ന്യൂഡൽഹി: പ്രഭാതസവാരിക്കെടുക്കുന്ന സമയം കൊണ്ട് സംരംഭകർക്ക് ഒരു കോടിരൂപ വരെ വായ്പ ലഭ്യമാകുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസങ്ങളായി. ഈ മാസം ആദ്യം ഡൽഹി വിജ്ഞാന ഭവനിൽ ചെറുകിട ഇടത്തരം സംരംഭകർക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 59 മിനിട്ട് കൊണ്ട് പത്തു ലക്ഷം മുതൽ ഒരു കോടി വരെ വായ്പ ലഭ്യമാക്കുന്ന ഈ പദ്ധതി പ്രകാരം ജിഎസ്ടിയിൽ രജിസ്ടർ ചെയ്ത ചെറുകിട സംരംഭകർക്ക് രണ്ടു ശതമാനം വരെ നികുതിയിളവ് ഒരു കോടി വരെയുള്ള വായ്പയ്ക്ക് ലഭിക്കുമെന്നും മോദി വെളിപ്പെടുത്തി.

ചെറുകിട സംരംഭകർക്കായുള്ള ദീപാവലി സമ്മാനമായി വെളിപ്പെടുത്തിക്കൊണ്ട് പ്രഖ്യാപിച്ച 59 മിനിട്ട് ലോൺ പദ്ധതിക്ക് വൻപ്രതികരണമാണ് ചെറുകിട ഇടത്തരം സംരംഭകരിൽ നിന്ന് ഉണ്ടായത്. എന്നാൽ അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു കൊണ്ടുള്ള ബിജെപിയുടെ വെടിപൊട്ടിക്കലാണ് ഇതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുമ്പോഴും 59 മിനിട്ട് ലോൺ ഒരു തട്ടിപ്പാണോ എന്ന സംശയവും പല മാധ്യമങ്ങളും ഉയർത്തുന്നുണ്ട്.

59 മിനിട്ട് ലോണിനായി ഓൺലൈൻ അപേക്ഷ നൽകിയവരിൽ നിന്ന് അപേക്ഷാഫീസായി 1180 രൂപ ആവശ്യപ്പെട്ടതാണ് പദ്ധതിയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത്. www.psbloansin59minutes.com എന്ന പോർട്ടൽ വഴിയാണ് സംരംഭകർ ലോണിന് അപേക്ഷിക്കേണ്ടത്. ലോൺ പാസാക്കുന്നത് സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ഐഡിബിഐ) ആണെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പോർട്ടൽ കൈകാര്യം ചെയ്യുന്നത് അഹമ്മദാബാദ് ആസ്ഥാനമായിട്ടുള്ള സ്വകാര്യകമ്പനിയായ കാപ്പിറ്റ വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് ആണെന്ന് ഓൺലൈൻ അപേക്ഷാ ഫോമിൽ തന്നെ വ്യക്തമാണ്.

പോർട്ടൽ നടത്തുന്നത് സ്വകാര്യ കമ്പനിയുടേത് ആയതിനാൽ അപേക്ഷകരിൽ നിന്ന് സ്വീകരിക്കുന്ന അപേക്ഷാ ഫോം ഫീസായ 1180 രൂപ കാപ്പിറ്റ വേൾഡിനു തന്നെ പോകുമെന്ന് സാമ്പത്തികരംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. ആപ്ലിക്കേഷൻ ഫീസ് നൽകി ഓൺലൈൻ പ്രോസസ് പൂർത്തിയാക്കിയ അപേക്ഷകന് ലോൺ പാസായ വിവരം അറിയിച്ച് സ്‌ക്രീനിൽ തെളിയുകയും ചെയ്യും. എന്നാൽ ലോൺ തത്വത്തിൽ (in principle) പാസായി എന്ന വിവരമാണ് കാണിക്കുന്നത്.

