- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവൻ ആര് കീലേരി അച്ചുവോ? രാഹുലിനെ വെല്ലുവിളിച്ചയാളെ കീലേരി അച്ചുവാക്കി കോൺഗ്രസുകാർ; സ്ഥലം മാറിപ്പോയി, അപ്പുറത്ത് നിൽക്കുന്ന ആളുമെന്ന് വി ടി ബൽറാം; നെഞ്ചുവിരിച്ച് ഇറങ്ങിയ രാഹുൽ മാങ്കൂട്ടത്തെ പിന്തുണച്ച് നേതാക്കൾ
കോട്ടയം: മനോരമ ന്യൂസ് ചാനലിന്റെ കെ റെയിൽ ചർച്ചക്കിടെ കെ റെയിലിനും എസ്.എഫ്.ഐക്കുമെതിരെ പറഞ്ഞപ്പോൾ ഭീഷണിമുഴക്കിയ സംഘത്തിനടുത്തേക്ക് നെഞ്ചുവിരിച്ച് ഇറങ്ങിച്ചെന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ. രാഷ്ട്രീയ എതിരാളികളുടെ വായടപ്പിച്ച മറുപടി നൽകിയ രാഹുലിനെ പിന്തുണച്ച് സൈബർ കോൺഗ്രസുകാർ രംഗത്തു വരുമ്പോൾ തന്നെയാണ് മറ്റു നേതാക്കളും പിന്തുണച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.
സംഭവത്തിൽ, ഷാഫി പറമ്പിൽ, റിജിൽ മാക്കുറ്റി, വി.ടി. ബൽറാം, ടി. സിദ്ദീഖ്, അഭിജിത്ത് തുടങ്ങിയ കോൺഗ്രസ് യുവ നേതാക്കളെല്ലാം രാഹുലിന് പിന്തുണയുമായി രംഗത്തുണ്ട്. 'സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും പൂത്തുലഞ്ഞു നിൽക്കുന്ന ഏതൊരു ക്യാംപസിലും മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിക്ക് എതിർപാർട്ടിക്കാർ ആരെങ്കിലും പ്രസംഗിക്കാൻ എഴുന്നേറ്റാൽ കാണുന്ന പതിവ് ദൃശ്യം. ഇത്തവണ പക്ഷേ സ്ഥലം മാറിപ്പോയി, അപ്പുറത്ത് നിൽക്കുന്ന ആളും.' എന്നായിരുന്നു രാഹുലിന്റെ ചിത്രം പങ്കുവെച്ച് ബൽറാമിന്റെ കുറിപ്പ്. രാഹുലിനെ വെല്ലുവിളിച്ചയാളെ മാമുക്കോയയുടെ കീലേരി അച്ചു എന്ന കഥാപാത്രത്തോടുപമിക്കുന്ന ട്രോൾ പങ്കുവച്ചാണ് ടി. സിദ്ദീഖ് എംഎൽഎയുടെ പരിഹാസം.
അതേസമയം എസ്എഫ്‌ഐക്കാരുടെ പതിവു പരിപാടിയാണ് ആക്രോശമെന്നാണ് കെഎസ്.യു നേതാവ് അഭിജിത്ത് അഭിപ്രായപ്പെട്ടത്. എസ്എഫ്‌ഐക്കാരുടെ തനിനിറം പുറത്തുവന്ന ചർച്ചയായി ഇതെന്നും അഭിജിത്ത് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അഭിജിത്ത് പറഞ്ഞത് ഇങ്ങനെ:
കെ-റെയിലുമായി ബന്ധപ്പെട്ട് ഇന്നലെ കോട്ടയത്ത് നടന്ന ചർച്ചയിൽ രാഹുൽ മാങ്കൂട്ടം എന്തുകൊണ്ട് കെ-റെയിൽ എതിർക്കപ്പെടണം എന്നത് കൃത്യമായി അവതരിപ്പിച്ചു. ഇതിൽ അസ്വസ്ഥരായ കെ-റെയിൽ പ്രചാരകർകൂടിയായ എസ്.എഫ്.ഐക്കാർ കെ-റെയിലിനെ ന്യായീകരിക്കാൻ പഠനാവശ്യത്തിന് എറണാകുളത്തേക്ക് പോകേണ്ടി വന്നാൽ യാത്രയ്ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ കെ-റെയിൽ ആവശ്യമാണെന്നും വാദിച്ചു എന്നാൽ യാത്ര ചെലവ് ഉൾപ്പെടെ വിവരിച്ച് ദുർബലമായ ആ വാദത്തെയും രാഹുൽ പൊളിച്ചടുക്കി.
