- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിങ്ക് സൗണ്ടും ഡബ്ബ് സിനിമയും മനസ്സിലാക്കാൻ ജൂറിക്ക് കഴിയാത്തത് നാണക്കേട്; ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ വിവാദം; ജൂറിക്കെതിരെ നിതിൻ ലൂക്കോസ്; ചെയ്യാത്ത ജോലിക്ക് ദേശീയ പുരസ്‌കാരം കിട്ടിയതിന്റെ ഷോക്കിലാണ് അവാർഡ് ജേതാവെന്നും വിമർശനം; തെറ്റ് ചൂണ്ടിക്കാട്ടി റസൂൽ പൂക്കുട്ടിയും രംഗത്ത്
കോഴിക്കോട്: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെ ചൊല്ലി വിവാദം. പൂർണമായും ഡബ് ചെയ്ത സിനിമയ്ക്ക് സിങ്ക് സൗണ്ടിന് പുരസ്‌കാരം നൽകിയതാണ് വിവാദമായത്. ദൊള്ളു എന്ന കന്നട ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. ജോബിൻ ജയറാം എന്നയാളാണ് അവാർഡ് നേടിയത്. സിൻക് സൗണ്ടും ഡബ്ബ് സിനിമയും മനസ്സിലാക്കാൻ ജൂറിക്ക് കഴിയാത്തത് നാണക്കേട് എന്ന് ചിത്രത്തിൽ സൗണ്ട് ഡിസൈനിങ് നിർവഹിച്ച മലയാളിയായ നിതിൻ ലൂക്കോസ് തുറന്നടിച്ചു. നിതിൻ ലൂക്കോസിന്റെ വിമർശനം ഏറ്റെടുത്ത് റസൂൽ പൂക്കുട്ടിയും രംഗത്ത് വന്നു.
കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്‌കാരം ലഭിച്ചത്. ജോബിൻ ജയന്റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. പക്ഷേ ഈ ചിത്രം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണ് എന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് പറഞ്ഞു. കൃഷ്ണനുണ്ണി എന്നയാളാണ് സൗണ്ട് മിക്‌സ് ചെയ്തത്. ജോബിന്റെ പേര് എങ്ങനെ അവാർഡ് പട്ടികയിൽ വന്നുവെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. .
സാധാരണ സിനിമയ്‌ക്കെന്ന പോലെ സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്ത സിനിമയായിരുന്നു അത്. ജൂറി സിനിമ കണ്ടിട്ടാണോ അവാർഡ് കൊടുത്തതെന്ന് അറിയില്ല. ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം അവർക്ക് കേട്ടിട്ട് മനസിലാവാത്തതാണോ എന്നും അറിയില്ല. ജൂറിക്ക് ഇക്കാര്യത്തിൽ തെറ്റുപറ്റിയിട്ടുണ്ട്. അവാർഡ് പ്രഖ്യാനം വന്നപ്പോൾത്തന്നെ എന്താണിതെന്നോർത്ത് ഞങ്ങൾ തന്നെ അദ്ഭുതപ്പെട്ടു. ചെയ്യാത്ത ജോലിക്ക് ദേശീയ പുരസ്‌കാരം കിട്ടിയതിന്റെ ഷോക്കിലാണ് അവാർഡ് ജേതാവായ ജോബിനെന്നും നിതിൻ ലൂക്കോസ് പറഞ്ഞു.
വയനാടിൽ ഒരു ട്രീറ്റ്‌മെന്റിൽ കഴിയുമ്പോഴാണ് അവാർഡ് കിട്ടിയെന്ന് അറിയുന്നതെന്ന് പുരസ്‌കാരത്തിനർഹനായ ജോബിൻ ജയൻ പ്രതികരിച്ചു. ഈ സിനിമയിൽ ഡൊല്ലു എന്ന വാദ്യോപകരണത്തിന്റെ ശബ്ദം റെക്കോർഡ് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമയിൽ അഭിനയിച്ച ആ ഉപകരണം വായിക്കുന്ന കലാകാരന്മാരെക്കൊണ്ട് വീണ്ടും വായിപ്പിച്ച് റെക്കോർഡ് ചെയ്യുകയായിരുന്നു. ആ സിനിമ മുഴുവൻ ഡബ്ബ് ചെയ്തതാണ്. സിങ്ക് സൗണ്ട് അല്ല. അവാർഡിന്റെ കാര്യം ഞാൻ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസുമായി സംസാരിച്ചിരുന്നു. എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ജോബിൻ പറഞ്ഞു.
നേരത്തെ ഓസ്‌കർ പുരസ്‌കാരജേതാവ് റസൂൽ പൂക്കുട്ടി ഇക്കാര്യം ഉന്നയിച്ച് ട്വീറ്റ് ചെയ്തിരുന്നു, ഇത് ഡബ്ബ് സിനിമയാണെന്ന് ഡോൾ സിനിമയുടെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് സ്ഥിരീകരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് നിതിൻ ട്വിറ്ററിലൂടെ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