കൊച്ചി: താര സംഘടനയായ അമ്മ പ്രതിസന്ധിയിലാണ്. തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കുമെന്ന് അറിയാത്ത അവസ്ഥ. ലോക്‌സഭാ അംഗമായ ഇന്നസെന്റിന് പോലും ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുന്നില്ല. ഇടതു മുന്നണിയുടെ ജനപ്രതിനിധിയാണ് ഇന്നസെന്റ്. അതുകൊണ്ട് തന്നെ സിപിഐ(എം) ആവശ്യപ്പെട്ടാൽ ഇടത് സ്ഥാനാർത്ഥികളുടെ പ്രചരണത്തിൽ സജീവമാകേണ്ടി വരും. രാഷ്ട്രീയക്കാരന്റെ മേലങ്കിയുള്ളതിനാൽ വലതു മുന്നണിക്കായി ഇന്നസന്റിന് വോട്ട് ചോദിക്കാനുമാകില്ല. എന്നാൽ സിനിമയിലെ സഹപ്രവർത്തകർ എല്ലാ രാഷ്ട്രീയക്കാർക്കും വേണ്ടി അങ്കത്തിനെത്തുമ്പോൾ ആശയക്കുഴപ്പത്തിലാണ് ഇന്നസെന്റ്.

ഇതിനിടെയാണ് പത്തനാപുരത്ത് താരങ്ങളുടെ ഗ്ലാമർ പോരാട്ടത്തിന് കളമൊരുങ്ങന്നതിന് മുന്നോടിയായി അമ്മയ്ക്കുള്ളിൽ ചേരി തിരിവെന്ന അഭ്യൂഹം പുറത്തുവരുന്നത്. പത്തനാപുരത്തെ സിറ്റിങ് എംഎൽഎ കെ.ബി ഗണേശ്‌കുമാറിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി നടൻ ജഗദീഷ് മത്സരിക്കാനൊരുങ്ങന്നതാണ് അമ്മയിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സരിക്കുന്ന കാര്യം കഴിഞ്ഞ ദിവസം ജഗദീഷ് അമ്മ പ്രസിഡന്റ് ഇന്നസെന്റിനെ അറിയിച്ചിരിന്നു, എന്നാൽ സംഘടനയിലെ ഒരു വിഭാഗം ജഗദീഷ് മത്സരിക്കരുതെന്ന ആവശ്യം ഉന്നയിച്ചതായും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതായും സൂചനയുണ്ട്. എന്നാൽ ജഗദീഷ് വഴങ്ങിയില്ല.

മുൻ സിനിമാ മന്ത്രി കൂടിയായ ഗണേശ്‌കുമാറിന് ഇപ്പോഴും സംഘടനയിലുള്ള പിടിപാടാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നും എന്നാൽ കോൺഗ്രസ് അനുഭാവമുള്ള ഒരു വിഭാഗം താരങ്ങൾ ജഗദീഷ് മത്സരിക്കണം എന്ന അഭിപ്രായമുന്നയിച്ചുവെന്നാണ് സൂചന. ഇടത് പിന്തുണയോടെ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങന്ന ഗണേശിനായി പ്രസിഡന്റ് ഇന്നസെന്റ് ഉൾപ്പെടെയുള്ളവർ പ്രചരണത്തിനിറങ്ങിയേക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ പുതിയ ചേരിതിരിവ് അമ്മ എന്ന സംഘടനയിൽ പൊട്ടിപുറപ്പെട്ടിരിക്കുന്നത്. എന്തായാലും അടുത്ത ജനറൽബോഡിയിൽ ഈ വിഷയം ചർച്ച ചെയ്‌തേക്കും എന്നാണ് സൂചന.

കാൻസർ രോഗ ബാധിതനാണ് ഇന്നസെന്റ്. ചികിൽസ പൂർണ്ണമായും അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഇന്നസെന്റിന്റെ സജീവ പ്രചരണ സാന്നിധ്യം ഉണ്ടാകില്ല. എങ്കിലും ചാലക്കുടിയുടെ പരിധിയിൽ വരുന്ന മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിനായി പ്രവർത്തിക്കേണ്ട ഉത്തരവാദിത്തം ഇന്നസെന്റിനുണ്ട്. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ഈ മേഖലയിൽ മാത്രം പ്രചരണം ഒതുക്കാനാണ് ഇന്നസെന്റിന്റെ നീക്കം. എന്നാൽ പത്തനാപുരത്ത് ഇന്നസെന്റിനെ എത്തിക്കാൻ ഗണേശും സജീവമായി അണിയറ നീക്കങ്ങൾ നടത്തുന്നുണ്ട്. ഈ വിവാദത്തോട് പ്രതികരിക്കാനില്ലെന്നാണ് ഇന്നസെന്റിന്റെ പക്ഷം. അമ്മയുടെ നിലപാട് അറിയാൻ മറുനാടൻ ഇന്നസെന്റിനെ വിളിച്ചെങ്കിലും അദ്ദേഹം ഒരു മറുപടിയും നൽകാൻ തയ്യാറായില്ല.

