- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരക്കോടിയുടെ കുഴൽപ്പണവുമായി കോൺഗ്രസ് പ്രാദേശിക നേതാവും കൂട്ടാളിയും പിടിയിൽ; കറൻസി ഒളിപ്പിച്ച് കടത്തിയത് വാഹനത്തിൽ പച്ചക്കറി ചാക്കുകൾക്കിടയിൽ; അറസ്റ്റിലായത് ഐഎൻടിയുസി മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി അഷറഫ്; പണം എത്തിച്ചത് കൂട്ടാളിയായ കൊടുവള്ളി സ്വദേശിയെന്ന് സംശയം; സ്വർണ്ണക്കടത്ത് അന്വേഷണത്തിനിടയിലും കൊടുവള്ളി കുഴൽപ്പണ ലോബി സജീവം
കോഴിക്കോട്: തീവ്രാവാദ ബന്ധം സംശയിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തിൽ എൻഐഎ വരെ അന്വേഷിക്കുന്ന ഒന്നാണ് കൊടുവള്ളി സ്വർണ്ണമാഫിയയുടെ പങ്കാളിത്തം. എന്നാൽ ഈ കാലഘട്ടത്തിലും ഇവിടെ നിന്ന് കുഴൽപ്പണം കള്ളക്കടത്ത് ഇപ്പോഴും നിലച്ചിട്ടില്ല. വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിൽ പിടിച്ച അരക്കോടിയുടെ കുഴൽപ്പണം പിടിച്ചതും തെളിയിക്കുന്നത് ഇതാണ്.
വാഹനത്തിൽ പച്ചക്കറി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചുകടത്തിയ 51 ലക്ഷം കുഴൽപണവുമായി കോൺഗ്രസ് പ്രദേശിക നേതാവും കൂട്ടാളിയുമാണ് മുത്തങ്ങയിൽ പിടിയിലായത്. ഐഎൻടിയുസി മോട്ടോർ തൊഴിലാളി യൂണിയൻ വയനാട് ജില്ലാ സെക്രട്ടറി കമ്പളക്കാട് സ്വദേശി പഞ്ചാര അഷറഫ്(43), കൊടുവള്ളി മാനിപുരം മുജീബ് റഹ്മാൻ(44) എന്നിവരെയാണ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിന് സമീപം പൊലീസ് പിടികൂടിയത്. ഈ കൊടുവള്ളി സ്വദേശിയാണ് കുഴൽപ്പണത്തിന്റെ മൊത്ത വിതരണക്കാരൻ എന്നാണ് പൊലീസ് സംശയം. പണം മിനി ലോറിയിൽ പച്ചക്കറി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. വ്യാഴാഴ്ച ദേശീയപാതയിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. കെഎൽ 12 എം 1325 നമ്പർ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഉപാധിയോടെ ജാമ്യം അനുവദിച്ചു.
നോട്ടു നിരോധനത്തിന് തൊട്ടുമുമ്പുവരെ കൊടുവള്ളിയിൽ അയ്യായിരത്തോളം കുഴൽപ്പണ ഏജന്റുമാർ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കിയിരുന്നുത്. നോട്ടു നിരോധനം കുഴൽപ്പണ മാഫിയയെ നന്നായി ബാധിച്ചിരുന്നു. അതിന് മുമ്പുള്ള കാലത്ത് കെഎസ്ആർടിസി ബസുകളിൽനിന്നുപോലും കോടികളുടെ കുഴൽപ്പണം പിടിരുന്നു. . കുഴൽപ്പണം റാഞ്ചാനുള്ള ശ്രമത്തിന്റെ പേരിൽ കൊലപാതകം തന്നെ ഉണ്ടായി. ഈ കുഴൽപ്പണ മാഫിയതന്നെയാണ് പിന്നെ സ്വർണമാഫിയയുമായി മാറിയത്.
കൊടുവള്ളിപോലത്തെ ഒരു ചെറിയ പട്ടണത്തിൽ എന്തിനാണ് 200ലേറെ ജൂവലറികൾ എന്ന് അന്വേഷിച്ചാൽ കാര്യങ്ങളുടെ പോക്ക് പിടികിട്ടും. ഇവിടെ മിക്കയിടത്തും കൈകാര്യം ചെയ്യുന്നത് കള്ളക്കടത്ത് സ്വർണം തന്നെയാണ്. കള്ളക്കടത്തിൽ വരുന്നു ബിസ്‌ക്കറ്റ് ആഭരണമാക്കി മാറ്റി, കേരളത്തിൽ എമ്പാടുമുള്ള മറ്റ് ജൂവലറികളിലേക്ക് എത്തിക്കുന്നത് ഇവിടെ വെച്ചലാണ് എന്നാണ് നേരെത്തതയുള്ള ഇന്റലിജൻസ് റിപ്പോർട്ടിലും പറഞ്ഞിരുന്നത്. എത്രകാരിയർമാർ പിടിക്കപ്പെട്ടാലും ആർക്കുവേണ്ടിയാണ് കടത്തെന്ന് മനസ്സിലാവാറില്ല. ഈ കേസിലും അതുകൊണ്ട് സമഗ്ര അന്വേഷണം വേണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