ന്യൂഡൽഹി: ചൈനയിലും ദക്ഷിണകൊറിയയിലും ഉൾപ്പെടെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുമ്പോൾ നാലാം തരംഗം ഉടനെ എത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. നാലാംതരംഗത്തിന്റെ സൂചന നൽകി ഡൽഹിയിൽ കോവിഡ് വീണ്ടും വ്യാപനം. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം മൂന്നു മടങ്ങായി വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തിൽ താഴെയായിരുന്ന ടിപിആർ ഇന്നലെ 2.7 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 5079 സാംപിളുകൾ പരിശോധിച്ചപ്പോൾ, 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. വിദ്യാർത്ഥികളും അദ്ധ്യാപകരും അടക്കം 19 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൂന്ന് സ്‌കൂളുകൾ അടച്ചു.

നോയിഡയിലെ സ്‌കൂളിലാണ് അദ്ധ്യാപകർ അടക്കം 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 601 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 447 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്. ഇതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. ഡൽഹിയിലെ കോവിഡ് വ്യാപനം നാലാംതരംഗത്തിന് തുടക്കമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ സൂചിപ്പിച്ചു. ഡൽഹിയിൽ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ എക്സ് സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദമായ എക്‌സ്ഇ പല രാജ്യങ്ങളിലും ആശങ്ക വിതയ്ക്കവേ ഇന്ത്യയിലെ ജനങ്ങളും ജാഗ്രത കൈവിടരുതെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് ഇനിയും രാജ്യത്ത് നിന്ന് ഇല്ലാതായിട്ടില്ലെന്നും അതിവേഗം മാറുന്ന വൈറസ് പല രൂപത്തിലും മടങ്ങിയെത്താമെന്നും വിഡിയോ കോൺഫറൻസിലൂടെ ജനങ്ങളോട് സംവദിക്കവേ പ്രധാനമന്ത്രി പറഞ്ഞു. വൈറസിന്റെ പുതു രൂപങ്ങളെ കരുതിയിരിക്കണമെന്നും പ്രതിരോധം തുടരണമെന്നും മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.

കോവിഡ് മഹാമാരി വലിയൊരു വെല്ലുവിളിയാണെന്നും അത് കഴിഞ്ഞെന്ന് പറയാറായിട്ടില്ലെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. അത് തത്ക്കാലത്തേക്ക് അടങ്ങിയെങ്കിലും എപ്പോഴാണ് തിരികെയെത്തുന്നതെന്ന് പറയാൻ സാധിക്കില്ലെന്ന് മോദി കൂട്ടിച്ചേർത്തു. പല രൂപത്തിലെത്തുന്ന വൈറസിനെ തടുക്കാൻ 185 കോടിയോളം ഡോസ് വാക്‌സീൻ ഇന്ത്യ നൽകിയെന്നും ഇത് ലോകത്തെ അദ്ഭുതപ്പെടുത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡിന്റെ ഇന്ത്യയിലെ നാലാം തരംഗത്തെ കുറിച്ച് സൂചന നൽകുന്നതാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.

ഇന്ത്യയിൽ അടുത്ത കോവിഡ് തരംഗം ജൂൺ-ജൂലൈ മാസത്തോടെയെത്തി ഓഗസ്റ്റിൽ മൂർധന്യാവസ്ഥ പ്രാപിക്കുമെന്ന് ഐഐടി കാൺപൂരിലെ ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു. ഒമിക്രോണിന്റെ ബിഎ1, ബിഎ.2 ഉപവകഭേദങ്ങൾ ചേർന്നുള്ള എക്‌സ്ഇ ഉപവകഭേദം കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിരുന്നു.മുംബൈയിലെ 67കാരനിലാണ് എക്‌സ്ഇ ഉപവകഭേദം കണ്ടെത്തിയത്. യുകെയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത എക്‌സ്ഇ ഇന്നേ വരെ റിപ്പോർട്ട് ചെയ്ത കോവിഡ് വകഭേദങ്ങളിൽ വച്ച് ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ 861 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 11,058 പേരാണ്. രാജ്യവ്യാപകമായ പ്രതിരോധ കുത്തിവയ്‌പ്പ് പരിപാടിയുടെ ഭാഗമായി 185.74 കോടി ഡോസ് കോവിഡ് വാക്‌സീൻ ഇതിനകം വിതരണം ചെയ്തു.