പത്തനംതിട്ട: ധനമന്ത്രി കെ.എം. മാണിയുടെ കഷ്ടകാലം ഉടനെയെങ്ങും തീരുന്ന ലക്ഷണമില്ല. ബാർ ഹോട്ടൽ അസോസിയേഷന് പിന്നാലെ സർക്കാർ കരാറുകാരുടെ അസോസിയേഷനും ധനവകുപ്പിന്റെ നെഞ്ചത്തു കയറുന്നു. ഈ രീതി തുടർന്നാൽ കൈക്കൂലിക്കഥകൾ തങ്ങളും പുറത്തുവിടേണ്ടി വരുമെന്നു കരാറുകാരുടെ നേതാവിന്റെ ഭീഷണി. പൊതുമരാമത്ത്-ജലവിഭവ വകുപ്പ് കരാറുകാരുടെ കുടിശിക നിർമ്മാർജനപദ്ധതി ധനവകുപ്പ് അട്ടിമറിച്ചതിന്റെ പേരിലാണ് ഭീഷണി. ഏപ്രിൽ മുതൽ സർക്കാരിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും സ്തംഭിപ്പിക്കുമെന്നും സർക്കാർ കരാറുകാരുടെ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

പുതുതായി ഒരു പണിയും ആരും ഏറ്റെടുക്കില്ല. ബില്ലുകൾ പൊതുമരാമത്ത് വച്ചുതാമസിപ്പിക്കുകയാണ്. ഡിവിഷൻ ഓഫീസിൽ മൂന്നു പേരാണ് ബിൽ ചെക്ക് ചെയ്യുന്നത്. ജില്ലാ ഓഫീസിൽ ഏഴു പേരും. പിന്നെയുമുണ്ട് ഓഡിറ്റർമാരുടെ പരിശോധന. ഇതിനെല്ലാം കൃതമായ പടിയുണ്ട്. ഇവർക്ക് മാത്രമല്ല, എൻജിനീയർമാർക്കും പടി നൽകണം. അപ്പോൾ റോഡിൽ വീഴുന്ന ടാറിന്റെയും മറ്റു സാമഗ്രികളുടെയും അളവിൽ കുറവ് വരുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു. അല്ലാതെ തങ്ങൾ എന്തു ചെയ്യാൻ. ബാങ്കിൽനിന്നും മറ്റും ലോണെടുത്ത് വർക്ക് ചെയ്യുന്നത് തങ്ങൾക്ക് കൂടി ലാഭം കിട്ടുമെന്ന പ്രതീക്ഷയിലാണ്. കൈക്കൂലി എത്ര വേണമെങ്കിലും കൊടുക്കാമെന്ന് കണ്ണമ്പള്ളി പറഞ്ഞു. പൊതുമരാമത്ത് ഓഫീസിലെ ജീവനക്കാർക്ക് പണി അതുപോലെയുണ്ട്. അപ്പോൾ അവർക്ക് ഒരു പാരിതോഷികം നൽകുന്നതിൽ തെറ്റൊന്നുമില്ലെന്നുമാണ് കണ്ണമ്പള്ളിയുടെ അഭിപ്രായം.

സർക്കാർ കരാറുകാരുടെ കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതലുള്ള 2500 കോടിയുടെ കുടിശിക ബാങ്കുകളുടെ സഹകരണത്തോടെ കൊടുത്തു തീർക്കാനുള്ള പദ്ധതിയാണ് ധനവകുപ്പ് അട്ടിമറിച്ചതായി അസോസിയേഷൻ സംസ്ഥാനകമ്മിറ്റി നേതാക്കൾ ആരോപിക്കുന്നത്. ബില്ലുകൾ പാസാകുന്ന മുറയ്ക്ക് കരാറുകാർക്ക് അധികബാധ്യത ഉണ്ടാകാത്ത വിധം ബാങ്കുകൾ വഴി പണം ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. ഇതാണ് അനാവശ്യ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ച് ധനവകുപ്പ് അട്ടിമറിച്ചത്. വകുപ്പിന്റെ നിബന്ധന പ്രകാരം ബില്ലുകൾ പാസാക്കി ഒരു വർഷം കഴിഞ്ഞു മാത്രമേ ബാങ്കുകൾ വഴി ഡിസ്‌കൗണ്ട് ചെയ്യാൻ അനുവദിക്കുകയുള്ളൂ.

അതോടൊപ്പം സർക്കാർ ബാങ്കുകൾക്ക് പണം തിരികെ നൽകുന്നതു വരെയുള്ള പലിശയും കരാറുകാർ നൽകണം. ഈ രീതിയിൽ ബില്ലു പാസാക്കിയാൽ കുറഞ്ഞത് 20 ശതമാനം തുകയെങ്കിലും പലിശയിനത്തിൽ കരാറുകാർക്ക് നഷ്ടമാകും. കുടിശിക മൂലം കടം കയറി ജപ്തി ഭീഷണി നേരിടുന്ന കരാറുകാരെ അപമാനിക്കുന്ന സമീപനമാണിതെന്ന് കേരളാ ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് എൻ.പി. ഗോപാലകൃഷ്ണൻ, കെ. ബാബുരാജ് എന്നിവർ പറഞ്ഞു.


ഇന്ന് വൈകിട്ട് അഞ്ചിന് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കരാറുകാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ ധനവകുപ്പിന്റെ പുതിയ നിബന്ധന പിൻവലിക്കാൻ തയാറാകുന്നില്ലെങ്കിൽ കരാറുകാർ ആരംഭിച്ചിട്ടുള്ള അറസ്റ്റ് വരിക്കൽ സമരം ഊർജിതപ്പെടുത്തുമെന്നും 18 ന് തിരുവനന്തപുരത്തെ ചീഫ് എൻജിനീയർമാരുടെ ഓഫീസുകൾ പിക്കറ്റ് ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.