ഛണ്ഡീഗഡ്: ഗർഭം അലസിപ്പിക്കാനുള്ള പത്തു വയസുകാരിയുടെ ഹർജി കോടതി തള്ളി. സ്വന്തം അമ്മാവനാൽ ബലാത്സംഗത്തിനിരയായ പത്തു വയസ്സുകാരിയുടെ ഗർഭം അലസിപ്പിക്കാനുള്ള ഹർജിയാണ് കോടതി തള്ളിയത്. കുഞ്ഞിന് 26 ആഴ്ച വളർച്ചയെത്തിയ സാഹചര്യത്തിലാണ് കോടതി ഗർഭഛിദ്രത്തെ എതിർത്തത്.

ഛണ്ഡീഗഡിലെ ജില്ലാകോടതിയാണ് ഹർജി തള്ളിയത്. ഇരയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ വെളിവാകുന്ന സാഹചര്യത്തിൽ 20 ആഴ്ചയ്ക്ക് താഴെയുള്ള ഗർഭാവസ്ഥയിലാണ് ഇക്കാര്യം നിയമപരമായി അനുവദിക്കപ്പെടുക. അതേസമയം എല്ലുകൾക്ക് പോലും പൂർണ്ണ വളർച്ച എത്തിയിട്ടില്ലാത്ത കുട്ടി ഗർഭകാലം പൂർണ്ണമായും സഹിക്കേണ്ടി വരുന്നത് കുട്ടിയുടെ ആരോഗ്യത്തിന് തന്നെ പ്രശ്നമാണെന്നും സാധാരണ പ്രസവവും ശസ്ത്രക്രിയയുമെല്ലാം പ്രയാസമേറിയ കാര്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

ആരുമിമില്ലാതിരുന്ന സമയത്ത് വീട്ടിൽ അമ്മാവനാൽ നിരന്തരം ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഗർഭം ധരിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് സർക്കാർ ജീവനക്കാരനും മാതാവ് വീട്ടു വേലക്കാരിയുമാണ്. അതേസമയം ഈ പ്രായത്തിൽ പെൺകുട്ടി ഗർഭിണി ആയത് അനേകരെയാണ് ഞെട്ടിച്ചിരിക്കുന്നത്.

അതേസമയം ഇത്തരം കേസുകൾ ഇന്ത്യയിൽ ആദ്യ സംഭവമല്ല. ഒരു മാസം മുമ്പായിരുന്നു 18 ആഴ്ച വളർച്ചയെത്തിയ കുഞ്ഞിനെ ഗർഭിണിയായ 10 വയസ്സുകാരിയുടെ ജീവനെ കരുതി ഗർഭഛിദ്രം നടത്താൻ റോഹ്താക്കിലെ കോടതി അനുവദിച്ചത്.

ഈ കേസിൽ ആറുമാസം പ്രായമുള്ളപ്പോൾ തന്നെ അൾട്രാസൗണ്ട് സ്‌കാനിംഗിൽ ഗർഭിണിയാണെന്ന് കണ്ട പെൺകുട്ടിയുടെ അവസ്ഥ കോടതിയെ അറിയിച്ചതാണെന്ന് ആശുപത്രി പറഞ്ഞു. 13 വയസ്സിൽ താഴെ പ്രായത്തിൽ മാസമുറയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വ്യക്തമാകാത്ത സാചര്യത്തിൽ ഗർഭാവസ്ഥ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നെന്ന് പരിശോധിച്ചവർ പറയുന്നു.