അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറിയ 14 എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കി. മുതിർന്ന നേതാവ് ശങ്കർസിങ് വഗലേയും, മകൻ മഹേന്ദ്രസിങ് വഗേലയും അടക്കമുള്ള എംഎൽഎമാരെയാണ് പുറത്താക്കിയത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറു വർഷത്തേക്കാണ് പുറത്താക്കൽ.

ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അശോക് ഗലോട്ടാണ് ഇക്കാര്യം അറിയിച്ചത്. എംഎൽഎ സ്ഥാനം രാജിവച്ച ആറു പേരെയുൾപ്പെടെയാണ് പുറത്താക്കിയിരിക്കുന്നത്.

പാർട്ടി വിപ്പ് ലംഘിച്ചതിനും, വോട്ട് മാറി ചെയ്തതിനുമാണ് എംഎൽഎമാരെ ആറ് വർഷത്തേക്ക് പുറത്താക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരവും ഇവർക്കെതിരെ കേസെടുക്കുമെന്ന് ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഭരത് സിങ് സോളങ്കി അറിയിച്ചു.

വിമതരുടെ നിലപാട് മൂലം രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഹമ്മദ് പട്ടേൽ ആവശ്യമായ വോട്ട് മാത്രം നേടിയാണ് ജയിച്ചത്.നാടകീയ നീക്കങ്ങൾക്കൊടുവിലാണെങ്കിലും, പട്ടേലിനെ ജയിപ്പിക്കാൻ സാധിച്ചത് കോൺഗ്രസിന് വലിയ രാഷ്ട്രീയ വിജയമാണ്.

കാലുമാറിയ രണ്ട് കോൺഗ്രസ് വിമതരുടെ വോട്ട് തെരഞ്ഞെടുപ്പു കമ്മിഷൻ അസാധുവാക്കിയതും വിമത ബിജെപി എംഎൽഎ നളിൻ ഭായ് കൊതാഡിയ അഹമ്മദ് പട്ടേലിനു വോട്ടുചെയ്തതുമാണു കോൺഗ്രസിന്റെ വിജയം ഉറപ്പാക്കിയത്. പാർട്ടി നിർദ്ദേശം മറികടന്ന് ജെഡിയു എംഎൽഎയും പട്ടേലിനെ പിന്തുണച്ചു. ഇദ്ദേഹത്തെ ജെഡിയു പുറത്താക്കി. കോൺഗ്രസ് എംഎൽഎമാരെ 'ചാക്കിട്ട് പിടിക്കാൻ' ഇറങ്ങിയ അമിത് ഷായുടെ നീക്കങ്ങൾക്കുള്ള തിരിച്ചടി കൂടിയായി ബിജെപി പാളയത്തിൽ നിന്നും കോൺഗ്രസിന് ലഭിച്ച വോട്ട്.

കോൺഗ്രസിലെ വിമതനീക്കങ്ങളെ പരോക്ഷമായി പിന്തുണച്ച് അഹമ്മദ് പട്ടേലിന്റെ വിജയം തുലാസിലാക്കിയ അമിത് ഷായുടെ കരുനീക്കമാണു തിരഞ്ഞെടുപ്പിനെ നിർണായകമാക്കിയത്. ശങ്കർ സിങ് വഗേലയുടെ ചേരിമാറ്റം, പാർട്ടി എംഎൽഎമാരെ കോൺഗ്രസ് ബെംഗളരുവിലെത്തിച്ചത്, എൻസിപി ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചത് തുടങ്ങി സുപ്രധാന സംഭവങ്ങൾക്കുശേഷം, കോൺഗ്രസ് എംഎൽഎമാരിൽ ഇനിയാരെല്ലാം കൂറുമാറും എന്നതായിരുന്നു വോട്ടെടുപ്പിന്റെ മണിക്കൂറുകളിൽ ചർച്ചയായത്.


കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും വിശ്വസ്തനുമായ അഹമ്മദ് പട്ടേൽ തെരഞ്ഞെടുപ്പോടെ കൂടുതൽ കരുത്തനായി.പട്ടേലിനെ രാജ്യസഭ കാണിക്കില്ലെന്ന വാശിയിൽ ബിജെപി ലക്ഷ്യമിട്ടത് രണ്ട് അട്ടിമറികളാണ്.

ഒന്ന്: കോൺഗ്രസ് അധ്യക്ഷയുടെ വിശ്വസ്തനെ ഗുജറാത്തിൽ തോൽപിക്കുക. രണ്ട്: ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പു കോൺഗ്രസിന്റെ ആത്മവിശ്വാസത്തിൽ മടവീഴ്‌ത്തുക.എന്നാൽ ഈ രണ്ട് അട്ടിമറികൾക്കും വഴിതെറ്റിയതോടെ, കോൺഗ്രസിന്റെ ആത്മവിശ്വാസം പതിന്മടങ്ങ് ഏറിയെന്നതാണ് വാസ്തവം.

കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സ്വപ്‌നത്തിനേറ്റ തിരിച്ചടിയാണ് ഗുജറാത്തിലെ ജയമെന്ന് എഐസിസി സെക്രട്ടറി ദീപക് ബാബ്‌റിയ പ്രതികരിച്ചു.