- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുഡീഷ്യൽ അധികാരമുള്ള ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് സർക്കാരിൽ നിന്ന് കിട്ടുന്നത് അവഗണന മാത്രം; സാധാരണക്കാർക്ക് നീതി നൽകുന്ന സ്ഥാപനത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നത് കുത്തക മുതലാളിമാർക്ക് വേണ്ടിയോ? ഉപഭോക്തൃകമ്മിഷൻ പ്രസിഡന്റും കമ്മിഷണറും ശീതസമരത്തിൽ
കൊല്ലം: ജുഡീഷ്യൽ അധികാരമുള്ള ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ അധികാരങ്ങൾ എടുത്തു കളഞ്ഞേക്കും. ഇതിനുള്ള നീക്കം സർക്കാർ തലത്തിൽ സജീവമാണ്. ഭക്ഷ്യ, സിവിൽസപ്ലൈസ് ഉപഭോക്തൃ സേവനവകുപ്പിന്റെ കമ്മിഷണറാണ് നിയന്ത്രണങ്ങളുമായി രംഗത്തുവന്നത്. ഇതോടെ ഉപഭോക്തൃകമ്മിഷൻ പ്രസിഡന്റും കമ്മിഷണറും തമ്മിലുള്ള ശീതസമരവും ശക്തമായി.
റിട്ട. ഹൈക്കോടതി ജഡ്ജിയാണ് പ്രസിഡന്റ് പദവിയിലുള്ളത്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥർക്ക് കമ്മിഷണർ ഓഫീസ് പരിശീലനം തീരുമാനിച്ചു. തന്നെ അറിയിക്കാതെ നടത്തുന്ന പരിശീലനത്തിന് പോകേണ്ടതില്ലെന്ന് പ്രസിഡന്റ് എല്ലാ ജീവനക്കാർക്കും നിർദേശവും നൽകി. സ്ഥാപനമേധാവിയെ അറിയിക്കാതെ നടത്തുന്ന പരിശീലനം ഏതുരീതിയിലുള്ളതാണെന്ന് വ്യക്തമല്ലെന്നും, അദ്ദേഹത്തിന്റെ ഓഫീസ് രജിസ്ട്രാർ വിവിധഘടകങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. ഭക്ഷ്യ, സിവിൽസപ്ലൈസ് ഉപഭോക്തൃ സേവനവകുപ്പിന്റെ കമ്മിഷണറുടെ നടപടികളിൽ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് അതൃപ്തിയിലുമാണ്.
ധാരാളം കേസുകൾ ഉപഭോക്തൃകോടതിയിൽ പോസ്റ്റ് ചെയ്തിരിക്കെ പരിശീലനങ്ങൾക്കും മറ്റും പോകുന്നത് നടപടികളെ ബാധിക്കുമെന്നതാണ് കമ്മീഷന്റെ നിലപാട്. ജീവനക്കാരുടെ കുറവും കേസുകളെ ബാധിക്കുന്നുണ്ട്. സിവിൽ സപ്ലൈസ് വകുപ്പിൽനിന്നാണ് കമ്മിഷനിലേക്കുള്ള ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയോഗിക്കുന്നത്. ജുഡീഷ്യൽ സ്വഭാവമുള്ള ജോലികൾചെയ്ത് ശീലിക്കുന്നതിന് നിശ്ചിത സമയംവേണം. ജീവനക്കാർവന്ന് ജോലി ശീലിക്കുമ്പോൾ മാതൃവകുപ്പിലേക്ക് മാറ്റും. പകരമെത്തുന്നവർക്ക് വീണ്ടും ജോലി പഠിക്കണം. ഇതെല്ലാം കമ്മീഷൻ സർക്കാരിന് മുമ്പിൽ പ്രശ്‌നമായി അവതരിപ്പിച്ചു. എന്നാൽ പ്രശ്‌ന പരിഹാരമുണ്ടായില്ല.
പലപ്പോഴും ഇത്തരം ജീവനക്കാരുടെ മാറ്റങ്ങൾ തർക്കമായി. ആവശ്യത്തിന് ജീവനക്കാരെ ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫീസ് നൽകിയ കത്തുകൾ ഫലം കണ്ടില്ല. ഇതിനിടെയാണ് പരിശീലനത്തിന് ആളെ കൊണ്ടു പോകുന്നത്. ഇക്കാര്യം കമ്മീഷനെ അറിയിച്ചതുമില്ല. നേരത്തെ കേരളം ഉപഭോക്തൃകേസുകൾ കൈകാര്യംചെയ്യുന്നതിൽ മോശമാണെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന്, തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ മീഡിയേഷൻ കേന്ദ്രങ്ങൾ തുറന്നു. പക്ഷേ, ഇവിടെ ജീവനക്കാരില്ല. ജീവനക്കാരെ കൊടുക്കാൻ കമ്മിഷണർ തയ്യാറായില്ലെന്നാണ് ആരോപണം.
കേസുകളിൽ ശിക്ഷിക്കാൻ അധികാരമുള്ള ഫോറങ്ങൾക്ക്, ഉത്തരവ് നടപ്പിലാക്കാനുള്ള എക്‌സിക്യൂഷൻ വിങ് തുടങ്ങാനും ജീവനക്കാരില്ല. അതിനാൽ ഉത്തരവ് നടപ്പാക്കാൻ പ്രയാസം നേരിടുന്നുണ്ട്. ഓരോ ജില്ലയിലും ഏഴ് ജീവനക്കാരെയെങ്കിലും അടിയന്തരമായി വേണം. സ്റ്റേറ്റ് പ്രസിഡന്റിന്റെ കാർ പഴയതാണ്. ഇത് മാറ്റിനൽകണമെന്ന് ആവശ്യവും അംഗീകരിച്ചിട്ടില്ല. കേരളത്തിൽ മന്ത്രിമാരും മറ്റും പുതിയ കാറുകൾ ആറുമാസത്തിൽ ഒരിക്കൽ മാറ്റുന്നുണ്ട്. എന്നിട്ടും കമ്മീഷൻ മേധാവിയുടെ ആവശ്യം പരിഗണിക്കുന്നു പോലുമില്ല.
മറുനാടന് മലയാളി ബ്യൂറോ