സിപിഎമ്മുമായി അടുത്തു നിൽക്കുന്ന വ്യക്തിയാണ് കൈരളി ടിവിയുടെ ചെയർമാൻ കൂടിയായ മമ്മൂട്ടി. അദ്ദേഹത്തെ പത്തനാപുരത്ത് എത്തിച്ച് ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാനും ഗണേശിന് ആഗ്രഹമുണ്ട്. മോഹൻലാൽ ഈ വിഷയത്തിൽ നിശബ്ദനാണ്. ഗണേശും ജഗദീഷും ഒരു പോലെ വേണ്ടപ്പെട്ടവർ. സിനിമയിലെ തിരുവനന്തപുരം ലോബിയിലെ പ്രധാനികളാണ് രണ്ടു പേരും. ഇതുകൊണ്ട് തന്നെ പത്തനാപുരത്തെ പോരാട്ടത്തിൽ ലാലിന് ധർമ്മ സങ്കടം ഏറെയാണ്. അതിനിടെ ലാൽ ക്യാമ്പിലെ പ്രമുഖനായ മേജർ രവി ബിജെപിക്കായി മത്സര രംഗത്ത് എത്തുമെന്നും സൂചനയുണ്ട്. കൊല്ലം തുളസിയെ പത്തനാപുരത്ത് സ്ഥാനാർത്ഥിയാക്കി മത്സരം കൊഴുപ്പിക്കാനുള്ള ബിജെപി നീക്കത്തെ കുറിച്ചും ലാലിന് അറിയാം. ഇതെല്ലാം ഈ സൂപ്പർതാരത്തേയും കുഴയ്ക്കുന്നുണ്ട്.

സാധാരണ ഗതിയിൽ മുൻപും സിനിമാതാരങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും ഉണ്ടാകാത്ത കീറാമുട്ടിയായേക്കും 2016 കേരളാ നിയമസഭാ തിരഞ്ഞെടുപ്പ് അമ്മ എന്ന സംഘടനയെ സംബന്ധിച്ചിടത്തോളം എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മത്സരിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളിൽ മുമ്പൊന്നുമില്ലാത്തത്ര എണ്ണത്തിൽ ചലച്ചിത്ര താരങ്ങളുടെ പേരുകൾ പരിഗണിക്കപ്പെടുന്നു എന്നത് തന്നെയാണ് അതിന് കാരണം. പത്തനാപുരത്ത് താരപാരാട്ടത്തിന് കളമൊരുങ്ങുന്നതിന് പുറമെ അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നടൻ സിദ്ദിഖും ജനവിധി തേടിയേക്കുമെന്നും വാർത്തകളുണ്ടായിരുന്നു. അതോടൊപ്പം തൃശൂരിൽ ഇടത് സ്വതന്ത്രനായി ജയരാജ് വാര്യർ മത്സരിച്ചേക്കുമെന്ന വാർത്തയും പുറത്ത് വന്നിരുന്നു. എന്നാൽ ഇത്തരമൊരു വാർത്ത ജയരാജ് വാര്യർ തന്നെ നിഷേധിച്ചിരുന്നു,

തങ്ങൾ ഇതുവരെ ആരെ പിന്തുണയ്ക്കണമെന്നോ എന്ത് നിലപാടെടുക്കണമെന്നോ തീരുമാനിച്ചിട്ടില്ലെന്നും, അങ്ങനെ സംഘടനയ്ക്ക് ഒരു പ്രത്യേക നിലപാടില്ലെന്നുമോക്കെയായി അഭിപ്രായങ്ങൾ പലതാണ്. എന്നാൽ സംഘടനാ അദ്ധ്യക്ഷൻ തന്നെ ഇടതു പിന്തുണയോടെ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചതും അന്ന് സിനിമാതാരങ്ങൾ ഒന്നടങ്കം പ്രചരണത്തിനിറങ്ങിയ സാഹചര്യവും നിലനിൽക്കുന്നുണ്ടെന്നിനാൽ എന്തായാലും അമ്മ എന്ന സംഘടനയ്ക്ക് ഒരു നിലപാട് സ്വീകരിക്കേണ്ടി വന്നേക്കും. എന്നാൽ പത്തനാപുരത്ത് ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കില്ല. ജഗദീഷും ഗണേശും ഒരുപോലെ വേണ്ടപ്പെട്ടവരാണെന്നതാണ് ഇതിന് കാരണം.

അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഇന്നസെന്റ് ഇടതുപക്ഷത്തിനായും സുരേഷ് ഗോപി ബിജെപിക്കായും വോട്ട് പിടിക്കാനെത്തി. യുഡിഎഫ് ക്യാമ്പിലും താരത്തിളക്കം ഉണ്ടായിരുന്നു. സിനിമാക്കാർക്ക് രാഷ്ട്രീയമുണ്ട്. അത് വ്യക്തിസ്വാതന്ത്ര്യമാണ്. അതിൽ അമ്മ കൈകടത്തില്ല. അതുകൊണ്ട് തന്നെ ആർക്ക് വേണമെങ്കിലും എവിടേയും പ്രചരണത്തിന് പോകാം-വിവാദങ്ങളോട് അമ്മയിലെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.