അപ്പോഴാണ് എസ്.എഫ്.ഐക്കാർ തനിനിറം പുറത്തിറക്കുന്നത്.സ്റ്റേജിൽ നിന്ന് പുറത്ത് വരാനും, രാഹുലിന് നേരെ ആക്രോഷിക്കാനുമുള്ള എസ്.എഫ്.ഐയുടെ വ്യഗ്രത കലാലയങ്ങളിലെ എസ്.എഫ്.ഐ പ്രവർത്തനത്തിന്റെ നേർസാക്ഷ്യമാണ്. സ്വാതന്ത്ര്യം , ജനാധിപത്യം, സോഷ്യലിസം എന്ന് പറഞ്ഞ് വിദ്യാർത്ഥികൾക്കുവേണ്ടി പ്രവർത്തിക്കുന്നവരെന്ന് അവകാശപ്പെടുന്ന എസ്.എഫ്.ഐ കേരളത്തെ ഇല്ലാതാക്കുന്ന, വരുംതലമുറയെ ഇല്ലാതാക്കുന്ന കെ-റെയിലിനു വേണ്ടി വാദിച്ചുകൊണ്ട് പിണറായി വിജയന്റെ വാഴ്‌ത്തുപാട്ടുകാരാകുന്നത് എന്തൊരു അപഹാസ്യമാണ്.
കഴിഞ്ഞ ദിവസം മനോരമ ന്യൂസ് സംഘടിപ്പിച്ച കെ റെയിൽ ജംഗ്ഷൻ പരിപാടിയുടെ കോട്ടയം നട്ടാശേരിയിലെ വേദിയിലാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. ചാനൽ ചർച്ചക്കിടെ കെ റെയിലിനും എസ്.എഫ്.ഐക്കുമെതിരെ പറഞ്ഞപ്പോൾ ഭീഷണിമുഴക്കിയ സംഘത്തിനടുത്തേക്ക് നെഞ്ചുവിരിച്ച് ഇറങ്ങിച്ചെന്ന് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഇതോടെ വെല്ലുവിളിച്ചവർ നിശ്ശബ്ദരായെങ്കിലും കോൺഗ്രസ് പ്രവർത്തകരും അനുയായികളും രാഹുലിന് ചുറ്റും സുരക്ഷാ വലയം തീർത്ത് രംഗത്തുവന്നു.
രാഹുലിനെ കൂടാതെ ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസ്, ബിജെപി നേതാവ് ലിജിൻലാൽ, സമരസമര സമിതി നേതാവ് മിനി കെ. ഫിലിപ്പ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. നാട്ടുകാരും വിവിധ പാർട്ടി പ്രവർത്തകരുമാണ് സദസ്സിലുണ്ടായിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരുയുവാവും കൂടെയുള്ളവരും 'ഇറങ്ങി വന്നാൽ കാണിച്ചുതരാമെന്ന' തരത്തിൽ രാഹുലിനെ വെല്ലുവിളിച്ചു. ഈ വെല്ലുവിളി സ്വീകരിച്ച് രാഹുൽ ഇറങ്ങുകയായിരുന്നു.
ചർച്ചയിൽ, കെ റെയിലിനെ അനുകൂലിച്ച് സദസ്സിലുണ്ടായിരുന്ന പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർത്ഥിനി പറഞ്ഞതിനു പിന്നാലെയാണ് സംഭവം. പഠനത്തിന്റെ ഭാഗമായി എറണാകുളത്തുനിന്ന് കോട്ടയം വരെയും തിരിച്ചും ദിവസം 5 മണിക്കൂർ യാത്ര ചെയ്യുന്നുണ്ടെന്നും എറണാകുളത്ത് വീട് വാടകക്കെടുത്ത് നിൽക്കാൻ പണമില്ലെന്നുമായിരുന്നു വിദ്യാർത്ഥിനി പറഞ്ഞത്. സിൽവർലൈൻ വന്നാൽ ദിവസവും വീട്ടിൽ പോയി വരാം എന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, ഈ ചോദ്യത്തിന് രാഹുൽ കണക്ക് നിരത്തി മറുപടി പറഞ്ഞു. 'കെ റെയിലിൽ യാത്ര ചെയ്യാൻ ദിവസം 1200 രൂപ ചെലവാകും. ഒരു മാസം 20 ദിവസം പോകാൻ 24,000 രൂപ ചെലവ്. അതിലും ഭേദം എറണാകുളത്ത് 5000 രൂപ കൊടുത്ത് ഹോസ്റ്റലിൽ നിൽക്കുന്നതാണ്. ഹോസ്റ്റൽ എസ്.എഫ്.ഐ നൽകിയില്ലെങ്കിൽ ഞങ്ങൾ നൽകും' എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതോടെയാണ് സദസ്സിലുണ്ടായിരുന്ന ചിലർ 'ഇറങ്ങിവന്നാൽ കാണിച്ച് തരാമെന്ന്' വെല്ലുവിളിച്ചത്. പിന്നാലെ, രാഹുൽ വേദിയിൽ നിന്ന് ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.
മറുനാടന് ഡെസ്ക്