- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടേയും കർഷകരുടേയും പണമെടുത്ത് അടിച്ചുപൊളിക്കുന്ന സഹകാരികൾ; കരാറിനകത്ത് ആത്മഹത്യ; തലശേരിയിൽ നാലുകോടിയുടെ ഉല്ലാസം; തുണ്ടിയിൽ ധൂർത്ത്; ചോദിക്കാനും പറയാനുമാളില്ലാതെ സഹകരണ പ്രസ്ഥാനങ്ങൾ
കണ്ണൂർ: സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ജനവിശ്വാസം കുറയുന്നു. ധൂർത്തും വെട്ടിപ്പും കൊണ്ട് ആരോപണവിധേയമാവുകയാണ് കേരളത്തിലെ പ്രത്യേകിച്ച് മലബാർ ജില്ലകളിലെ സഹകരണപ്രസ്ഥാനം. ഒരു കാലത്ത് വിദേശ മലയാളികൾ ഏറെ വിശ്വാസമർപ്പിച്ച സഹകരണ സംഘങ്ങളും ബാങ്കുകളും ഇന്ന് കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി മാറിയിരിക്കയാണ്. കണ്ണൂർ കരാറിനകം സഹകരണ ബാങ
കണ്ണൂർ: സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ജനവിശ്വാസം കുറയുന്നു. ധൂർത്തും വെട്ടിപ്പും കൊണ്ട് ആരോപണവിധേയമാവുകയാണ് കേരളത്തിലെ പ്രത്യേകിച്ച് മലബാർ ജില്ലകളിലെ സഹകരണപ്രസ്ഥാനം. ഒരു കാലത്ത് വിദേശ മലയാളികൾ ഏറെ വിശ്വാസമർപ്പിച്ച സഹകരണ സംഘങ്ങളും ബാങ്കുകളും ഇന്ന് കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി മാറിയിരിക്കയാണ്.
കണ്ണൂർ കരാറിനകം സഹകരണ ബാങ്കിലെ പണയസ്വർണം മോഷണം പോയ സംഭവത്തിൽ ഭരണസമിതിഅംഗം സി.എച്ച് രാജേന്ദ്രൻ സിപിഐ(എം). ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ചതും സഹകരണ രംഗത്തെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിരിക്കയാണ്. നേരത്തെ സിപിഐ(എം). ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായിരുന്ന രാജേന്ദ്രനെ ദിവസങ്ങൾക്കു മുമ്പാണ് സ്ഥാനത്തുനിന്നും നീക്കിയത്. പണയസ്വർണം നഷ്ടപ്പെട്ടതിൽ ജീവനക്കാരുടെ പങ്ക് പുറത്താകാതിരിക്കാൻ രാജേന്ദ്രനെ ബലിയാടാക്കിയതാണെന്ന ആരോപണവും നിലവിലുണ്ട്.
കരാറിനകം ബാങ്കിലെ പണയ സ്വർണം മോഷണം പോയ സംഭവത്തിലാണ് രാജേന്ദ്രനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയത്. ബാങ്കിന്റെ കുറുവ ശാഖയിൽ പണയം വച്ച ഒൻപതര പവൻ സ്വർണം മോഷണം പോയ സംഭവത്തിലാണു ബാങ്ക് ഭരണസമിതി അംഗമായ രാജേന്ദ്രനെതിരെ ആരോപണം ഉയർന്നത്. സ്വർണം നഷ്ടപ്പെട്ട കടലായി സ്വദേശി സഹകരണ സംഘം അസി. രജിസ്റ്റ്രാർക്കു പരാതി നൽകിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ വാർഷിക സ്റ്റോക്കെടുപ്പിനു നേതൃത്വം നൽകിയ രാജേന്ദ്രനാണു സംഭവത്തിനു പിന്നിലെന്നു പാർട്ടിയിലെ ഒരു വിഭാഗം തന്നെ ആരോപണമുന്നയിക്കുകയായിരുന്നു.
നേരത്തെ ബാങ്കിന്റെ അവേര ശാഖയിൽ സ്വർണാഭരണം നഷ്ടപ്പെട്ട സംഭവത്തിനു പിന്നിലും രാജേന്ദ്രനായിരുന്നെന്നും എന്നാൽ സിപിഐ(എം) നേതൃത്വം ഇടപെട്ട് പ്രശ്‌നം ഒതുക്കിത്തീർക്കുകയായിരുന്നെന്നും ഇവർ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഇപ്പോഴത്തെ സംഭവത്തിനു പിന്നിലും രാജേന്ദ്രനാണെന്നായിരുന്നു ആരോപണം ഉയർന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് ആത്മഹത്യ. സഹകരണ ബാങ്കുളിലെ ധൂർത്തും കെടുകാര്യസ്ഥതയുമാണ് ഈ സംഭവം വ്യക്തമാകുന്നത്. ഇതിനെതിരെ കൃത്യമായി നടപടി എടുക്കാൻ പോലും കഴിയുന്നില്ല.
