തൃശൂർ:ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസ്സുകാർ തമ്മിൽ ഏറ്റുമുട്ടി ഒരാളുടെ ജീവൻ നഷ്ടപ്പെട്ട ചാവക്കാട് പുത്തൻ കളപ്പുറത്ത് പതിനാലാം വാർഡ് സ്ഥിരം പ്രശ്‌ന ബാധിത പ്രദേശം.

ജില്ലയ്ക്ക് പുറത്തേക്കുള്ള അക്രമപ്രവർത്തനത്തിനു വരെ കോൺഗ്രസ്സുകാർ ഉൾപ്പെടെയുള്ളവർ ഉപയോഗിക്കുന്നത് ഇവിടത്തെ ക്രിമിനൽ സംഘങ്ങളെയാണ്. കണ്ണൂർ ജില്ലയിലെ കോൺഗ്രസ് നേതാവ് വരെ തിരഞ്ഞെടുപ്പ് സമയത്തും മറ്റും ഉപയോഗിക്കുന്നതു ചാവക്കാട്ടെ ഈ സംഘങ്ങളെയാണ്. ഇപ്പോൾ എ ഗ്രൂപ്പുകാരനായ ഹനീഫയുടെ കൊലപാതകത്തിൽ പങ്കുള്ളവർ നേരത്തേയും ഇതുപോലുള്ള ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് ഒടുവിൽ പുറത്തു വരുന്ന സൂചനകൾ.

തൃശൂർ ചാവക്കാട് പുത്തൻകടപ്പുറത്ത് കോൺഗ്രസ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചതിൽ പാർട്ടി നേതൃത്വം നിശബ്ദരാണ്. അണ്ടത്തോട് ഹനീഫ(40)യാണ് മരിച്ചത്. മണത്തല ബേബിറോഡ് പഴയ 14ാം വാർഡിലാണ് യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയെ വീടിനു ഉമ്മറത്ത് വച്ച് ഉമ്മയുടെ മുന്നിലിട്ട് കുത്തിക്കൊന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. കുത്തേറ്റ ഹനീഫയെ മുതുവട്ടൂർ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹനീഫയുടെ സഹോദര പുത്രനെ നേരത്തെ ഒരു സംഘം വെട്ടിപരുക്കേൽപ്പിച്ചിരുന്നു. പ്രകോപനവുമില്ലാതെയാണ് ഹനീഫയെ കുത്തിയതെന്ന് പറയുന്നു. ആറോളം വരുന്ന സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

കോൺഗ്രസ്സിന്റെ പ്രഖ്യാപിതനയമായ ഗാന്ധിസത്തിന് നേർവിപരീതമായി എന്നും കാര്യങ്ങൾ ചെയ്യുന്ന പ്രദേശമാണ് ചാവക്കാടും പ്രത്യേകിച്ച് പുത്തൻ കളപ്പുറത്ത് മേഖലയും. ഐ ഗ്രൂപ്പാണ് ഈ പ്രദേശത്ത് ഏറ്റവും ശക്തർ. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനവും അവർക്ക് തന്നെ. കഴിഞ്ഞ ജൂൺ 27 നാണ് ഇവിടത്തെ പ്രശ്‌നങ്ങൾക്ക് തുടക്കം. കൊല്ലപ്പെട്ട ഹനീഫയുടെ ജേഷ്ഠപുത്രനും കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റുമായ എസ് എം ഫാറൂക്കിനെ ഐ ഗ്രൂപ്പുകാർ വെട്ടി പരിക്കേല്പിക്കുകയായിരുന്നു. പതിനഞ്ചംഗ സംഘം മുഴുവൻ ഐ ഗ്രൂപ്പ് നേതാക്കളുടെ ഗുണ്ടകളാണെന്നാണ് എ ഗ്രൂപ്പ് ആരോപിച്ചിക്കുന്നത്. സംഭവത്തിന് പ്രതികാരമെന്നോണം മേഖലയിലെ ചില ഐ ഗ്രൂപ്പ് പ്രവർത്തകരെ എ വിഭാഗത്തിൽപ്പെടുന്നവരും അക്രമിച്ചു.

