കോഴിക്കോട്: ബന്ധു നിയമന വിഷയത്തിൽ ആരോപണം നേരിടുന്ന മന്ത്രി കെടി ജലീലിന് പിന്തുണയുമായി ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ. ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെ കൈവിടാതെ രംഗത്തെത്തിയിരിക്കുകയാണ് കോർപറേഷൻ ചെയർമാനും എം.ഡിയും .കെ.ടി അദീപിനെ ജനറൽമാനേജർ തസ്തികയിലേക്ക് നിയമിച്ചത് അയാൾക്ക് മാത്രമാണ് യോഗ്യതയുണ്ടായിരുന്നത് എന്നത് വ്യക്തമായതുകൊണ്ടാണെന്ന് ചെയർമാൻ എ.പി അബ്ദുൾവഹാബ് വാർത്താസമ്മേളനം നടത്തിയത്.

ഏഴുപേർ കൂടിക്കാഴ്ചയ്ക്ക് വന്നതിൽ സർക്കാർ നിഷ്‌കർഷിച്ച യോഗ്യതയും ജോലി പരിചയവും കെ.ടി അദീപിന് മാത്രമാണുണ്ടായിരുന്നത്. മാത്രമല്ല സൗത്ത്ഇന്ത്യൻ ബാങ്ക് ഒരു സ്റ്റാറ്റിയൂട്ടറി ബോർഡാണ്. അതുകൊണ്ട് നിയമനം നൽകിയതിൽ തെറ്റില്ലെന്ന് മാത്രമല്ല അവിടെയുണ്ടായിരുന്ന ഏറ്റവും മികച്ച ഉദ്യോഗസ്ഥനായിരുന്ന അദീപിനെ ഒരു വർഷത്തേക്കാണ് ഡെപ്യൂട്ടേഷനിൽ നിയമിച്ചിതെന്നും അബുദുൾ വഹാബ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ജനറൽമാനേജർ തസ്തികയിലേക്ക് അപേക്ഷിച്ച ഏഴുപേരുടെ പേരും യോഗ്യതയും കോർപറേഷനിലെത്തി പരിശോധിച്ച ശേഷം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏഴ് പേരിൽ അഞ്ച് പേർക്ക് എം.ബി.എ ഉണ്ടായിരുന്നുവെങ്കിലും അവർ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതുകൊണ്ട് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ കഴിയുമായിരുന്നില്ല എന്നാണ് കോർപറേഷൻ ചെയർമാൻ വ്യക്തമാക്കുന്നത്. ആറാമത്തെയാൾ ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്നുവെങ്കിലും എം.ബി.എ ഇല്ലാത്തതിനാൽ അയാളെയും നിയമിക്കാൻ സാധിച്ചില്ല. ഏഴാമതായുള്ള അദീപീന് യോഗ്യതാ പുനർനിർണയത്തിൽ സർക്കാർ വ്യക്തമാക്കിയ പിജിഡിബിഎയും പ്രവൃത്തി പരിചയവുമുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനം നിയമനം നൽകാനുള്ള മറ്റൊരു കാരണമായെന്നും കോർപ്പറേഷൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ആരോപണത്തിൽ പ്രതിരോധത്തിലായ മന്ത്രി കെ.ടി ജലീലിന് ഏറെ ആശ്വാസമാകുന്നതാണ് കോർപറേഷന്റെ വിശദീകരണം. യൂത്ത് ലീഗിന് പുറമെ യുവമോർച്ച അടക്കമുള്ള സംഘടനകളും വിഷയത്തിൽ കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമര രംഗത്തെത്തിയിരുന്നു. മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. മന്ത്രി സ്വയം രാജിവെച്ച് പോയില്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി ആർജവം കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ മറ്റ് കോർപറേഷനുകളിലെ ജനറൽമാനേജർ തസ്തികയിലേക്ക് എം.ബി.എ തന്നെയാണ് ഇപ്പോഴും യോഗ്യത. മാറ്റമുണ്ടായത് ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിലെ ജനറൽമാനേജർ തസ്തികയിലേക്ക് മാത്രമാണ്. യോഗ്യതാ പുനർ നിർണയം കോർപറേഷന്റെ നിർദേശ പ്രകാരമല്ലെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും ആരുടെ നിർദേശപ്രകാരമാണ് തിരുത്തൽ വരുത്തിയത് എന്ന ചോദ്യം ബാക്കിയാണ്. ഇവിടെയാണ് മന്ത്രി ബന്ധുവിന് വേണ്ടി മാത്രം യോഗ്യതകൾ തിരുത്തിയെന്ന യൂത്ത്ലീഗിന്റെ ആരോപണം പ്രസക്തമാവുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രതികരണവും നടത്താൻ എൽ.ഡി.എഫ് മുന്നണിയോ ഭരണനേതൃത്വമോ തയ്യാറായിട്ടില്ല. നേരത്തെ ബന്ധു നിയമനത്തിൽ സ്ഥാനം നഷ്ടപ്പെട്ട ഇപി ജയരാജൻ മാത്രമാണ് വിഷയത്തിൽ പ്രതികരണം നടത്തിയത്.

സർക്കാർ വകുപ്പുകളിലോ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ഏജൻസികളിലോ ജോലിചെയ്യുന്നവർക്ക് മാത്രമേ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിനൽകാൻ അനുവാദമുള്ളൂ. ഇവിടെ സ്വകാര്യബാങ്കിൽ ജോലിചെയ്യുന്നയാൾക്ക് എങ്ങനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിനൽകിയെന്നതായിരുന്നു യൂത്ത് ലീഗ് ചോദിച്ചിരുന്നു. ഇതിന് പുറമെ വിഷയത്തെ നിയമപരമായി നേരിടുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു പക്ഷെ സൗത്ത് ഇന്ത്യൻ ബാങ്ക് ആർബിഐയുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്നതിനാൽ ഇവിടെ നിന്നും ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിൽ തെറ്റില്ല എന്ന വാദമാണ് കോർപറേഷൻ മുന്നോട്ട് വെക്കുന്നത്.