തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ കഠിനംകുളം കൂട്ട ബലാൽസംഗക്കേസിലെ എല്ലാ പ്രതികളെയും ഹാജരാക്കാൻ പോക്‌സോ കോടതി ഉത്തരവ്. ഭർത്താവ് സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തി ഭാര്യയെ ആയിരം രൂപയ്ക്ക് വിറ്റ കഠിനംകുളം കൂട്ട ബലാത്സംഗക്കേസിൽ ഭർത്താവ് അൻസാറടക്കം ഏഴു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്.

24 കാരിയായ ഭാര്യയെ ബലം പ്രയോഗിച്ച് മദ്യപിപ്പിച്ച് ഭർത്താവിന്റെ ഒത്താശയോടെ സുഹൃത്തുക്കൾ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പത്തേക്കറിലെ വിജനമായ കാട്ടിനുള്ളിൽ വെച്ച് അഞ്ചു വയസ്സുകാരനായ മകന്റെ കൺമുന്നിലിട്ട് കൂട്ടബലാൽസംഗം ചെയ്ത് യുവതിയുടെ പഴ്‌സിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും പിടിച്ചു പറിച്ച കേസിലാണ് പോക്‌സോ കോടതി ഉത്തരവ്. കുറ്റം ചുമത്തുന്നതിലേക്കായി കേസിലെ 7 പ്രതികളെയും ഡിസംബർ 15ന് ഹാജരാക്കാൻ ആറ്റിങ്ങൽ ഡിവൈഎസ്‌പിയോടാണ് കോടതി ഉത്തരവിട്ടത്.

കുറ്റ സ്ഥാപനത്തിൽ രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് സെഷൻസ് വിചാരണ കേസായതിനാൽ പൊലീസ് കുറ്റപത്രവും സാക്ഷികളുടെ വായ്‌മൊഴി തെളിവുകളും രേഖാമൂലമുള്ള തെളിവുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുന്നത്. യുവതിയും ഏക ദൃക്‌സാക്ഷിയായ അഞ്ചു വയസ്സുകാരനായ മകനും ജുഡീഷ്യൽ മജിസ്ട്രേട്ടിന് മുമ്പാകെ നൽകിയ രഹസ്യമൊഴി കേസ് വിചാരണയിൽ നിർണ്ണായകമാവും. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് സെഷൻസ് കേസ് വിചാരണക്ക് മുന്നോടിയായി കോടതി കുറ്റം ചുമത്തുന്നത്.

കേസിൽ ഒന്നു മുതൽ ഏഴുവരെ പ്രതികളായ കണിയാപുരം ചാന്നാങ്കര ആറ്റരുകത്ത് വീട്ടിൽ മൻസൂർ (40) , ചാന്നാങ്കര പുതുവൽ പുരയിടത്തിൽ അക്കു എന്ന അക്‌ബർ ഷാ (20) , ചാന്നാങ്കര അൻസി മൻസിലിൽ അർഷാദ് (35) , ഓട്ടോ ഡ്രൈവർ പള്ളിപ്പുറം പുതുവൽപുത്തൻവീട്ടീൽ നൗഫൽ ഷാ (35) , യുവതിയുടെ ഭർത്താവ് , വെട്ടുതുറ പുതുവൽ പുരയിടത്തിൽ രാജൻ സെബാസ്റ്റ്യൻ (62) , ചാന്നാങ്കര റാഹത്ത് റോഡിൽ പുതുവൽ പുരയിടം വീട്ടിൽ മനോജ് (24) എന്നിവരെയാണ് ഹാജരാക്കേണ്ടത്.

2020 ജൂൺ 4 നാണ് തലസ്ഥാന ജില്ലയടക്കം സംസ്ഥാനത്തെ നടുക്കിയ ആസൂത്രിത കൂട്ട പീഡനം നടന്നത്. മദ്യപനായ ഭർത്താവുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭർത്താവ് പിണങ്ങിപ്പോയതിന് ശേഷം ജുമാ മസ്ജിദ് പള്ളി മുഹല്ല് കമ്മിറ്റിയിൽ പരാതി നൽകിയതോടെയാണ് ഭർത്താവ് സംഭവത്തിന് ഒരു മാസം മുമ്പ് തിരിച്ചു വിളിച്ചത്. രണ്ടു ദിവസമായി ഭർത്താവ് പുതുക്കുറിച്ചി ബീച്ചിൽ കൊണ്ടു പോകാറുണ്ടായിരുന്നു. ഇത് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കാനായിരുന്നു. സംഭവത്തിന് രണ്ടു ദിവസം മുമ്പ് പ്രതികളിലൊരാളായ രാജൻ സെബാസ്റ്റ്യൻ വീട്ടിലെത്തി ഭർത്താവ് അൻസാറിന് പണം നൽകുന്നത് കണ്ടതായി യുവതിയുടെ മൊഴിയിൽ പറയുന്നു. സംഭവ ദിവസവും ബീച്ചിലേക്കെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. ഒരു വൃദ്ധ ദമ്പതികൾ മാത്രമുള്ള വീട്ടിലേക്കാണ് കൊണ്ടു പോയത്. രാത്രി അവിടെ വച്ച് ഭർത്താവ് മദ്യപിച്ചതിനൊപ്പം യുവതിയെയും ബലം പ്രയോഗിച്ച് മദ്യപിപ്പിച്ചു. തുടർന്ന് സുഹൃത്തുക്കളുമായുള്ള മുൻ നിശ്ചയപ്രകാരം ഇളയ കുട്ടിയെയും കൂട്ടി ഭർത്താവ് കൂട്ടുകാരോടൊപ്പം പുറത്ത് പോയി.

