ബെംഗളൂരു: പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും അപകടം തിരിച്ചറിഞ്ഞു കോൺഗ്രസ്. കർണാടകത്തിൽ മതേതര സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്നതിൽ പോപ്പുലർ ഫ്രണ്ടിന് മുഖ്യപങ്കുണ്ടെന്ന് മനസ്സിലാക്കിയാണ് കോൺഗ്രസ് നേതാക്കൾ സംഘടനകൾക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. എസ്ഡിപിഐയെയും, പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ കണ്ടു. കോൺഗ്രസ് എംഎൽഎമാരും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളും ചേർന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കർണാടകയിൽ സമാധാനാന്തരീക്ഷം തകർക്കുന്നത് എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടുമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഹിജാബിന്റെയും ഹലാലിന്റെയും പേരിലുള്ള പ്രതിഷേധങ്ങൾക്ക് പിന്നിൽ ഈ സംഘടനകൾ ഉണ്ടെന്നും നിവേദനത്തിൽ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം സംഘടനകളെ നിരോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞമാസം കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷും എസ്ഡിപിഐക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. സംസ്ഥാനത്തെ ഹിജാബ് പ്രശ്നങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ പിന്തുണ നൽകുന്ന ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണെന്നായിരുന്നു മന്ത്രിയുടെ ആരോപണം.

ഫെബ്രുവരി എട്ടിന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ഹിജാബ് വിവാദത്തിന് പിന്നിൽ എസ്.ഡി.പി.ഐയും ക്യാമ്പസ് ഫ്രണ്ടുമാണെന്ന് ആരോപിച്ചിരുന്നു. ഇതാണ് ഇപ്പോൾ കോൺഗ്രസും ഏറ്റുപിടിച്ചിരിക്കുന്നത്. ഹിജാബ് വിവാദം കർണാടകയിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതോടെ നിരവധി വിദ്യാർത്ഥികൾ പരീക്ഷ എഴുതില്ലെന്ന നിലപാട് എടുത്തിരുന്നു. ഹിജാബ് നിരോധനം പൗരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന അഭിപ്രായങ്ങളും ഉയർന്നിരുന്നു.

കർണാടകയിലെ ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ തുടക്കമിട്ട ഹിജാബ് പ്രശ്നത്തിൽ പിഎഫ്ഐയുടെ പങ്കിനെ കുറിച്ച് അന്വേഷിച്ചു തുടങ്ങിയിരുന്നു സർക്കാർ. കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ പോയിരുന്ന കോളേജിൽ ഒരു സുപ്രഭാതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് പോപ്പുലർ ഫ്രണ്ടുകാരായിരുന്നു. പിന്നാലെയാണ് വിഷയം സംസ്ഥാന തലത്തിൽ കത്തിപ്പടർന്നതും.

കോളേജിലെ മറ്റ് വിദ്യാർത്ഥികൾക്കൊന്നും ഇല്ലാത്ത പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ എത്തിയതിന് പിന്നിൽ ക്യാമ്പസ് ഫ്രണ്ടാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബർ മുതലാണ് ഇത്തരമൊരു പ്രവണത വിദ്യാർത്ഥിനികളിൽ കണ്ട് തുടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കുന്ന നിലയിൽ പ്രതിഷേധവുമായി ആൾക്കൂട്ടങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് നിഗമനം. നിരവധി സംഘടനകൾ ഈ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയതും സംശയം ജനിപ്പിക്കുന്നതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങൾ അംഗീകരിച്ചേ മതിയാകുവെന്ന നിലപാടിൽ നിന്നും മാറില്ലെന്ന് കർണാടക സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളെ സംഘടിപ്പിച്ച് മനഃപൂർവ്ം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നിലവിൽ കർണാടകയിൽ നടക്കുന്നത്. ഒരു വിഭാഗത്തിലെ വിദ്യാർത്ഥിനികൾ വിദ്യാഭ്യാസം നേടുന്നതും അവർ സ്വയംപര്യാപ്തത നേടുന്നതും ഇഷ്ടപ്പെടാത്തവരാണ് ഇത്തരം പ്രതിഷേധവുമായി രംഗത്തെത്തുന്നതെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.