ന്യൂഡൽഹി: ഫേസ്‌ബുക്കിൽ നിന്ന് ഡേറ്റാ ചോർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പെട്ട കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോൺഗ്രസ് പാർട്ടിക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ. ബ്രിട്ടീഷ് പാർലമെന്റിന് മുമ്പാകെ വിസിൽ ബ്ലോവർ ക്രിസ്റ്റഫർ വെയ്‌ലിയാണ് വിവാദ കമ്പനിയുമായി കോൺഗ്രസിന് ഇടപാടുണ്ടായിരുന്നുവെന്ന ്തുറന്നടിച്ചത്. സിഎയുടെ മുൻ റിസർച്ച് ഡയറക്ടറാണ് വെയ്‌ലി.

കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയിൽ ഓഫീസുകളും ജീവനക്കാരുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ബ്രിട്ടീഷ് പാർലമെന്റ് സമിതിക്ക് അന്വേഷണത്തിനായി സമർപ്പിക്കാമെന്നും വെയ്‌ലി വാഗ്ദാനം ചെയ്തു.' കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപാടുകാർ കോൺഗ്രസാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവർ എല്ലാതരത്തിലുമുള്ള പദ്ധതികൾ ചെയ്തതായി അറിയാം. ദേശീയ തലത്തിൽ ചെയ്ത പദ്ധതികൾ അറിയില്ലെങ്കിലും പ്രാദേശികതലത്തിൽ ചെയ്തവ അറിയാം. ഇന്ത്യ ഒരുവലിയ രാജ്യമാണ്. ഒരുസംസ്ഥാനം തന്നെ ബ്രിട്ടനോളം വലിപ്പം വരാം. എന്തായാലും അവർക്ക് അവിടെ ഓഫീസുമുണ്ട്, ജീവനക്കാരുമുണ്ട്', വെയ്‌ലി പറഞ്ഞു.

കേംബ്രിഡ്ജ് അനലിറ്റക്കയെ ചൊല്ലി കോൺഗ്രസും ബിജെപിയും പരസ്പരം പഴിചാരുന്നതിനിടെയാണ് കോൺഗ്രസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. കേംബ്രിഡ്ജ് അനലിറ്റക്കയുടെ പ്രവർത്തനം ആധുനിക കാലത്തെ കോളനിവത്കരണമെന്ന് വിശേഷിപ്പിക്കാമെന്നാണ് ക്രിസ്റ്റഫർ വെയ്‌ലി പറയുന്നത്.

ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കേംബ്രിഡ്ജ് അനലിറ്റിക്ക ഇടപെടൽ നടത്തിയിട്ടുണ്ടെന്നും ക്രിസ്റ്റഫർ വെയ്‌ലി പറയുന്നു. കെനിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് തന്റെ മുൻഗാമി മരിച്ചത് വിഷപ്രയോഗംകൊണ്ടായിരിക്കാമെന്നും വെയ്‌ലി ബ്രിട്ടീഷ് പാർലമെന്റിനെ അറിയിച്ചു. ഇയാൾ യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ മുമ്പ് പ്രവർത്തിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. ഡേറ്റ ചോർത്തലുമായി ബന്ധപ്പെട്ട് കോൺഗ്രസും രാഹുൽ ഗാന്ധിയും ഇതുവരെ പറഞ്ഞുവന്നിരുന്നതെല്ലാം പച്ചക്കള്ളമാണെന്നു തെളിഞ്ഞതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി. രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച കോൺഗ്രസും രാഹുൽ ഗാന്ധിയും മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്‌ബുക് ഡേറ്റ ശേഖരിച്ച് ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയെന്നു വെയ്ലിയാണ് ലോകത്തെ ആദ്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിനെതിരെ നടപടിയെടുക്കുന്നതിനു മുന്നോടിയായാണു വെയ്ലിയെ പാർലമെന്റിലേക്കു വിളിച്ചു വരുത്തി പ്രത്യേക സമിതി വിശദീകരണം തേടിയത്.

എന്താണ് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം?