കുറച്ചു കഴിഞ്ഞ് അവരിൽ ചിലർ അകത്തേക്കു വന്ന് യുവതിയുടെ തോളിൽ പിടിച്ചെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. രക്ഷപ്പെട്ടോളാൻ ആ വീട്ടിലെ വൃദ്ധ പറഞ്ഞു. അഞ്ചു വയസ്സുകാരനായ മൂത്ത മകനെയെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് സുഹൃത്തുക്കൾ വന്ന് ഭർത്താവ് അവിടെ അടിയുണ്ടാക്കുകയാണെന്നും ചേച്ചി ഒപ്പം വരണമെന്നും പറഞ്ഞത്.

പ്രതികളുടെ വാക്കുകൾ വിശ്വസിച്ച യുവതി അവർ വന്ന ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി. പത്തേക്കറിലെ വിജനമായ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു, യുവതിയുടെ കൈവശം പഴ്‌സിലുണ്ടായിരുന്ന ആയിരം രൂപയും രണ്ട് മൊബൈൽ ഫോണുകളും പ്രതികൾ പിടിച്ചുപറിച്ചു.മകനെയും അവർ ദേഹോപദ്രവമേൽപ്പിച്ചു. അതോടെ മകനെ വീട്ടിലെത്തിക്കണമെന്നും അത് കഴിഞ്ഞ് കൂടെ വരാമെന്നും അവരോട് തന്ത്രപരമായി പറഞ്ഞു. റോഡിലെത്തിയപ്പോൾ പ്രതികൾ ഓട്ടോയിൽ കയറാൻ പറഞ്ഞു. തൽസമയം യുവതി പ്രാണരക്ഷാർത്ഥം മകനെയും എടുത്ത് ഓടുകയായിരുന്നു.

തൽസമയം റോഡിലൂടെ വന്ന ഒരു കാറും ബൈക്കും കണ്ടപ്പോൾ കൈ കാണിച്ചു വിവരം പറഞ്ഞു. സംഭവം അവർ കഠിനംകുളം പൊലീസിൽ അറിയിച്ചു. പൊലീസ് നിർദ്ദേശപ്രകാരം അവരാണ് യുവതിയെയും മകനെയും വീട്ടിലെത്തിച്ചത്. കുറച്ച് കഴിഞ്ഞ് ഭർത്താവ് ഒന്നുമറിയാത്ത പോലെ ഇളയ കുഞ്ഞുമായെത്തി കേസ് കൊടുക്കരുതെന്ന് പറഞ്ഞ് ഭാര്യയെ ഭീഷണിപ്പെടുത്തി മർദിച്ചു. മദ്യപിച്ച് ഭാര്യപിച്ചും പേയും പറയുകയാണെന്നായിരുന്നു ഇയാളുടെ ഭാഷ്യം.

കഠിനംകുളം പൊലീസെത്തി ഭർത്താവ് അൻസാറിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. പ്രതികൾ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചതിലും മർദ്ദിച്ചതിലും വച്ച് മുഖത്തും ദേഹത്തും പരുക്കുകളോടെ കാണപ്പെട്ട യുവതിയെ ആശുപത്രിയിലുമാക്കി. ഭർത്താവിനെ ചോദ്യം ചെയ്തതിൽ വച്ച് ഇയാൾ നൽകിയ കുറ്റസമ്മത മൊഴി പ്രകാരം എല്ലാ പ്രതികളെയും കണ്ടെത്തി യുവതിയെ കാണിച്ച് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ മുന്നിൽ വച്ച് പീഡനം നടന്നതിനാൽ പോക്‌സോ വകുപ്പു പ്രകാരവും കേസെടുത്തു.

2020 ഓഗസ്റ്റ് 27 നാണ് അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 (ബി) (ക്രിമിനൽ ഗൂഢാലോചന) , 328 ( ഒരു കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടു കൂടി വിഷമോ സ്തബ്ധ ചിത്തയാക്കുന്നതോ ലഹരി പിടിപ്പിക്കുന്നതോ ആയ ഏതെങ്കിലും മരുന്നോ മദ്യമോ നൽകൽ), 366 (സ്ത്രീയെ അവളുടെ ഇച്ഛയ്ക്ക് എതിരായി അവിഹിത സംഗത്തിന് വേണ്ടി ആളപഹരണം ചെയ്യൽ) , 370 ( പെൺവാണിഭം), 323 (സ്വേച്ഛയാ ദേഹോപദ്രവമേൽപ്പിക്കൽ) , 324
(മാരകായുധമുപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കൽ) , 394 ( ദേഹോപദ്രവമേൽപ്പിച്ച് പിടിച്ചുപറിക്കൽ) ,376 (ഡി) ( കൂട്ടബലാൽസംഗം) , 354 (ബി) (വിവസ്ത്രയാക്കാനുള്ള ഉദ്ദേശ്യത്തോടു കൂടി സ്ത്രീയുടെ നേർക്ക് കൈയേറ്റമോ ബലപ്രയോഗമോ പ്രേരിപ്പിക്കുകയോ ചെയ്യൽ) , 354 (സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശത്തോടെയുള്ള കൈയേറ്റവും ബലപ്രയോഗവും) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ചുള്ള കൂട്ടായ്മ) എന്നീ വകുപ്പുകൾ , 2012 ൽ നിലവിൽ വന്ന പോക്‌സോ നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.