- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോങ്ങാട് എംഎൽഎ കെ ശാന്താകുമാരിയുടെ വാഹനം രാത്രി സിനിമാ സ്‌റ്റൈലിൽ ചേസ് ചെയ്തു യുവാക്കൾ; ഇടയ്ക്കിടയ്ക്ക് മുന്നിലേക്കു കയറിയും മാറിയും ചേസിങ്; രോഷത്തോടെ എംഎൽഎ പുറത്തിറങ്ങിയപ്പോൾ സ്ഥലം വിട്ടു; നമ്പർ നോക്കി യുവാക്കളെ പൊക്കി പൊലീസ്
പോത്തൻകോട്: പാലക്കാട് കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി സഞ്ചരിച്ച കാറിനെ സിനിമാ സ്‌റ്റൈലിൽ പലവട്ടം പിന്തുടർന്നു മറികടന്നു തടയാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. രാത്രി മത്സരയോട്ടം നടത്തി ബൈക്കിൽ വേഗത്തിൽ പോയ യുവാക്കളാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
വെമ്പായം തേക്കട ജൂലാമന്ദിർ എ. അംജത്ത് ( 28), പിരപ്പൻകോട് കൊപ്പം മഞ്ചാടിമൂട് ആർ.ബി നിവാസിൽ ബി. ബെന്നി ( 28 ), കൊപ്പം ശാന്തിമംഗലത്ത് എൽ. സമ്പത്ത് ( 27 ) എന്നിവരാണ് പിടിയിലായത്. ഞായർ രാത്രി 8.45 ന് ആണ് സംഭവമുണ്ടായത്. പാലക്കാട്ടു നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്നു എംഎൽഎ.
ആറ്റിങ്ങൽ കഴിഞ്ഞ് വരുമ്പോൾ പിന്നാലെ മൂന്നംഗ സംഘം കാറിനെ പിന്തുടർന്നു ഒപ്പം കൂടി. ഇടയ്ക്കിടയ്ക്ക് മുന്നിലേക്കു കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടായിരുന്നു ഇവരുടെ വിളയാട്ടം. പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപം വച്ച് ഇവർ എംഎൽഎയുടെ കാറിനു മുന്നിൽ കയറി ചെറുത്തു നിർത്തി. എംഎൽഎ രോഷത്തോടെ പുറത്തിറങ്ങുന്നതു കണ്ട യുവാക്കൾ പെട്ടെന്നു കാറുമായി സ്ഥലം വിട്ടു.
ഉടനെ തന്നെ എംഎൽഎ അടുത്തുള്ള മംഗലപുരം പൊലീസിൽ കാറിന്റെ നമ്പർ ഉൾപ്പെടെ നൽകി വിവരം അറിയിച്ചു. രാത്രി തന്നെ മൂന്നുപേരെയും പൊലീസ് പിടികൂടി. വർക്കലയിൽ വിനോദത്തിനു പോയി മടങ്ങവെ ആരെന്നറിയാതെ കാറിനെ പിന്തുടരുകയായിരുന്നതായി യുവാക്കൾ പൊലീസിനോടു പറഞ്ഞു.
എംഎഎ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും തമാശയ്ക്ക് ചെയ്തതാണെന്നുമാണ് യുവാക്കളുടെ പ്രതികരണം. സംഭവത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനു കേസെടുത്ത് പിഴ ഈടാക്കി യുവാക്കളെ വിട്ടയച്ചു.
മറുനാടന് മലയാളി ബ്യൂറോ