ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെ കോടതിയിൽനിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാൻ ശ്രമമുണ്ടായിരുന്നുവെന്നു സൂചന. പഞ്ച്കുളയിലെ സിബിഐ കോടതിയിൽ ഹാജരാക്കിയ ഗുർമീതിനെ തട്ടിയെടുത്തു രക്ഷപ്പെടാനുള്ള അനുയായികളുടെ നീക്കം പൊളിച്ചെന്നാണ് വെളിപ്പെടുത്തൽ. അതിനിടെ ഗുർമീത് റാം റഹിം സിങ്ങിനു ശിക്ഷ വിധിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ്ങിനു സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനമായി. ജഡ്ജിക്കും കുടുംബത്തിനും നേരെ ഭീഷണികളുയർന്നിരുന്നു. 10 ദേശീയ സുരക്ഷാ ഗാർഡുകൾ അടക്കം 55 സായുധസേനാംഗങ്ങളുടെ സംരക്ഷണമാണു നൽകുക.

പ്രതിയെ ജയിലിൽ എത്തിച്ചതിന് പിന്നിലെ ഇടപെടൽ ഹരിയാന ഐജി കെ.കെ.റാവുവാണു വെളിപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണു ഗുർമീത് കുറ്റക്കാരനാണെന്നു പഞ്ച്കുളയിലെ കോടതി കണ്ടെത്തിയത്. നൂറുകണക്കിനു കാറുകളുടെയും അനുയായികളുടെയും അകമ്പടിയോടെ കോടതിയിലെത്തിയ ഗുർമീതിനെ ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സമയത്തായിരുന്നു അനുയായികളുടെ മോചിപ്പിക്കൽ ശ്രമം. ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ ഹരിയാന പൊലീസിലെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. വർഷങ്ങളായി ഗുർമീതിനു സുരക്ഷ നൽകുന്നവരാണിവർ. അഞ്ചുപേരെയും ഇന്നലെ പൊലീസ് സേനയിൽനിന്നു പുറത്താക്കി.

ഇവർക്കെതിരെ രാജ്യദ്രോഹം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ' കോടതിയിൽ നിന്നിറങ്ങിയപ്പോൾ തന്റെ വസ്ത്രങ്ങൾ വച്ചിട്ടുള്ള ചുവപ്പു ബാഗ് വേണമെന്നു ഗുർമീത് ആവശ്യപ്പെട്ടു. തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നും കലാപം തുടങ്ങൂ എന്നും അനുയായികൾക്കുള്ള ഗുർമീതിന്റെ സന്ദേശമായിരുന്നു ഇത്. ഗുർമീതിന്റെ കാറിൽനിന്നു ചുവപ്പുബാഗ് പുറത്തെടുത്തയുടൻ ഷെല്ലുകൾ പൊട്ടുന്ന ശബ്ദം മുഴങ്ങി. ഇതോടെ രക്ഷപ്പെടാനുള്ള ശ്രമമാണെന്നു സംശയമുണർന്നു. ഇതോടെ പൊലീസ് ജാഗരൂഗരായി.

ഗുർമീതിനെ പൊലീസ് വാഹനത്തിലേക്കു മാറ്റിയപ്പോൾ, വാഹനം ഗുർമീതിന്റെ അംഗരക്ഷകർ വളഞ്ഞു. ഇക്കൂട്ടത്തിൽ വർഷങ്ങളായി ഗുർമീതിനു സംരക്ഷണം നൽകുന്ന പൊലീസുകാരുമുണ്ടായിരുന്നു. അവരെ ബലം പ്രയോഗിച്ചു നീക്കിയാണു വാഹനം മുന്നോട്ടെടുത്തത്. ഗുർമീതിനൊപ്പം എത്തിയ എഴുപതോളം വാഹനങ്ങൾ അടുത്തൊരു തിയറ്റർ വളപ്പിൽ നിർത്തിയിട്ടിരുന്നു.

ഈ വാഹനങ്ങളിൽ ആയുധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ വഴി ഒഴിവാക്കിയാണു പൊലീസ് വാഹനം പോയത്. പിന്നീടു ഹെലികോപ്ടറിലാണു ഗുർമീതിനെ റോത്തക്കിലെ ജയിലിലേക്കു കൊണ്ടുപോയത്.