മറ്റു ബാങ്കുകൾക്ക് ലോൺ പാസാക്കിയെടുക്കാൻ ഏറെ കടമ്പകൾ കടക്കേണ്ടി വരുമ്പോഴാണ് www.psbloansin59minutes.com പോർട്ടൽ ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് ലോൺ പാസാക്കുന്നത്. ടാക്‌സ് റിട്ടേൺ, ഓണർഷിപ്പ് വിശദാംശങ്ങൾ, ജിഎസ്ടി വിശദാംശങ്ങൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ രേഖകൾ നൽകിയാലുടൻ ലോൺ തത്വത്തിൽ പാസായി എന്ന അറിയിപ്പ് ലഭിക്കും. ഈ അപേക്ഷകൾ ബാങ്കിന് പിന്നീട് കൈമാറി അപേക്ഷന് ലോണിന് അർഹതയുണ്ടെങ്കിൽ മാത്രമേ ലോൺ അനുവദിക്കുകയുമുള്ളൂ. ലഭിക്കുന്ന ലോൺ തുകയുടെ 0.35 ശതമാനം സർവീസ് ചാർജായി കാപ്പിറ്റ വേൾഡിന് വീണ്ടും നൽകണമത്രേ...

വിനോദ് മോധ, ജിനാൻഡ് ഷാ എന്നിവർ 2015-ൽ മാത്രം സ്ഥാപിച്ച കമ്പനിയാണ് കാപ്പിറ്റ വേൾഡ്. കൂടാതെ ഇതിന്റെ മറ്റൊരു ഡയറക്ടറാണ് അഖിൽ ഖാണ്ട. 2014-ൽ ഗുജറാത്തിൽ മോദിക്കായി തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന വ്യക്തിയാണ് അഖിൽ ഖാണ്ട. മാത്രമല്ല ഇയാൾക്ക് അനിൽ അംബാനിയുമായി അടുത്ത ബന്ധമുണ്ടെന്നും തെളിവുകൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ കാപ്പിറ്റ വേൾഡും, അനിൽ അംബാനിയും തമ്മിലുള്ള ബന്ധവും മോദിയുടെ 59 മിനിട്ട് ലോൺ പദ്ധതിയും തമ്മിൽ കൂട്ടിവായിക്കുമ്പോൾ പദ്ധതിയുടെ ഗുണഭോക്താക്കൾ ചെറുകിട ഇടത്തരം സംരംഭകരാണോ അതോ രാജ്യത്തെ ശതകോടീശ്വരന്മാരാണോ എന്ന കാര്യത്തിൽ സംശയം ഇല്ലാതില്ല.

2015-ൽ സ്ഥാപിതമായ കാപ്പിറ്റ വേൾഡ് നാളിതു വരെ യാതൊരു ബിസിനസും ചെയ്തിട്ടില്ലെന്നും വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്. 2017 മാർച്ച് 31 വരെയുള്ള കമ്പനിയുടെ വരുമാനം വെറും 15,000 രൂപയായിരുന്നുവെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ പ്രഖ്യാപിച്ച ഒരു പദ്ധതിയുമായി ഒരു സ്വകാര്യ കമ്പനിയെ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സംശയത്തിന്റെ നിഴലിലാണ്. ഒരു മേഖലയിലും കഴിവു തെളിയിച്ചിട്ടില്ലാത്ത കമ്പനിക്ക് പദ്ധതി നടത്തിപ്പ് കൊടുത്തതിന്റെ ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മാത്രമല്ല, അപേക്ഷകരിൽ നിന്നു സ്വീകരിച്ച വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇപ്പോൾ ഏവരിലും സംശയം ഉയരുന്നുണ്ട്.

അപേക്ഷാ ഫീസായും സർവീസ് ചാർജായും അപേക്ഷകരിൽ നിന്നു പണം വാങ്ങുമ്പോൾ കാപ്പിറ്റ വേൾഡിന്റെ പെട്ടിയിൽ വീഴുന്നത് കോടിക്കണക്കിന് രൂപയാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ 59 മിനിട്ട് ലോൺ കൊണ്ട് ശതകോടീശ്വരന്മാരാകാൻ പോകുന്നത് കാപ്പിറ്റൽ വേൾഡും അതിന്റെ ഉടമസ്ഥരുമാണ്. നോട്ടുനിരോധനവും ജിഎസ്ടിയും അടിച്ചേൽപ്പിച്ചു രാജ്യത്തെ തകർത്തതിനു ശേഷം അധ്വാനിക്കുന്ന ജനതയിൽ നിന്നു പണം പിഴിയാൻ മറ്റൊരു മാർഗം കൂടി എന്നു മാത്രമാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.