പത്തനംതിട്ട: ശബരിമല റോഡ് നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ച് മറുനാടൻ പുറത്തു കൊണ്ടുവന്ന വാർത്ത സത്യമെന്ന് തെളിയിക്കും വിധം അഞ്ചരക്കോടി മുടക്കി നിർമ്മിച്ച റോഡ് ഒരു മാസം പൂർത്തിയാകും മുമ്പ് തകർന്നു. പാർക്ക് ചെയ്തിരുന്ന ലോറി റോഡ് തകർന്ന് തൊട്ടടുത്ത പറമ്പിലേക്ക് മറിഞ്ഞതോടെയാണ് അഴിമതിയുടെ ഞെട്ടിക്കുന്ന കഥ പുറത്തായത്. തീർത്ഥാടനം തുടങ്ങുന്നതിന് മുമ്പ് ഓടിച്ചിട്ട് ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച പന്തളം-പത്തനംതിട്ട റോഡിൽ നരിയാപുരത്തിന് സമീപാണ് ലോറി, റോഡ് ഇടിഞ്ഞു താഴ്ചയിലേക്ക് പതിച്ചത്. അയ്യപ്പഭക്തരുടെ ആയിരക്കണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന റോഡിലാണ് ഈ കൊലച്ചതി.

ശബരിമല അനുബന്ധ പാതകൾ ഉദ്യോഗസ്ഥ-കരാർ-ഭരണ ലോബിയുടെ അക്ഷയപാത്രമാണെന്നും തീർത്ഥാടനകാലം അടക്കുമ്പോൾ ഓടിച്ചിട്ടുള്ള ടാറിങ്ങിലൂടെ കൊള്ളയടിക്കുന്നത് കോടികളാണെന്നും ദീർഘകാല റോഡ് വികസനത്തിനുള്ള പദ്ധതികൾ അട്ടിമറിച്ചുവെന്നും മറുനാടൻ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. പന്തളം-പത്തനംതിട്ട റോഡിന്റെ കടയ്ക്കാട് മുതൽ കൈപ്പട്ടൂർ വരെയുള്ള അഞ്ചര കിലോമീറ്റാണ് ചിറ്റയം ഗോപകുമാർ എംഎ‍ൽഎ മുൻകൈയെടുത്ത് അഞ്ചരക്കോടി മുടക്കി ബി.എം ആൻഡ് ബി.സി. നിലവാരത്തിൽ നിർമ്മിച്ചത്. ഈ റോഡിൽ സാധാരണ വാഹനങ്ങളുടെ ഡ്രൈവമാർ വിശ്രമിക്കാൻ നിർത്തിയിടുന്ന നരിയാപുരത്തെ റബർ തോട്ടത്തിനോട് ചേർന്ന ഭാഗത്ത് നിന്നാണ് മാൻ ലോറി മറിഞ്ഞത്. പാറമണലുമായി പന്തളത്തേക്ക് പോയ ലോറി റോഡിന്റെ സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. മധ്യഭാഗത്തു നിന്ന് റോഡ് ഇടിഞ്ഞാണ് ലോറി താഴേക്ക് മറിഞ്ഞത്. ലോറി അമിതഭാരം കയറ്റിയതാണ് റോഡ് തകരാൻ കാരണമെന്നാണ് ഇപ്പോൾ പറയുന്ന മുടന്തൻ ന്യായം.

ഭരണപക്ഷ-ഉദ്യോഗസ്ഥ-കരാർ മാഫിയ ഒത്തുചേർന്ന് ശബരിമല അനുബന്ധ പാതകളുടെ അറ്റകുറ്റപ്പണിയിലൂടെ കവർന്നെടുക്കുന്നത് കോടികളാണ്. ശബരിമല തീർത്ഥാടകർക്ക് വേണ്ടിയുള്ള റോഡ് അറ്റകുറ്റപ്പണി ആയതിനാൽ ജനങ്ങളും സംശയിക്കില്ല. ഭരിക്കുന്നത് ഇടതോ വലതോ ആകട്ടെ, സർക്കാരും ഉദ്യോഗസ്ഥരും പൊതുമരാമത്ത് കരാറുകാരും ചേർന്ന ലോബി പ്രതിവർഷം ശബരിമല അനുബന്ധ പാതകളിൽ നിന്ന് കൊള്ളയടിക്കുന്നത് കോടികളാണ്. കഴിഞ്ഞ 15 വർഷത്തെ കണക്ക് പരിശോധിച്ചാൽ തീർത്ഥാടനകാലത്തെ അറ്റകുറ്റപ്പണികൾക്കായി മാത്രംഅനുവദിച്ചത് 3000 കോടി രൂപയാണ്. 100 കോടി രൂപയെങ്കിലും റോഡിൽ ചെലവഴിച്ചിരുന്നെങ്കിൽ ഓരോ വർഷത്തെയും അറ്റകുറ്റപ്പണി ഒഴിവാക്കാമായിരുന്നു. ഇത്തവണയും ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ സർക്കാർ അനുവദിച്ചത് 170 കോടിയാണ്. തീർത്ഥാടനകാലത്തോട് അനുബന്ധിച്ച് മഴയിലും മഞ്ഞിലും ടാർ റോഡിൽ ഉരുക്കിയൊഴിക്കും.

