ഛണ്ഡിഗഢ്: കോടതിവിധിക്കെതിരേ അഴിഞ്ഞാടിയ അനുയായികളുടെ നടപടിക്ക് ഉത്തരവാദി ആൾദൈവം റാംറഹിം തന്നെയെന്ന് കോടതിയുടെ വിലയിരുത്തൽ. ബലാത്സംഗ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആൾദൈവം റാം റഹീം സിങ്ങിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്വത്തുവകകൾ കണ്ടുകെട്ടി ആക്രമണത്തിലുണ്ടായ നഷ്ടം നികത്താനാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിർദ്ദേശം

രാജ്യത്തെ മുഴുവൻ ദേര ആശ്രമങ്ങളും അടച്ചു പൂട്ടി അന്തേവാസികൾ ഒഴിഞ്ഞു പോകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അക്രമം തുടരുന്ന സ്ഥലങ്ങളിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അർധസൈനിക വിഭാഗത്തിന്റെ സുരക്ഷ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ബലാത്സംഗ കേസിൽ രാം റഹീം കുറ്റക്കാരനാണെന്നുള്ള കോടതി പരാമർശത്തിനു പിന്നാലെ പഞ്ചാബിലും ഹരിയാനയിലും രാജ്യതലസ്ഥാനത്തും വ്യാപക ആക്രമണമാണ് അരങ്ങേറുന്നത്. വിധി പ്രതികൂലമായാൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ദേര സച്ച സൗദ പ്രവർത്തകർ ഇന്നലെ പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഉറപ്പ് നൽകിയിരുന്നെങ്കിലും കോടതി പരാമർശത്തിനു പിന്നാലെ മണിക്കൂറുകളായി വ്യാപക ആക്രമണാണ് അരങ്ങേറുന്നത്.

മാധ്യമങ്ങൾക്കു നേരേയും അനുയായികളുടെ ആക്രമണം ഉണ്ടായി. ലൈവ് ടെലികാസ്റ്റു ചെയ്യാനുള്ള സാങ്കേതിക സംവിധാനമുള്ള ടെലിവിഷൻ ചാനലുകളുടെ മൂന്ന് വാനുകൾ സംഘം തീയിട്ടു നശിപ്പിച്ചു. ഗംഗാ നഗർ റെയിൽവേ സ്റ്റേഷന് സ്റ്റേഷനും അടുത്തുള്ള പെട്രോൾ പമ്പിനും പ്രവർത്തകർ തീവെച്ചു. ഡൽഹി അനന്തവിഹാറിൽ രേവ എക്‌സപ്രസിന്റെ രണ്ട് കോച്ചുകൾക്ക് റാം റഹീം അനുയായികൾ തീയിട്ടു.

ഗസ്സിയാബാദിലും ആക്രമണം ഉണ്ടായി. ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ്സിന് പ്രവർത്തകർ തീയിട്ടു. സർക്കാർ ഓഫീസുകൾക്ക് നേരെയും സ്ഥാപനങ്ങൾക്ക് നേരെയും വ്യാപക ആക്രമണം ഉണ്ടായി. മംഗൽപൂരിലടക്കം നിരവധി മേഖലകളിൽ ജനക്കൂട്ടം വ്യാപക ആക്രമണമാണ് അഴിച്ചു വിടുന്നത്. ആക്രമണം ശക്തമാവുന്നതോടെ പൊതുസ്ഥലങ്ങളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

സംഘർഷം ശക്തമായതോടെ പഞ്ചാബ് ഹരിയാന അതിർത്തികൾ അടച്ചു. പഞ്ച്കുളയിൽ പൊലീസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കി.