ഇതോടെ ചെറിയൊരിടവേളക്ക് ശേഷം കോൺഗ്രസ്സിലെ ഗ്രൂപ്പുരാഷ്ട്രീയം പ്രദേശത്ത് രൗദ്രഭാവം പൂണ്ടു. പിന്നീടും ഇടക്കിടക്ക് ചെറുതും വലുതുമായ സംഘർഷങ്ങൾ തൂടർന്നുവന്നു. ഐ വിഭാഗക്കാരനായ ബ്ലോക്ക് പ്രസിഡന്റ് സി എ ഗോപപ്രതാപൻ വിളിക്കുന്ന ഒരു യോഗത്തിനും എ വിഭാഗം ഇതോടെ പങ്കെടുക്കാതെയായി. ഐ ഗ്രൂപ്പ് നേതൃത്വം നൽകുന്ന മിക്ക പരിപാടികളും എ ഗ്രൂപ്പ് പൊളിക്കാൻ തുടങ്ങിയതോടെയാണ് വൈരാഗ്യം മൂർച്ഛിച്ചത്. എ ഗ്രൂപ്പ് നേതാക്കളായ ഇ രവീന്ദ്രദാസ്, ഷാനവാസ്, കെപിഎ റഷീദ് എന്നിവർ ഏതാനും മാസങ്ങളായി ഐ ഗ്രൂപ്പ് നേതൃത്വത്തോട് കലഹിച്ചുനിൽക്കുകയാണ്.

ഇതൊക്കെയായിരിക്കാം കൊലപാതക കാരണങ്ങൾ എന്നാണ് പൊലീസും സംശയിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടുമുറ്റത്ത് ഉമ്മ നോക്കി നിൽക്കുമ്പോഴാണ് ഹനീഫയെ അഞ്ചംഗ സംഘം കുകുത്തുന്നത്. വയറിന്റെ സൈഡിൽ വാരിയെല്ലിനു താഴെയേറ്റ കുത്തിൽ ഇയാളുടെ കുടൽമാലവരെ പുറത്തു വന്നിരുന്നതായാണ് റിപ്പോർട്ടുകൾ. ശരീരത്തിൽ നിരവധി മുറിവുകളുണ്ടെങ്കിലും ഇതായിരിക്കാം മരണകാരണമെന്നാണ് പൊലീസും കണക്കുകൂട്ടുന്നത്. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. ഏഴോളം വീടുകൾ തകർക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് തൃശൂരിൽ തന്നെ കോൺഗ്രസ്സ് ഗ്രൂപ്പുവഴക്കിന്റെ പേരിൽ രണ്ടു പേർ കുത്തേറ്റു മരിച്ചത്. ലാൽജി കൊള്ളന്നൂരിന്റേയും മധുവിന്റേയും മരണത്തിന്റെ ആഘാതം മാറും മുൻപാണ് ഗ്രൂപ്പ് രാഷ്ട്രീയം വീണ്ടും കൊലക്കത്തിയേന്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ ഗ്രൂപ്പുകാർ ചെയ്ത കൊലപാതകം പൊലീസ് തന്നെ ഒതുക്കുമോ എന്ന ആശങ്കയും പ്രദേശത്തെ ചില എ ഗ്രൂപ്പ് നേതാക്കൾ പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം പൊലീസിന്റെ ഒത്താശയോടെ ജില്ലയിൽ കോൺഗ്രസ്സുകാർ കലാപം നടത്തുകയാണെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ പ്രതിക്കൂട്ടിലാകുന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും കൊലപാതകത്തിനെതിരേയും കർശന നടപടികളെടുക്കുമെന്ന് പ്രഖ്യാപിക്കുന്ന ആഭ്യന്തരമന്ത്രിയക്ക് സ്വന്തം ഗ്രൂപ്പുകാരുടെ അതിക്രമത്തിൽ ഒന്നും ചെയ്യാനാകില്ലേ എന്നാണ് ഉയരുന്ന ചോദ്യം.