ഉന്നാവ്: പ്രതിഷേധക്കാരെ നേരിടുന്ന പൊലീസുകാരൻ ഹെൽമറ്റിന് പകരം ഇരിക്കുന്ന പ്ലാസ്റ്റിക് സ്റ്റൂൾ ശിരോകവചമായി ഉപയോഗിച്ചത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നടപടിയുമായി അധികൃതർ. ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം.

സുരക്ഷക്കായി ഹെൽമറ്റ് ഇല്ലാത്തതിനെ തുടർന്നാണ് പൊലീസുകാരൻ പ്ലാസ്റ്റിക് സ്റ്റൂൾ ഹെൽമറ്റാക്കി മാറ്റിയത്. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നടപടിയുമായി അധികൃതർ രംഗത്തെത്തി. എസ്എച്ച്ഒ ദിനേഷ് ശർമ്മയെയും മൂന്ന് പൊലീസുകാരെയും അലംഭാവം ആരോപിച്ച് ലഖ്നൗ റേഞ്ച് ഐജി ലക്ഷ്മി സിങ് സസ്പെൻഡ് ചെയ്തു.

''ക്രമസമാധാന സാഹചര്യങ്ങളെ നേരിടാൻ എല്ലാ ജില്ലകൾക്കും മതിയായ സൗകര്യം നൽകിയിട്ടുണ്ട്. രഹസ്യാന്വേഷണ വിവരങ്ങൾ ഉണ്ടായിട്ടും കൃത്യമായ മുന്നൊരുക്കമില്ലാത്തതിന് ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദിയായ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു''-ഐജി ട്വീറ്റ് ചെയ്തു.

 

ഉന്നാവിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചതുമായാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഇവരുടെ മൃതദേഹം റോഡിൽ കിടത്തി ചിലർ പ്രതിഷേധിച്ചു. തടയാനെത്തിയ പൊലീസിനു നേരെ കല്ലേറുണ്ടായി. പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ തയ്യാറായില്ല. ഈ സംഭവത്തിനിടെയാണ് കല്ലേറിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റില്ലാത്ത പൊലീസുകാരൻ സ്റ്റൂൾ ഹെൽമറ്റാക്കി ഉപയോഗിച്ചത്.