തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ഇടിച്ചു കൊല്ലാൻ മുഹമ്മദ് നിസാം ഉപയോഗിച്ച ഹമ്മർ കാറിനെ കുറിച്ചും അവ്യക്തത. ഈ കാർ നിസാമിന്റേതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും വിലയുള്ള കാർ നിസാമിന്റെ കൈയിൽ എങ്ങനെ എത്തിയെന്നാണ് അന്വേഷണ സംഘം പരിശോദിക്കുന്നത്.

പി.ബി 03 എഫ് 9999 നമ്പർ വാഹനത്തിന്റെ രജിസ്‌ട്രേഷൻ പഞ്ചാബിലാണ്. രേഖകളനുസരിച്ച് പഞ്ചാബിലെ ഒരു സിംഗിന്റേതാണ് വാഹനം. വ്യാജ പേരും മേൽവിലാസവുമാണോ ഇതെന്നാണ് പരിശോധന. ആഡംബര കാറുകളുടെ ഇടപാടുകളിൽ സുതാര്യതക്കുറവിനെ കുറിച്ച് പലകോണുകളിൽ നിന്ന് പരാതി ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലെ ആശങ്കകളാണ് ചന്ദ്രബോസിനെ ഇടിച്ചു കൊന്ന ഹമ്മറും ഉയർത്തുന്നത്.

ഒരു മാസം മുമ്പാണ് ബംഗളുരുവിൽ നിന്ന് നിസാം കേരളത്തിലേക്ക് ഹമ്മർ കൊണ്ടുവന്നത്. അതുവരെ നിസാമിന്റെ ബംഗളുരുവിലെ സുഹൃത്തായ റെഡ്ഡിയായിരുന്നു വാഹനം ഉപയോഗിച്ചത്. യഥാർത്ഥ ഉടമ അറിയാതെ വാഹനം കൈകാര്യം ചെയ്യുന്ന നാലാമത്തെയാളാണ് നിസാം. വില്പന നടത്താൻ വേണ്ടിയാണ് മറ്റൊരാൾ വഴി റെഡ്ഡിയുടെ കൈയിൽ ഹമ്മറെത്തുന്നത്. അത് നടക്കാതെ വന്നപ്പോൾ നിസാമിന് റെഡ്ഡി കൈമാറുകയായിരുന്നു. ഈ സാഹചര്യമാണ് പൊലീസ് പരിശോധിക്കുന്നത്.

ഹമ്മർ നിസാം സ്വന്തമാക്കിയെങ്കിലും ഒരു രൂപ പോലും റെഡ്ഡിക്ക് കൊടുക്കുകയോ രജിസ്‌ട്രേഷൻ സ്വന്തം പേരിലാക്കുകയോ ചെയ്തിട്ടില്ല. റെഡ്ഡിയും നിസാമും തമ്മിലെ ഈ ബന്ധത്തിന്റെ അടിസ്ഥാനമെന്തെന്നും പരിശോധിക്കും. റെഡ്ഡിയുടെ സാമ്പത്തിക സ്രോതസും മനസ്സിലാക്കാനാണ് നീക്കം. അതിനിടെ ഹമ്മറിന്റെ ഉടമയായ സിംഗിനെ പേരാമംഗലം സ്റ്റേഷനിൽ ഹാജരാക്കാൻ സഹായം അഭ്യർത്ഥിച്ച് സി.ഐ ബിജുകുമാർ പഞ്ചാബ് പൊലീസിന് ഇ മെയിൽ സന്ദേശമയച്ചു. നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് റെഡ്ഡിക്കും നോട്ടീസ് നൽകി.

ഈ വാഹനം പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മോട്ടോർ വാഹന വകുപ്പിനും കത്ത് നൽകി. കസ്റ്റഡിയിലെടുത്തിട്ട് ഇതുവരെ വാഹനം മോട്ടോർ വാഹന വകുപ്പിനെക്കൊണ്ട് പരിശോധിപ്പിക്കുകയോ നിസാമിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയോ ചെയ്തിരുന്നില്ല. ഇത് പരാതിയുമായി. തൃശൂർ ആർ.ടി.ഒ ഷാജി ജോസഫ് ഔദ്യോഗിക ആവശ്യത്തിന് തിരുവനന്തപുരത്തായതിനാൽ രണ്ടു ദിവസം കഴിഞ്ഞായിരിക്കും പരിശോധന.

പേരാമംഗലം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലാണ് ഹമ്മർ സൂക്ഷിച്ചിരിക്കുന്നത്. ആക്രമണം നടന്ന സ്ഥലത്ത് അമൽ എത്തിയ ജാഗ്വർ കാറും ഇവിടെയുണ്ട്.