ലണ്ടൻ: റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾ യൂലിയക്കും വിഷം കൊടുത്തത്തിനെച്ചൊല്ലി ബ്രിട്ടനും റഷ്യയുമായുള്ള അഭിപ്രായ ഭിന്നത് കൂടുതൽ സംഘർഷത്തിലേക്ക്. റഷ്യൻ ഏജന്റിന് ബ്രിട്ടീഷ് മണ്ണിൽവെച്ച് വിഷബാധയേറ്റത് ബ്രിട്ടന്റെ അധികാരത്തിന്മേലുള്ള കൈകടത്തലായിമാത്രമേ കാണാനാകൂ എന്ന നിലപാടിലാണ് ബ്രിട്ടൻ. എന്നാൽ, ഇതിന് പിന്നിൽ റഷ്യയാണെന്ന പ്രചാരണം അസംബന്ധമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദമിർ പുട്ടിൻ ആവർത്തിക്കുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലണ്ടനിലെ റഷ്യൻ എംബസ്സിയിലെ 23 നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടൻ പുറത്താക്കി. 23 ചാരന്മാരെ ചവിട്ടിപ്പുറത്താക്കുന്നുവെന്നാണ് പ്രധാനമന്ത്രി തെരേസ മെയ്‌ ഇതേക്കുറിച്ച് പരാമർശിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് ഉടൻ തിരിച്ചടി നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചു. റഷ്യൻ താത്പര്യങ്ങൾക്ക് നിരക്കുന്ന തരത്തിൽ ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ചാകും പുറത്താക്കുകയെന്നും വിദേശ കാര്യമന്ത്രി സെർജി ലോവ്‌റോവ് പറഞ്ഞു.

സ്‌ക്രിപാലിനുനേർക്കുണ്ടായ ആക്രമണത്തിന്റെ പേരിൽ റഷ്യയെ പ്രത്ിക്കൂട്ടിൽ നിർത്തുന്നതിനെച്ചൊല്ലി ബ്രിട്ടനിൽ ലേബർ പാർട്ടിയിലും തർക്കം രൂക്ഷമായിട്ടുണ്ട്. ആയുധക്കച്ചവടത്തിനുവേണ്ടി റഷ്യയിൽനിന്നുള്ള മാഫിയയാകാം സ്‌ക്രിപാലിന് വിഷം കൊടുത്തതെന്ന ലേബർ പാർട്ടി തലവൻ ജെറമി കോർബിന്റെ പ്രസ്താവനയാണ് വിവാദമായത്. റഷ്യയെ കുറ്റപ്പെടുത്താൻ തയ്യാറാകാത്ത കോർബിന്റെ നിലപാടിൽ പ്രതിഷേധിച്ച ലേബർ പാർട്ടിയുടെ ഉന്നത നേതാക്കളിൽ ചിലർ ഷാഡോ കാബിനറ്റിൽനിന്ന് രാജിവെക്കുമെന്നും ഭീഷണിപ്പെടുത്തി.

മാർച്ച് നാലിന് സാലിസ്‌ബറി സിറ്റി സെന്ററിന് മുന്നിലെ ബെഞ്ചിലിരിക്കെയാണ് സ്‌ക്രിപാലിനും മകൾ യൂലിയക്കും വിഷബാധയേറ്റത്. ഇരുവരും ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് ഇപ്പോഴും. ഇവരെ സഹായിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനും വിഷബാധയേറ്റിരുന്നു. അദ്ദേഹം അപകട നില തരണം ചെയ്തിട്ടുണ്ട്്. റഷ്യക്കും ബ്രിട്ടനും വേണ്ടി ചാരപ്രവർത്തി നടത്തിയിട്ടുള്ളയാളാണ് സ്‌ക്രിപാലെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ഏതാനും വർഷം മു്മ്പ് ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു.

റഷ്യയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നതിൽ ബ്രിട്ടീഷ് നേതാക്കൾ മത്സരിക്കുമ്പോഴും കോർബിൻ വേറിട്ടൊരു നിലപാടാണ് സ്വീകരിച്ചത്. തിരക്കിട്ട് റഷ്യയെ കുറ്റപ്പെടുത്തുന്നത് അസഹിഷ്ണുതയാണെന്നാണ് കോർബിൻ അഭിപ്രായപ്പെട്ടത്. പൊലീസ് തെളിവുകൾ ശേഖരിച്ച് അന്തിമ നിഗമനത്തിലെത്തുന്നതിന് മുന്നെ റഷ്യക്കെതിരെ തിരിയുന്നത് നീതിയല്ലെന്നും അത് ദേശസുരക്ഷയ്ക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ഗാർഡിയൻ ദിനപ്പത്രത്തിലെ പംക്തിയിൽ അഭിപ്രായപ്പെട്ടു.

