- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെയിലു കൊള്ളേണ്ട, ക്യൂ നിൽക്കേണ്ട; കുപ്പി വീണ് പൊട്ടുമെന്ന പേടിയും വേണ്ട; കൺസ്യൂമർഫെഡിന്റെ വിദേശമദ്യ വിൽപ്പനശാലകളിൽ ക്യാരീബാഗും ക്രെഡിറ്റ് കാർഡും എടുക്കും; കുടിയന്മാരെ സർക്കാർ സ്നേഹിച്ചു കൊല്ലുന്നു
തിരുവനന്തപുരം: പത്തുവർഷത്തിനുള്ളിൽ വിദേശ മദ്യവിൽപ്പനശാലകളുടെ എണ്ണം കുറയ്ക്കുമെന്നു സർക്കാർ പറഞ്ഞത് കേരളം മറന്നിട്ടില്ല. അതിന്റെ പേരിൽ 418 ബാറുകൾ പൂട്ടിയതും കോഴക്കഥകളും ഒന്നും മറക്കാറായിട്ടില്ല. അപ്പോൾ അതാ വരുന്നു വിദേശമദ്യ വിൽപ്പനശാലകളിൽ പുതിയ പരിഷ്‌കരണങ്ങൾ. കൺസ്യൂമർഫെഡ് മുഖേനയാണ് ആദ്യപരിഷ്‌കരണങ്ങൾ വിജയിപ്പിച്ചതെങ്കിൽ ഇനിയ
തിരുവനന്തപുരം: പത്തുവർഷത്തിനുള്ളിൽ വിദേശ മദ്യവിൽപ്പനശാലകളുടെ എണ്ണം കുറയ്ക്കുമെന്നു സർക്കാർ പറഞ്ഞത് കേരളം മറന്നിട്ടില്ല. അതിന്റെ പേരിൽ 418 ബാറുകൾ പൂട്ടിയതും കോഴക്കഥകളും ഒന്നും മറക്കാറായിട്ടില്ല. അപ്പോൾ അതാ വരുന്നു വിദേശമദ്യ വിൽപ്പനശാലകളിൽ പുതിയ പരിഷ്‌കരണങ്ങൾ. കൺസ്യൂമർഫെഡ് മുഖേനയാണ് ആദ്യപരിഷ്‌കരണങ്ങൾ വിജയിപ്പിച്ചതെങ്കിൽ ഇനിയുള്ള എല്ലാ പരിഷ്‌കരണങ്ങളും കൺസ്യൂമർഫെഡിലൂടെത്തന്നെ നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
വിദേശമദ്യത്തിന്റെ സൂപ്പർമാർക്കറ്റ്, ഓൺലൈൻ ബുക്കിങ് സംവിധാനം എന്നിവയാണ് ആദ്യം പ്രഖ്യാപിച്ചത്. അതിനുപുറമേ പണം ക്രെഡിറ്റ് കാർഡ് വഴി നൽകുന്ന സംവിധാനവും മദ്യം കൊണ്ടുപോകാൻ ക്യാരീബാഗ് നൽകുന്ന സംവിധാനവും ഉടൻ നടപ്പാക്കാൻ കൺസ്യൂമർഫെഡ് തീരുമാനിച്ചു കഴിഞ്ഞു. ഇതോടെ ലുലുമാളിലും ബിഗ് ബസാറിലുമൊക്കെ കയറി ഷോപ്പിങ് നടത്തുന്നവരേപ്പോലെ കുടിയന്മാരെയും 'ഹൈടെക്' ആക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മദ്യം ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രാബല്യത്തിൽ വന്നില്ല. അതിനുപിന്നാലെയാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ആലോചിക്കുന്നത്. സംസ്ഥാനത്ത് കൺസ്യൂമർഫെഡ് ആരംഭിച്ച 10 സൂപ്പർമാർക്കറ്റുകളിലും ഉടൻ ക്രെഡിറ്റ് കാർഡ് സംവിധാനവും ക്യാരീബാഗ് വിതരണവും നടപ്പാക്കും. ക്യാരീബാഗിന് അഞ്ചുരൂപ അധികം ഈടാക്കുകയും ചെയ്യും.
റോഡരികിലും ജംഗ്ഷുകളിലുമുള്ള മദ്യവിൽപ്പന ശാലകളിൽ ആളുകളുടെ നീണ്ടനിരയുണ്ടാകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മദ്യവിൽപ്പനയ്ക്ക് സൂപ്പർമാർക്കറ്റുകൾ തുടങ്ങിയത്. തിരുവനന്തപുരത്തെ ഉള്ളൂരിലായിരുന്നു ആദ്യ പരിഷ്‌കരണം. ഇതിനെതിരെ ശക്തമായ പ്രതിഷേധ സ്വരങ്ങൾ ഉയർന്നുവന്നെങ്കിലും വിലപ്പോയില്ല. തുടർന്ന് സംസ്ഥാനത്താകെ പത്തു സൂപ്പർമാർക്കറ്റുകൾ തുടങ്ങി. പത്തും ഹിറ്റ്.
കൺസ്യൂമർഫെഡിന്റെ മറപിടിച്ച് ബിവവേറജസ് കോർപ്പറേഷന്റെ കീഴിലും സൂപ്പർമാർക്കറ്റുകൾ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന.
മദ്യ ഉപഭോഗം കുറയ്ക്കാനെന്ന വ്യാജേന ബാറുകൾ പൂട്ടിച്ച സർക്കാർ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കാൻ പുതിയ വഴികൾ തേടുകയാണെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. മദ്യപാനത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള നടപടികളാണ് സർക്കാർ നടപ്പാക്കുന്നതെന്നാണ് പ്രധാന ആരോപണം.
തിരുവനന്തപുരത്ത് ആറാമത്തെ സൂപ്പർമാർക്കറ്റ് സ്റ്റാച്യുവിൽ കഴിഞ്ഞദിവസം തുറന്നു. പേരുർക്കടയിലും ഉടൻ തുടങ്ങാനാണ് നീക്കം. ചില സൂപ്പർമാർക്കറ്റുകൾക്ക് ഉള്ളിൽതന്നെ ക്യൂ നിൽക്കുന്ന കൗണ്ടറുകളും തുടങ്ങിയിട്ടുണ്ട്. ഇതോടെ നാട്ടുകാർ കാണാതെ 'ധൈര്യമായി' മദ്യം വാങ്ങാനുള്ള അവസരമാണ് സർക്കാർ നൽകുന്നത്. 'വില കൂടിയ മദ്യങ്ങൾക്ക് ക്യൂ ആവശ്യമില്ല' എന്ന ബോർഡും ഇത്തരം സൂപ്പർമാർക്കറ്റുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും നിലവിലുള്ള ഔട്ട് ലെറ്റുകളിൽ തിരക്കനുസരിച്ച് അധിക കൗണ്ടറുകൾ തുറക്കാനുള്ള അനുവാദവും സർക്കാർ നൽകിക്കഴിഞ്ഞു. സംസ്ഥാനത്താകെ ഇത്തരത്തിൽ ആയിരത്തിലേറെ പുതിയ കൗണ്ടറുകൾ തുടങ്ങിയിട്ടുണ്ട്. ഓണത്തിനു വിൽപ്പന കൂട്ടുകയാണ് സർക്കാരിന്റെ ലക്ഷ്യം. കൂടുതൽപേരെ മദ്യത്തിന് അടിമകളാക്കാനേ പുതിയ പരിഷ്‌കാരങ്ങൾ സഹായിക്കുകയുള്ളുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.