ഒരു മാസം കഴിയും മുമ്പ് റോഡുകൾ വീണ്ടും കുണ്ടും കുഴിയുമാകും. എട്ടുമാസം കഴിയുന്നതോടെ വീണ്ടും ഇതേ റോഡുകൾക്ക് അറ്റകുറ്റപ്പണിക്ക് കോടികൾ അനുവദിക്കും. തിരക്കിട്ട് വീണ്ടും അറ്റകുറ്റപ്പണി, ഒരു മാസത്തിനുള്ളിൽ തകർച്ച. ഇത് അഴിമതിയുടെ ഒരു ചക്രമാണ്. വർഷങ്ങളായി ഇതിങ്ങനെ ഉരുണ്ടു കൊണ്ടിരിക്കുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ തീർത്ഥാടനകാലത്തിന് മുന്നോടിയായുള്ള ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് വിനിയോഗിച്ച തുകയുടെ കണക്കെടുത്താൽ ആരും ഞെട്ടിപ്പോകും. ശബരിമല അനുബന്ധ പാതകൾ മുഴുവൻ അഞ്ചു തവണ ബി.എം. ആൻഡ് ബി.സി ചെയ്യാൻ കഴിയുമായിരുന്നത്ര തുകയാണ് ഈയിനത്തിൽ ചെലവാക്കിയിരിക്കുന്നത്.

ഇങ്ങനെ പ്രതിവർഷം റോഡ് ടാർ ചെയ്യുന്നതിന് തുക അനുവദിക്കുന്നതിനു പിന്നിലുള്ള ഗുട്ടൻസ് ഇനി പറയുന്നു. 10 ലക്ഷം വേണ്ടി വരുന്നിടത്ത് അടിയന്തിര അറ്റകുറ്റപ്പണിയുടെ പേരിൽ 50 ലക്ഷം വകയിരുത്താം. റോഡിൽ വീഴുന്നത് അഞ്ചു ലക്ഷം രൂപയുടെ ടാർ ആണ്. ശേഷിക്കുന്ന 45 ലക്ഷം സർക്കാരിലെ ഉന്നതരുടെയും കരാറുകാരുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും പോക്കറ്റിലേക്ക് വീണു കൊണ്ടിരിക്കും. സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ഈ ആരാധനാലയത്തിന്റെ പേരിൽ നടക്കുന്ന പകൽക്കൊള്ളയെ ആരും എതിർക്കുന്നില്ല. ഇതേപ്പറ്റി പൊതുമരാമത്ത് മന്ത്രിയോട് ചോദിച്ചാൽ കിട്ടുന്ന മറുപടി ഇങ്ങനെ: ശബരിമല റോഡുകൾ ഹെവിമെയിന്റനൻസ് സ്‌കീമിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കി വരികയാണ്. എന്നിട്ട് ആ സ്‌കീം തുടങ്ങിയോ? ഇല്ല, കഴിഞ്ഞ കുറേ വർഷങ്ങളായി ഇതേ പല്ലവി കേൾക്കുന്നു.

നവംബർ മധ്യത്തോടെയാണ് ശബരിമല തീർത്ഥാടനം തുടങ്ങുന്നത്. റോഡ് അറ്റകുറ്റപ്പണിക്ക് ടെൻഡർ അടക്കമുള്ള നടപടി ക്രമം പൂർത്തിയാക്കുന്നത് നവംബർ അഞ്ചിനുള്ളിലായിരിക്കും. പിന്നെ തിരക്കിട്ട അറ്റകുറ്റപ്പണി തുടങ്ങും. രാവിലെ മുതൽ ഉച്ചവരെ പണി നടക്കും. ഉച്ചയ്ക്ക് ശേഷം തുലാവർഷം കനത്തു പെയ്യും. പിറ്റേന്ന് വന്ന് കുഴിയിലെ മഴവെള്ളം പോലും നീക്കാതെ മെറ്റിലും ടാറുമിട്ട് റോളർ കയറ്റി ഉരുട്ടും. ദിവസങ്ങൾക്കുള്ളിൽ ഈ പണിയുടെ ബില്ലും മാറി കൊടുക്കും. പെട്ടെന്ന് ബിൽ മാറി നൽകാമെന്ന ഉറപ്പിന്മേലാണ് കരാറുകാരെക്കൊണ്ട് പണി എടുപ്പിക്കുന്നത്. തീർത്ഥാടനകാലം തുടങ്ങും മുമ്പ് പണി തീർന്നില്ലെങ്കിൽ പഴി കേൾക്കേണ്ടി വരുമെന്ന് അറിയാവുന്നതിനാൽ പൊതുമരാമത്ത് അധികൃതർ എങ്ങനെയും ബിൽ മാറിക്കൊടുക്കും.

കിട്ടാനുള്ള കമ്മിഷനും മേടിക്കും. ഇനിയാണ് രസം, മൂന്നുമാസം നീണ്ടു നിൽക്കുന്ന തീർത്ഥാടനകാലം തുടങ്ങി ഒരു മാസം പിന്നിടും മുമ്പ് റോഡുകൾ പഴയ പടിയാകും. എട്ടുമാസം ഇതു വീണ്ടും ഇങ്ങനെ കിടക്കും. അടുത്ത ശബരിമല മണ്ഡലകാലം ആരംഭിക്കുമ്പോഴേക്കും വീണ്ടും പഴയ പണി തുടക്കം മുതൽ ആവർത്തിക്കും.