- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈഹീൽഡ് ചെരുപ്പണിഞ്ഞ് യുവതി തോണിയിൽ നിൽക്കവേ ബാലൻസ് തെറ്റി; തലക്കാട് കാവേരി നദിയിലെ പ്രീവെഡിങ് ഷൂട്ടിങ്ങിനിടെ യുവതിയുടെയും യുവാവിന്റെയും മുങ്ങിമരണത്തിൽ ഞെട്ടൽ മാറാതെ ബന്ധുക്കൾ; ദാരുണാന്ത്യം അഞ്ച് വർഷത്തെ പ്രണയം നവംബർ 22 ന് സഫലമാകാനിരിക്കെ
മൈസൂരു: പ്രീ-വെഡ്ഡിങ് ഷൂട്ടുകളും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുകളും ഇപ്പോൾ പതിവാണ്. സോഷ്യൽ മീഡിയിൽ ഷൂട്ടിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതും യുവാക്കൾക്ക് ഹരം. അങ്ങനെ ഒരുപ്രീ വെഡിങ് ഷൂട്ട് മൈസുരുവിൽ ദുരന്തമായി മാറി. വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിനും യുവതിക്കും ദാരുണാന്ത്യം. കർണാടകയിലെ തലക്കാടിൽ കാവേരി നദിയിലാണ് ദുരന്തമുണ്ടായത്. നവംബർ 22-ന് മൈസൂരിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. സിവിൽ കോൺട്രാക്റ്ററായ ചന്ദ്രു(28), വധു ശശികല എന്നിവരാണ് ദുരന്തത്തിന് ഇരകളായത്. രണ്ടുപേരും കയ്തമാരണഹള്ളി സ്വദേശികളാണ്.
വരനും വധുവും ബന്ധുക്കൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒപ്പമാണ് മല്ലികാർജ്ജുന സ്വാമി ക്ഷേത്രത്തിൽ എത്തിയത്. രണ്ട് തോണികൾ സംഘം വാടകയ്ക്ക് എടുത്തിരുന്നു. നദിക്ക് അക്കരെയുള്ള കട്ടേപ്പുരയിലെ തലക്കാട് ജലധാമ റിവർ റിസോർട്ടിലേക്കായിരുന്നു യാത്ര. നദിക്കരയിൽ നിന്ന് ഏതാണ്ട് 30 മീറ്റർ നീങ്ങിയപ്പോഴേക്കും വധൂവരന്മാർ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ശ്രമിച്ചു.
തോണിയിൽ നിൽക്കെ, ഹൈഹീൽഡ് സാന്റലുകൾ ധരിച്ചിരുന്ന ശശികലയ്ക്ക് ബാലൻസ് തെറ്റി നദിയിലേക്ക് വീഴുകയായിരുന്നു. ചന്ദ്രു ശശികലയെ രക്ഷിക്കാൻ ശ്രമിച്ചു. ബഹളത്തിനിടെ, തോണി മറിയുകയും ചന്ദ്രുവും ബന്ധുക്കളും തോണിക്കാരനും നദിയിലേക്ക് വീഴുകയും ചെയ്തു. ചന്ദ്രു മുങ്ങിപ്പോയപ്പോൾ, തോണിക്കാരൻ നീന്തി രക്ഷപ്പെട്ടു. നീന്തൽ വശമില്ലാതിരുന്ന ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.നദിക്കരയിലുണ്ടായിരുന്ന ചില മത്സ്യത്തൊഴിലാളികൾ ബന്ധുക്കളെ രക്ഷിച്ചു.
പൊലീസിനെ വിവരം അറിയിച്ചതോടെ നീന്തൽ വിദഗ്ധരെ കൊണ്ടുവന്ന് മൃതദേഹങ്ങൾ എടുക്കുകയായിരുന്നു. തലക്കാട് പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