സിഡ്‌നി: സമീപകാലത്തൊന്നും ഇന്ത്യൻ പ്രധാനമന്ത്രിമാർക്ക് കിട്ടാത്തത്ര സ്വീകാര്യതയാണ് ചുരുങ്ങിയ കാലയളവുകൊണ്ട് നരേന്ദ്ര മോദി സമ്പാദിച്ചത്. വിദേശ രാജ്യങ്ങളിലെ നേതാക്കൾക്കിടയിലും അവിടുത്തെ സാധാരണക്കാർക്കിടയിലും മോദി താരമായിക്കഴിഞ്ഞു. ഓസ്‌ട്രേലിയയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ, ലോകനേതാക്കൾ മോദിയെ കാണാൻ തിരക്കുകൂട്ടിയതും അദ്ദേഹത്തിന്റെ വാക്കുകൾ ഒബാമയും പുട്ടിനുമുൾപ്പെടെയുള്ള നേതാക്കൾ സാകൂതം കേട്ടിരുന്നതും അതിന് തെളിവാണ്. അമേരിക്കയിലും ജപ്പാനിലും മ്യാന്മറിലും ഓസ്‌ട്രേലിയയിലുമൊക്കെ മോദിയെക്കാണാൻ ആളുകൾ കൂട്ടത്തോടെയെത്തുകയും ചെയ്തിരുന്നു.

മോദിയുടെ ഈ സ്വീകാര്യത ഏറ്റവും കൂടുതൽ തളർത്തിയിരിക്കുന്നത് പ്രതിപക്ഷമായ കോൺഗ്രസ്സിനെയാണ്. മോദിയുടേത് വെറും കൈയടി നേടാനുള്ള നാടകമാണെന്നാണ് കോൺഗ്രസ്സിന്റെ ആരോപണം. മോദിയുടെ സ്വീകരണവേദികളിലെത്തുന്ന വലിയ ജനക്കൂട്ടത്തെ ഇറക്കുമതി ചെയ്യുന്നതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് കോൺഗ്രസ് നേതാവും മുൻ വിദേശ കാര്യമന്ത്രിയുമായ സൽമാർ ഖുർഷിദാണ്.

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ മോദിയുടെ ചടങ്ങുകൾക്ക് അവിടുത്തെ ഇന്ത്യൻ വംശജർ ഒട്ടുമുക്കാലും എത്തിയിരുന്നു. മഹാത്മാ ഗാന്ധി പ്രതിമ അനാഛാദനം ചെയ്ത ചടങ്ങിലും ബ്രിസ്‌ബേൻ സിറ്റി ഹാളിൽ നൽകിയ പൗര സ്വീകരണത്തിലും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. മോദിയെകാണാനെത്തിയ ജനക്കൂട്ടത്തെക്കണ്ട് ക്വീൻസ്‌ലൻഡിന്റെ പ്രീമിയറായ കാംബൽ ന്യൂമൻ 'താങ്കൾക്ക് ഇവിടെ ഒട്ടേറെ ആരാധകരുണ്ടല്ലോ' എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ഈ സ്വീകരണങ്ങളാണ് കോൺഗ്രസ്സിനെ ചൊടിപ്പിച്ചിരിക്കുന്നത്. മോദിയുടെ സ്വീകരണവേദികളിലേക്ക് ഇന്ത്യയിൽനിന്നുപോലും ആളുകളെ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഖുർഷിദ് പറഞ്ഞു. മ്യാന്മറിൽ മോദിക്കുകിട്ടിയ സ്വീകരണം വെറും വ്യാജമായിരുന്നുവെന്നും ഖുർഷിദ് ആരോപിച്ചു. 'ഞാൻ രണ്ടുതവണ അവിടെ പോയിട്ടുണ്ട്. ഒരാളെപ്പോലും തെരുവിൽ കണ്ടിട്ടില്ല. ഇപ്പോൾ മോദിയുടെ പ്രസംഗം കേൾക്കാൻ 20000 പേർ എവിടെനിന്നുവന്നു? വിദേശത്തുപോകുമ്പോൾ, കേൾവിക്കാരെയും മോദി ഒപ്പം കൊണ്ടുപോകുന്നുണ്ടാകും'-ഖുർഷിദ് പറഞ്ഞു.

അമേരിക്കയിലെ മാഡിസൺ സ്‌ക്വയറിൽ മോദിക്ക് കിട്ടിയ സ്വീകരണത്തിലും ഖുർഷിദ് സംശയം പ്രകടിപ്പിച്ചു. അമേരിക്ക പോലൊരു രാജ്യത്ത് 20000 പേരെ സംഘടിപ്പിക്കുകയും അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്യുക അത്ര വലിയ കാര്യമൊന്നുമല്ല. അവിടുത്തെ ആളുകളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ മോദിയെ അംഗീകരിക്കാമെന്നും ഖുർഷിദ് പറഞ്ഞു. ഇവിടെനിന്ന് ആളുകളെ കൊണ്ടുപോയി സ്വീകരണ പരിപാടി വിജയിപ്പിക്കുകയല്ല, അവിടുത്തെ ജനങ്ങളെ സ്വാധീനിക്കുകയാണ് മോദി ചെയ്യേണ്ടതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

എന്നാൽ, കോൺഗ്രസ്സിന്റെ കുശുമ്പാണ് ഈ വാക്കുകളിൽ തെളിഞ്ഞുകാണുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. മോദിയുടെ ജനപ്രീതി കണ്ട് അസ്വസ്ഥരായ കോൺഗ്രസ്സിന്റെ പാപ്പരത്തമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. കോൺഗ്രസ്സിന്റെ അസ്വസ്ഥത മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു.