതാമസിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പക്ഷക്കാർ. അങ്ങനെയൊരു സംഭവമില്ലെന്നു പേരാമംഗലം സിഐ പറഞ്ഞൂരിയെങ്കിലും സിറ്റി പൊലീസ് കമ്മീഷണർ നിശാന്തിനി ഇടപെട്ട് അതേ കത്തു ഫയലിൽനിന്നു കണ്ടെടുത്തതോടെ പേരാമംഗലം സി ഐ പിന്നെയും പ്രതിക്കൂട്ടിലായി.

ഏതായാലും നിസാം കേസിനെത്തുടർന്ന് ഇതുവരെ മൂന്നുകോടിയോളം രൂപ നിസാം വാരിയെറിഞ്ഞു കഴിഞ്ഞെന്നാണ് അയാളോടടുപ്പമുള്ളവർ തന്നെ പറയുന്നത്. കൂടുതൽ കിട്ടിയിരിക്കുന്നതു പൊലീസിനാണത്രേ. നിസാം ഇളയപ്പയെന്നു വിളിക്കുന്ന കെപിസിസി ഭാരവാഹിയായ പ്രമുഖൻ മുഖാന്തിരമാണ് പണമിടപാടുകൾ ഇപ്പോൾ നടക്കുന്നത്. കൂടുതൽ പണത്തിനുവേണ്ടിയുള്ള തർക്കം ഇനിയും മുറുകിയാൽ മറ്റു കള്ളക്കളികൾ കൂടി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനിടെ നിസാം കേസിൽ ഡിജിപി ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഇടപെട്ടിട്ടുണ്ടെന്നും പൊലീസുകാരൊക്കെ പണം വാരിയെന്നും എല്ലാത്തിനും തന്റെ പക്കൽ തെളിവുകളുണ്ടെന്നുമൊക്കെ വെളിപ്പെടുത്തിക്കൊണ്ടു സർക്കാർ ചീഫ് വിപ്പ് പി സി ജോർജ് രംഗത്തിറങ്ങിയതോടെ അല്പം തണുത്തുകിടന്ന കളം വീണ്ടുമുണർന്നു. സസ്‌പെൻഷനിലായിരിക്കുന്ന ജേക്കബ് ജോബിനെ അനുകൂലിക്കുന്നവരാണ് ജോർജിന് എല്ലാവിവരങ്ങളും കൈമാറിയിരിക്കുന്നതെന്നു സംശയമുയർന്നിട്ടുണ്ട്. ജേക്കബ് ജോബ് പഴയ കേരളാ കോൺഗ്രസുകാരനാണല്ലോ. എന്തായാലും നിയമസഭ അടുത്ത ദിവസം സമ്മേളിക്കാനിരിക്കെ നിസാം കേസ് സഭയെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.