സഹകരണരംഗത്തെ ക്രമക്കേടുകൾക്ക് കരാറിനകം ബാങ്കിലേത് ഒറ്റപ്പെട്ട സംഭവമല്ല. സഹകരണ മാർക്കറ്റിങ്ങ് സംഘങ്ങളും പ്രാഥമിക സഹകരണ സംഘങ്ങളും നിക്ഷേപകരുടെ പണം ധൂർത്തടിച്ച ഒട്ടേറെ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇടത്- വലത് സർക്കാരുകളോ സഹകരണ വകുപ്പോ യാതൊരു നടപടിയും ഇക്കാരൃത്തിൽ കൈക്കൊള്ളുന്നില്ല. കണ്ണൂർ ജില്ലയിലെ തലശേരി റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിങ് സൊസൈറ്റി 450 അംഗങ്ങളുടെ നാലു കോടിയിലേറെ രൂപ വഞ്ചിച്ചിട്ടും സർക്കാരോ ബന്ധപ്പെട്ട വകുപ്പോ യാതൊരു നടപടിയും എടുത്തിട്ടില്ല. വിദേശ മലയാളികളുടേയും കർഷകരുടേയും പണമെടുത്ത് ഉല്ലസിക്കുകയാണ് സഹകാരികൾ. ഈ സംഘം ലിക്വിഡേററ് ചെയ്ത് നിക്ഷേപകർക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിട്ടും വിധി നടപ്പായിട്ടില്ല.
പേരാവൂരിനടുത്ത തുണ്ടിയിൽ വനിതാ സഹകരണ ബാങ്കിനും നിക്ഷേപകരെ വഞ്ചിച്ച ചരിത്രമാണുള്ളത്. നിക്ഷേപകരുടെ പണം ധൂർത്തടിച്ചും വാഹനങ്ങൾ വാങ്ങി സുഖിച്ചും കഴിയുന്ന സഹകാരികൾക്കെതിരെ ഒരു രാഷ്ടീയ പാർട്ടിയും പ്രതികരിച്ചു കാണുന്നില്ല. വിദേശ മലയാളികളോടാണ് സഹകരണ മേഖലയ്ക്ക് ഏറെ പ്രിയം. എൻ.ആർ.ഐ പണം ഡിപ്പോസിറ്റ് ചെയ്യിച്ച് ബാങ്കിന്റെ ആസ്തി ഉയർത്തും. ബ്ലേഡ് പലിശക്കാരെക്കാൾ ക്രൂരമായി നിക്ഷേപകരെ വഞ്ചിക്കുന്ന സഹകരണ മേഖലയെക്കുറിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും പ്രതികരിക്കാറില്ല.
രാഷ്ട്രീയ നേതാക്കൾക്ക് സുഖസവാരിക്ക് ഇന്ന് സഹകരണ മേഖലയിലെ വാഹനമുണ്ട്. അത് അനുവദിക്കാൻ തന്ത്രപരമായി രാഷ്ടീയ നേതാക്കളെ സഹകരണ സംഘം പ്രസിഡന്റാക്കി മാറ്റും. അതോടെ വാഹന സൗഭാഗ്യം ഉറപ്പ്. വാഹനങ്ങളിൽ സഞ്ചരിച്ചുശീലിച്ച നേതാക്കൾക്ക് പാർട്ടിയിലെ സ്ഥാനം ഒഴിവാകുമ്പോൾ സഹകരണ രംഗത്തെ പ്രസിഡന്റ് സ്ഥാനം അനുവദിക്കുന്നതിനു പിറകിലെ രഹസ്യം ഇതാണ്. വാഹനം ഉറപ്പാക്കുന്ന പ്രക്രിയക്ക് രാഷ്ട്രീയഭേദമില്ല. അതിന് ഇടത്- വലത് മുന്നണികൾക്ക് ഇക്കാര്യത്തിൽ പരസ്പരം ആരോപണവുമില്ല. ബ്ലേഡ് മാഫിയയെ നേരിടാനുള്ള ഓപ്പറേഷൻ കുബേര സഹകരണ രംഗത്തും പ്രാവർത്തികമാക്കണമെന്ന ആവശൃം ഉയർന്നിരിക്കയാണ്.