തൃശൂർ: വ്യക്തി വിദ്വേഷത്തിന്റെ പേരിൽ അക്കൗണ്ടിൽ പണമുണ്ടായിരുന്നിട്ടും ഇടപാടുകാരന്റെ ചെക്ക് മടക്കുകയും നിരന്തരം ബുദ്ധിമുട്ടിക്കുകയും ചെയ്തെന്ന പരാതിയിൽ കാനറാ ബാങ്ക് ഒരുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിനായിരുന്നു ഉത്തരവ് പുറത്തിറങ്ങിയത്. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം അടയ്ക്കാൻ ബാങ്ക് തയ്യാറായിട്ടില്ല.

കാനറാ ബാങ്ക് കൊടകര ബ്രാഞ്ചിൽ നിന്നുണ്ടായ തിക്താനുഭവങ്ങൾക്കെതിരെ വടൂർക്കര സ്വദേശി രജികുമാറാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. തൃശൂരിൽ സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനം നടത്തുന്ന രജികുമാർ കൊടകര കാനറാ ബാങ്കിൽ ഒരു കറന്റ് അക്കൗണ്ട് എടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കൊടകര ബ്രാഞ്ചിന്റെ മാനേജരായിരുന്ന കാലത്തായിരുന്നു തൃശൂരിൽ നിന്നും 20 കി.മി ദൂരമുള്ള കൊടകര ബ്രാഞ്ചിൽ അദ്ദേഹം അക്കൗണ്ട് എടുത്തത്. എന്നാൽ പിന്നീട് രജികുമാറിന്റെ ഭാര്യയ്ക്ക് വീടിനടുത്തുള്ള കുറുക്കഞ്ചേരിയിൽ ബ്രാഞ്ച് ആരംഭിക്കാനുള്ള ചുമതല ലഭിക്കുകയും കൊടകരയിൽ പുതിയ മാനേജർ വരുകയും ചെയ്തു.

അതിനുശേഷം രജികുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ ഒരു ബിൽ മാറുന്നതിന് ബാങ്കിൽ പോയപ്പോൾ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരൻ മാനേജർ സ്ഥലത്തില്ലെന്ന കാരണം പറഞ്ഞ് ബിൽ നൽകിയില്ല. ഇതറിഞ്ഞ് രജികുമാർ ബാങ്കിൽ ബന്ധപ്പെട്ടപ്പോഴും ഇതേ മറുപടി തന്നെ ലഭിച്ചു. മാനജരില്ലെങ്കിൽ പകരം ചാർജുള്ള ആളില്ലെ എന്നും ഒരു ഡിഡി വേണമെങ്കിൽ എന്തുവേണമെന്നും അദ്ദേഹം ചോദിക്കുകയും അവർ തമ്മിൽ വഴക്കാകുകയും ചെയ്തുവെന്ന് രജികുമാർ നൽകിയ പരാതിയിൽ പറയുന്നു. ബാങ്ക് ജീവനക്കാരൻ അതൊക്കെ ചോദിക്കാൻ താനാരാണെന്നും താൻ പോയി തന്റെ പണി നോക്കാനും പറഞ്ഞെന്നും പരാതിയുണ്ട്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രജികുമാർ ബാങ്കിന്റെ സർക്കിൾ ഓഫീസിലെ കസ്റ്റമർ സെല്ലിലേയ്ക്ക് പരാതി നൽകി. അതുലഭിച്ചപ്പോൾ മാനേജർ രജികുമാറിനെ സമീപിച്ച് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തന്നോട് പോയി പണി നോക്കാൻ പറഞ്ഞയാൾ മാപ്പ് പറയുകയോ അല്ലെങ്കിൽ ബാങ്ക് അയാൾക്കെതിരെ നടപടി എടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രജികുമാർ മാനേജരെ തിരിച്ചയച്ചു. എന്നാൽ ജീവനക്കാരൻ പ്രബലനാണെന്നും അയാൾ മാപ്പ് പറയില്ലെന്നും മാനേജർ അറിയിച്ചു. പരാതി പിൻവലിച്ചില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് ബില്ലും ചെക്കുമെല്ലാം വരുമ്പോൾ കാണിച്ചുതരാമെന്ന് വെല്ലുവിളിക്കുകയും ചെയ്തെന്ന് രജികുമാർ പരാതിപ്പെടുന്നു.

അതിന് ശേഷം തനിക്ക് വരുന്ന ബില്ലുകളും ചെക്കുകളും സമയത്തിന് പരമാവധി താമസിപ്പിക്കുകയും അദ്ദേഹത്തെ മനഃപൂർവം ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നുവെന്ന് രജികുമാർ പറയുന്നു. ബി.ഡി മഹാജൻ എന്ന സ്ഥാപനം എയച്ച ബിൽ എത്തിയെന്ന് വിളിച്ചറിയിച്ചിട്ട് ബാങ്കിൽ ചെന്നപ്പോൾ എത്തിയിട്ടില്ല എന്ന് പറഞ്ഞ് തിരിച്ചയച്ചെന്നും അദ്ദേഹം പരാതിപ്പെടുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം പൊലീസ് ഇടപെട്ടാണ് ബില്ല് വാങ്ങി നൽകിയത്. ഈ വിഷയത്തിൽ രജികുമാർ കൺസ്യൂമർ ഫോറത്തിൽ പരാതി നൽകുകയും ബാങ്ക് 20,000 രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുകയും ചെയ്തിട്ടുണ്ട്.

പിന്നീട് ചെക്കുകൾ വരുമ്പോൾ അവ പരമാവധി വൈകിപ്പിക്കാനും മടക്കാനുമുള്ള ശ്രമങ്ങൾ നടത്തി. രജികുമാറിന്റെ അക്കൗണ്ടിൽ പണമുണ്ടായിരിക്കെയാണ് ബാങ്ക് ചെക്ക് മടക്കിയത്. മാത്രമല്ല, അക്കൗണ്ടിൽ 23687.06 രൂപയുള്ളപ്പോൾ മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് 180 ഉം 22 ഉം രൂപ വീതം പിഴ ഈടാക്കുകയും ചെയ്തെന്നും രജികുമാർ പറയുന്നു.

ബാങ്ക് അധികൃതരുടെ വൈരാഗ്യബുദ്ധിയോടെയുള്ള ഈ വേട്ടയാടലിനെതിരെയാണ് രജികുമാർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയും ബാങ്ക് നഷ്ടപരിഹാരമായി 25000 രൂപയും 5000 രൂപയും ആറ് ശതമാനം പലിശയോടെ ഒരു മാസത്തിനുള്ളിൽ കോടതിയിൽ കെട്ടിവയ്ക്കാൻ ഉത്തരവിറങ്ങുകയും ചെയ്തത്. നിരവധി വർഷങ്ങളുടെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് രജികുമാറിനനുകൂലമായി ഉത്തരവുണ്ടായത്. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ ബാങ്ക് അധികൃതർ തയ്യാറായിട്ടില്ല. മാത്രമല്ല അപ്പീൽ നൽകുന്ന കാര്യവും ആലോചിക്കുന്നതേ ഉള്ളു എന്നാണ് കാനറാ ബാങ്ക് റിക്കവറി ആൻഡ് ലീഗൽ സെല്ലിന്റെ വിശദീകരണം.