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണത്തിനുവേണ്ടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനം ഉപയോഗിച്ചുവെന്ന വിവാദമാണ് ഇപ്പോൾ കത്തിനിൽക്കുന്നത്. ഫേസ്‌ബുക്കിന്റെ 14 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ വിവാദമാണിത്. ഇതേത്തുടർന്ന് സ്ഥാപകൻ മാർക്ക് സുക്കർബർഗിന് പരസ്യമായി മാപ്പുചോദിക്കേണ്ടിവരികയും ചെയ്തു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ സംരക്ഷിക്കാനായില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ഫേസ്‌ബുക്കിനെ ബ്രിട്ടൻ താക്കീത് ചെയ്യുകയും ചെയ്തു.

ബ്രിട്ടൻ ആസ്ഥാനമായുള്ള ഡേറ്റ-മൈനിങ് കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. ഉപയോക്താക്കളുടെ അനുവാദമില്ലാതെ അഞ്ചുകോടിയാളുകളുടെ വ്യക്തിഗതവിവരങ്ങൾ ഇവർ ചോർത്തിയെടുത്തുവെന്നും അത് 2016-ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നുമാണ് വിവാദം. കേംബ്രിഡ്ജ് അനലിറ്റിക്കയിലെ മുൻജീവനക്കാരനായ ക്രിസ്റ്റഫർ വെയ്ലി ഇക്കാര്യങ്ങൾ പറയുമ്പോഴാണ് പുറംലോകം ഇതേക്കുറിച്ചറിയുന്നത്.

ഇതോടെ, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഫേസ്‌ബുക്കിന്റെ ശേഷി തന്നെ ചോദ്യം ചെയ്യപ്പെട്ടു. വാണിജ്യാവശ്യങ്ങൾക്കായി വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നതും ചോദ്യം ചെയ്യപ്പെട്ടു. തിരരഞ്ഞെടുപ്പുപോലുള്ള ഘട്ടങ്ങളിൽ അഭിപ്രായ രൂപവത്കരണതിന് സാമൂഹിക മാധ്യമങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ സാധ്യതകളും അപകടങ്ങളും ഇതോടെ ചർച്ചയായി. ഫേസ്‌ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കുമെതിരേ അമേരിക്കയും ബ്രിട്ടനും അന്വേഷണം തുടങ്ങി.

അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ തയ്യാറാക്കി വോട്ടർമാരുടെ വാളിൽ കടത്തിവിടുകയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ചെയ്തത്. .ഇതോടെ, വോട്ടടുപ്പിൽ എന്ത് നിലപാടെടുക്കണമെന്ന ആശയക്കുഴപ്പത്തിൽനിന്നവരെ സ്വാധീനിക്കാനും അത് ട്രംപിന് അനുകൂലമാക്കി മാറ്റാനുമായതായി വിലയിരുത്തപ്പെടുന്നു. പേഴ്സാലിറ്റി ടെസ്റ്റെന്ന രീതിയിൽ തയ്യാറാക്കിയ ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ് എന്ന ഫേസ്‌ബുക്ക് ആപ്പിലൂടെയാണ് വ്യകതിഗത വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ചത്.

അലക്സാണ്ടർ കോഗൻ എന്ന വിദഗധനാണ് ഇതിന് കേംബ്രിഡ്ജ് അനലിറ്റിക്കയെ സഹായിച്ചത്. എന്നാൽ, ഇങ്ങനെ ലഭിച്ച വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്തുവെന്നും ഈ വിവരങ്ങൾ രാഷ്ട്രീയ താത്പര്യത്തിനായി അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചിട്ടില്ലെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക പറയുന്നു. താൻ ബലിയാടാവുകയായിരുന്നുവെന്നാണ് കോഗന്റെ പ്രതികരണം. ട്രംപിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹായിച്ചതിന് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് 60 ലക്ഷം ഡോളർ പ്രതിഫലം ലഭിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കണക്കുകളിൽ കാണുന്നത്.

വിവാദമുണ്ടായി അഞ്ചുദിവസത്തിനുശേഷമാണ് ഫേസ്‌ബുക്ക് ഇതേക്കുറിച്ച് പ്രതികരിച്ചത്. വിവാദത്തിൽ കുടുങ്ങുമെന്ന ഘട്ടമെത്തിയപ്പോൾ സുക്കർബർഗ് മാപ്പപേക്ഷയുമായി രംഗത്തെത്തുകയായിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന പുതിയ നിർദ്ദേശങ്ങളും പദ്ധതികളും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. പുറമേനിന്നുള്ള ആപ്പുകൾ ഫേസ്‌ബുക്കിൽ വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുമെന്നും സുക്കർബർഗ് വ്യക്തമാക്കി.