തിരുവനന്തപുരം : മാധ്യമത്തിന്റെ പേര് ജനശബ്ദം. പാസിലെ പേര് റോജ. എൻ. വാഹന നമ്പർ കെഎൽ-21 -ജെ-7700. സെക്രട്ടേറിയറ്റിൽ പ്രവേശിക്കാൻ മാധ്യമപ്രവർത്തകർക്ക് അനുവദിക്കുന്ന മീഡിയ എൻട്രി പാസിന്റെ കാലാവധി ഫെബ്രുവരി 27 വരെ. കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ പതിച്ചിരിക്കുന്നത് മീഡിയ പാസ് ഇങ്ങനെയാണെങ്കിൽ കാറിന്റെ മുമ്പിൽ വച്ചിരിക്കുന്നത് എംഎൽഎയുടെ ബോർഡ്. എംഎൽഎ.യ്ക്കും പ്രസ് അക്രഡിറ്റേഷനോ എന്ന ചോദ്യമാണ് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ തന്നെ ചോദിക്കുന്നത്. വാഹനത്തിൽ ഒരേ സമയം എംഎൽഎയുടെ ബോർഡും പ്രസ് അക്രഡിറ്റേഷനുമായി തലസ്ഥാനത്ത് വിലസുന്നത് ആരാണെന്നായി അന്വേഷണം.

ഈ പൊലീസുകാരൻ മുൻ മന്ത്രി അനൂപ് ജേക്കബിന്റെ ഗൺമാനായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എംഎൽഎയുടെയും മാധ്യമ അക്രഡിറ്റേഷന്റേയും ആനുകുല്യം ഒരേ സമയം ഇയാൾ അനുഭവിക്കുകയാണ്. സെക്രട്ടറിയേറ്റിനുള്ളിൽ പ്രവേശിക്കുന്നതിന് മാധ്യമങ്ങൾക്ക് ലഭിക്കുന്ന പാസ് വാഹനത്തിന്റെ ഗ്ലാസിലും വാഹനത്തിന്റെ മുൻപിൽ എംഎൽഎ എന്ന് വലിയ ചുവന്ന അക്ഷരത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുമ്പിൽ പാർക്ക് ചെയ്ത നിലയിലാണ് ഈ വാഹനം കഴിഞ്ഞ ദിവസം കാണപ്പെട്ടത്. വാഹനത്തിൽ ജനശബ്ദം പ്രസിദ്ധീകരണത്തിനുള്ള പാസ് ആണ് സ്റ്റിക്കറായി ഒട്ടിച്ചിരിക്കുന്നത്. വാഹനം പൊലീസ് ഉദ്യോഗസ്ഥനായ സ്വകാര്യ വ്യക്തിയുടെ പേരിലാണ് മോട്ടോർ വാഹന രജിസ്റ്ററിൽ വ്യക്തമാവുന്നത്. സജി രാജ്കുമാർ.കെ.എന്ന വ്യക്തിയുടെ പേരിലുള്ള വാഹനം നെടുമങ്ങാട് ആർടി ഓഫീസിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2014 ജൂലൈ 30 നാണ് വാഹനം പുറത്തിറങ്ങിയിരിക്കുന്നത്.

ജനശബ്ദത്തിന്റെ ഓഫിസ് പ്രസ് ക്ലബ് റോഡിൽ മുൻ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും സൂചനയുണ്ട്. പ്രസിഡൻസി ടവർ ഹോട്ടലിന്റെ എതിർവശത്തായാണ് ജനശബ്ദം പത്രത്തിന്റെ ബോർഡ് വച്ച് പ്രവർത്തിക്കുന്നത്. ഇവിടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല.ഒരേ സമയം എംഎൽഎയുടെ ബോർഡും, പ്രസ് അക്രെഡിറ്റേഷനും ഒരാൾക്ക് കിട്ടിയതിലെ മറിമായമാണ് ഇനി അന്വേഷിക്കേണ്ടത്. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ തന്നെയാണ് ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നത് എന്നതാണ് ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നത്.