- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൗമാരക്കാർക്ക് കൊവാക്സിൻ മാത്രം; 2007ലോ മുൻപോ ജനിച്ച എല്ലാവർക്കും വാക്സിൻ സ്വീകരിക്കാം; കരുതൽ ഡോസ് നൽകുന്നത് ജനുവരി 10 മുതൽ; മാർഗനിർദ്ദേശം പുറത്തിറക്കി
ന്യൂഡൽഹി: കൗമാരക്കാർക്ക് കോവിഡ് വാക്സിനും ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും 60 വയസിന് മുകളിലുള്ളവർക്കും കരുതൽ ഡോസും നൽകുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനാണ് നൽകുക എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
കൗമാരക്കാർക്ക് കൊവാക്‌സീൻ മാത്രമായിരിക്കും നൽകുകയെന്ന് പുതിയ മാർഗനിർദ്ദശത്തിൽ പറയുന്നു. 2007ലോ അതിന് മുമ്പോ ജനിച്ച എല്ലാവരും വാക്‌സീൻ എടുക്കാൻ പുതിയ നയം അനുസരിച്ച് അർഹരാണ്.
കൗമാരക്കാർക്ക് നിലവിൽ ഉള്ള ഏതെങ്കിലും കോവിൻ അക്കൗണ്ട് വഴിയോ, സ്വന്തം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയോ രജിസ്ട്രഷൻ നടത്താം. വാക്‌സീൻ നൽകുന്നയാൾക്കും കൗമാരക്കാരുടെ രിജിസ്‌ട്രേഷൻ നടത്തി കൊടുക്കാൻ സാധിക്കും. പതിനഞ്ച് മുതൽ 18 വയസുവരെയുള്ളവർക്ക് വാക്‌സീനായി ജനുവരി 1 മുതൽ കൊവിൻ ആപ്പിലും പോർട്ടലിലും രജിസ്റ്റർ ചെയ്യാം. ആധാർ ഇല്ലെങ്കിൽ സ്‌കൂൾ തിരിച്ചറിയൽ കാർഡും ഉപയോഗിക്കാം. നൽകുന്ന വാക്‌സിന്റെ അളവിൽ വ്യത്യാസം ഉണ്ടാകില്ല.
ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്‌സീൻ തന്നെ നൽകിയാൽ മതിയെന്നും തീരുമാനമായിരുന്നു. രണ്ടാം ഡോസ് കിട്ടി ഒൻപത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവർത്തകർക്ക് കരുതൽ ഡോസ് നൽകുക. ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടവേള. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക. കരുതൽ ഡോസായി വ്യത്യസ്ത വാക്‌സീൻ നൽകാൻ നേരത്തെ കേന്ദ്രം ആലോചിച്ചിരുന്നു. എന്നാൽ ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്‌സീൻ തന്നെ നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും 60 വയസിന് മുകളിലുള്ളവർക്കും കരുതൽ ഡോസ് നൽകുന്നത് ജനുവരി പത്തുമുതലാണ്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 39 ആഴ്ച പൂർത്തിയായവർക്കാണ് കരുതൽ ഡോസ് നൽകുക. 60 വയസിന് മുകളിൽ പ്രായമുള്ള അനുബന്ധ രോഗമുള്ളവർക്ക് ഡോക്ടരുടെ നിർദ്ദേശപ്രകാരമാണ് വാക്സിൻ നൽകുക എന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായാണ് വാക്സിൻ നൽകുക. നിലവിലുള്ള കോവിൻ അക്കൗണ്ട് വഴിയാണ് രജിസ്ട്രർ ചെയ്യേണ്ടത്. കോവിൻ ആപ്പിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന തീയതി നോക്കിയാണ് വാക്സിൻ നൽകുക. വാക്സിൻ സ്വീകരിക്കേണ്ട സമയമാകുമ്പോൾ ഗുണഭോക്താവിനെ എസ്എംഎസ് വഴി ഇക്കാര്യം അറിയിക്കും.
മറുനാടന് മലയാളി ബ്യൂറോ