റഷ്യൻ ലാബുകളിൽ ഉദ്പാദിപ്പിച്ചിരുന്ന നോവിച്ചോക്ക് എന്ന വിഷമാണ് സ്‌ക്രിപാലിനും മകൾക്കുമെതിരെ ഉപയോഗിച്ചതെന്ന് സ്ഥാപിക്കാൻ പ്രധാനമന്ത്രി തെരേസ മെയ്‌ കാണിച്ച തിടുക്കത്തെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. വിഷം റഷ്യയിൽനിന്ന് നേരിട്ടെത്തിയതാണോ അതോ ദുഷ്ടശക്തികളുടെ കൈയിലെതതിയതാണോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ബ്രിട്ടനിൽ വളർന്നുവരുന്ന റഷ്യൻ മാഫിയയെയും ഇക്കൂട്ടത്തിൽ കാണാതെ പോകരുതെന്നും കോർബിൻ ഓർമിപ്പിക്കുന്നുണ്ട്.

പുട്ടിൻ ഭരണകൂടത്തെ ലേബർ പാർട്ടി അംഗീകരിക്കുന്നില്ലെന്നും കോർബിൻ വ്യക്തമാക്കി. ഏകാധിപത്യ സ്വഭാവത്തിലുള്ളതും മനുഷ്യാവകാശങ്ങൾ ഹനിക്കുന്നതുമായ നിലപാടുകളാണ് പുട്ടിന്റേത്. ലേബർ പാർട്ടി ഇതിനെ അംഗീകരിക്കുന്നില്ലെന്നും കോർബിൻ പറഞ്ഞു. എന്നാൽ, സംഭവത്തിൽ റഷ്യയെ അപലപിക്കാൻ അദ്ദേഹം തയ്യായായുമില്ല. ഈ നിലപാടാണ് ലേബർ പാർട്ടിയിൽത്തന്നെ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. ഷാഡോ ഡിഫൻസ് സെക്രട്ടറി നിയ ഗ്രീഫിത്ത് സംഭവത്തിൽ സർക്കാർ നിലപാടിനൊപ്പമാണ് താനെന്ന് പരസ്യമായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് പൂർണ പിന്തുണ നൽകുന്നുവെന്ന് പറഞ്ഞ ഗ്രീഫിത്ത്, താൻ പദവി രാജിവെക്കാൻ തയ്യാറാണെന്നും പ്രഖ്യാപിച്ചു.

അതിനിടെ, റഷ്യക്കെതിരേ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി തെരേസ മെയ്‌ തന്റെ നിലപാട് കൂടുതൽ കടുപ്പിച്ചു. 23 നയത്ര്രന്ത ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പുറമെ, ഉന്നത തലത്തിലുള്ള എല്ലാ ബന്ധവും വിഛേദിക്കുമെന്നും കൂടുതൽ ഉപരോധേമേർപ്പെടുത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണാണ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ വിവരം പ്രഖ്യാപിച്ചത്.

അതിനിടെ, റഷ്യക്കെതിരെ പരസ്യ നിലപാടുമായി ട്രംപ് ഭരണകൂടം രംഗത്തുവന്നു. റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ട അഞ്ച്‌സ്ഥാപനങ്ങൾക്കും 19 വ്യക്തികൾക്കും നേരെ കടുത്ത നടപടികൾ പ്രഖ്യാപിച്ചുകൊണ്ടാണ് സ്‌ക്രിപാൽ സംഭവത്തിൽ ബ്രിട്ടനോടുള്ള ഐക്യദാർഢ്യം അമേരിക്ക പ്രഖ്യാപിച്ചത്. സംഭവം അതീവ ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന് ഐക്യരാഷ്ട്രസഭയിൽ നടന്ന ചർച്ചയ്ക്കിടെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലി അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി റഷ്യയെ തള്ളിപ്പറഞ്ഞതും ശ്രദ്ധേയമായി. സെർജി സ്‌ക്രിപാലിനെയും മകളെയും വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ റഷ്യയാണെന്നാണ് സൂചനയെന്ന് ട്രംപ് പറഞ്ഞു. ഒരിക്കലും സംഭവിക്കരുതാത്തതാണ് ഉണ്ടായത്.. വളരെ ഗൗരവത്തോടെയാണ് അമേരിക്ക ഇതിനെ കാണന്നത്. മറ്റു പലരും അതേ രീതിയിലാണ് ഇത് സ്വീകരിച്ചിട്ടുള്ളത്-ട്രംപ് പറഞ്ഞു.