ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്നായ കോവാക്സിന്റെ വില കുറച്ചു. സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ ഒരു ഡോസ് 400 രൂപയ്ക്ക് നൽകും. നേരത്തെ 600 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ വില പ്രതിഡോസിന് 1200 രൂപയായി തുടരും.

ഭാരത് ബയോടെക്-ഐസിഎംആർ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവിഡ് പ്രതിരോധമരുന്നാണ് കോവാക്‌സിൻ.

18നും 45നും ഇടയിൽ പ്രായമായവർക്കുള്ള കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം നിലനിൽക്കുകയാണ്. പൊതുവിപണിയിൽ നിന്ന് വില കൊടുത്ത് സംസ്ഥാന സർക്കാരുകൾ വാങ്ങണമെന്ന നയത്തിലെ നിർദ്ദേശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിന് പിന്നാലെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വാക്സിൻ നിരക്ക് പ്രഖ്യാപിച്ചു.

ഇത് വളരെ കൂടുതലാണ് എന്ന തരത്തിൽ ആക്ഷേപം ഉയർന്നതിനെ തുടർന്ന് വില കുറയ്ക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്ക് നൽകാൻ തീരുമാനിച്ചിരുന്ന വാക്സിന്റെ വില 300 രൂപയായി കുറച്ചു. ഇതിന് പിന്നാലെയാണ് ഭാരത് ബയോടെക്കും വില കുറച്ചത്.

Bharat Biotech - COVAXIN® Announcement - April 29, 2021 pic.twitter.com/RgnROIfUCe

- BharatBiotech (@BharatBiotech) April 29, 2021

കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയത്തിന് കീഴിൽ മെയ് ഒന്നു മുതൽ 18 വയസിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.

രാജ്യം ഇന്ന് നേരിടിരുന്ന പ്രതിസന്ധിയിൽ ഞങ്ങൾ ആശങ്കാകുലരാണ്. പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാവുന്ന ഈ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്കുള്ള കോവാക്സിൻ വില 600 രൂപയിൽ നിന്ന് 400 രൂപയായി കുറയ്ക്കുന്നുവെന്ന് ഭാരത് ബയോടെക് മേധാവി കൃഷ്ണ എം എല്ല പ്രസ്താവനയിൽ വ്യക്തമാക്കി.

ഓക്‌സ്‌ഫോഡ്-ആസ്ട്രസെനിക്ക വികസിപ്പിച്ച് ഇന്ത്യയിൽ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിന്റെ വിലയും കഴിഞ്ഞ ദിവസം കുറച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് വാക്സിൻ പ്രതിഡോസ് 300 രൂപയ്ക്ക് നൽകുമെന്നാണ് പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. നേരത്തെ 400 രൂപയായിരുന്നു വില നിശ്ചയിച്ചിരുന്നത്.

45 വയസിനു മുകളിലുള്ളവർക്ക് വാക്സിൻ സൗജന്യമായിരിക്കുമെന്നും ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും വാക്സിൻ സ്വീകരിക്കുന്നത് തുടരാമെന്നും കേന്ദ്രം അറിയിച്ചിരുന്നു.