മെഡലിൻ മക്കാന്റെ തിരോധാനത്തിൽ മാതാപിതാക്കൾ നിരപരാധികളാണെന്ന് കരുതാനാവില്ലെന്ന് പോർച്ചുഗൽ സുപ്രീം കോടതി. മകളെ നഷ്ടപ്പെട്ടതിന്റെ പേരിൽ പോർച്ചുഗൽ പൊലീസിനെതിരെ ലക്ഷങ്ങൾ നഷ്ടപരിഹാരം ചോദിച്ച കെയ്റ്റ്-ഗാരി മക്കാൻ ദമ്പതിമാർക്ക് സുപ്രീംകോടതിയുടെ നിരീക്ഷണം ഇരട്ടപ്രഹരമായി.

കോടതിയിൽനിന്ന് തങ്ങൾക്കെതിരായ പരാമർശം വന്നതോടെ, മാദ്ധ്യമങ്ങളിൽ ഇക്കാര്യം പറയുന്നതിൽനിന്ന് മക്കാൻ ദമ്പതിമാർ അവരുടെ അഭിഭാഷകനെ വിലക്കി. ലിസ്‌ബണിലെ ഇസബെൽ ഡ്യൂറേറ്റ് എന്ന അഭിഭാഷകയാണ് മക്കാൻ ദമ്പതിമാർക്കായി കോടതിയിൽ വാദിച്ചിരുന്നത്. പത്തുദിവസം മുമ്പാണ് കോടതിയിൽനിന്നുള്ള ഉത്തരവ് ഇസബെലല്ലിന് ലഭിച്ചത്.

2007 മെയിൽ ലിസ്‌ബണിലെ അപ്പാർട്ട്‌മെന്റിൽവച്ച് മെഡലിൻ കൊല്ലപ്പെട്ടുവെന്നും അത് പോർച്ചുഗൽ പൊലീസ് മൂടിവച്ചുവെന്നുമാണ് മക്കാൻ ദമ്പതിമാർ കോടതിയിൽ ആരോപിച്ചത്. എന്നാൽ, മകളുടെ തിരോധാനത്തിൽ മാതാപിതാക്കളെ നിരപരാധികളായി കാണാനാവില്ലെന്ന് അപ്പീൽ തള്ളിക്കൊണ്ട് സുപ്രീം കോടതി വിധിച്ചു. അൽഗ്രേവ്‌സ് പ്രായ ഡാ ലൂസിലെ അപ്പാർട്ട്‌മെന്റിൽനിന്ന് മാഡിയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ദമ്പതിമാർ ആദ്യം മുതലെ വാദിക്കുന്നത്. മൂന്നുവയസ്സുകാരിയായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

മതിയായ തെളിവുകളില്ലാത്തതുകൊണ്ടുമാത്രമാണ് മക്കാൻ ദമ്പതിമാർക്കെതിരെ അന്വേഷണം നടത്താത്തതെന്നും അത് അവർ നിരപരാധികളാണെന്നതിന്റെ തെളിവല്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇതേത്തുടർന്നാണ് അഭിഭാഷകയോട് കേസ് സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും മാദ്ധ്യമങ്ങൾക്ക് നൽകേണ്ടതില്ലെന്ന് ദമ്പതിമാർ നിർദേശിച്ചത്. നഷ്ടപരിഹാരക്കേസ് മക്കാൻ ദമ്പതിമാർ അവസാനിപ്പിച്ചുവെന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു.

മാഡിയുടെ തിരോധാനം സംബന്ധിച്ച വാർത്തകൾ നൽകുന്നതിൽനിന്ന് മുമ്പ് ചില ബ്രിട്ടീഷ് മാദ്ധ്യമങ്ങളെയും മക്കാൻ ദമ്പതിമാർ വിലക്കിയിരുന്നു. കേസ് സംബന്ധിച്ച് മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിൽനിന്ന് കുടുംബത്തിലുള്ളവരെയും സുഹൃത്തുക്കളെയും ഇവർ വിലക്കിയിട്ടുണ്ട്. മകളുടെ തിരോധാനത്തിന്റെ വാർഷിക വേളയിൽ മക്കാൻ ദമ്പതിമാർ പത്രസമ്മേളനം നടത്തിയിരുന്നു.

ഇവരുടെ വക്താവായിരുന്ന മിച്ചൽ ക്ലാരൻസാണ് ഇവർക്കായി പലപ്പോഴും മാദ്ധ്യമങ്ങളെ കണ്ടിരുന്നത്. എന്നാൽ, ക്ലാരൻസിന്റെ ചില പരാമർശങ്ങൾ ദമ്പതിമാർക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.. ഇതേത്തുടർന്ന് ക്ലാരൻസിനെ കഴിഞ്ഞവർഷം പുറത്താക്കി. മാഡിയുടെ തിരച്ചിലിന് സാമ്പത്തിക സഹായം നൽകുന്നതിനായി ചെലവുകുറയ്ക്കുന്നതിന്റെ ഭാഗമായാണ് വക്താവിനെ പുറത്താക്കിയതെന്നാണ് ദമ്പതിമാർ നൽകിയ വിശദീകരണം.