തിരുവനനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും വൈദ്യശാസ്ത്രത്തെയും ആരോഗ്യമേഖലയേയും വെല്ലുവിളിക്കുന്ന രോഗശാന്തി ശുശ്രൂഷകരുടെ പൊള്ളത്തരം തുറന്നുകാട്ടി സാമൂഹ്യമാധ്യമങ്ങൾ. കേരളത്തെ ഒന്നാകെ ഭീതിയുടെ നിഴലിൽ നിർത്തിയ നിപ്പാ വൈറസിനെ കുർബാനയിൽ ആവാഹിച്ച് കേരളത്തിൽനിന്നും ഓടിച്ച പ്രമുഖ ധ്യാനഗുരുവും രോഗശാന്തി ശുശ്രൂഷകനുമായ ഫാദർ മാത്യു നായ്ക്കംപറമ്പിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ എന്ന വാർത്ത പങ്കുവച്ചാണ് സാമൂഹ്യ മാധ്യമങ്ങൾ രോഗശാന്തി ശുശ്രൂഷയുടെ ആധികാരികത ചോദ്യം ചെയ്യുന്നത്.

കോവിഡ് വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങളിലൂടെ, പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ലോകം ഒന്നാകെ മുന്നോട്ട് പോകുമ്പോഴും വൈറസ് വകഭേദങ്ങളാൽ രോഗവ്യാപനം തിരിച്ചുവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വരെ കോവിഡ് വ്യാപനം കടന്നെത്തിയിരുന്നു. രോഗം ബാധിച്ച ഒരാളെക്കുറിച്ച് സഹതാപത്തോടെയല്ലാതെ സംസാരിക്കാനാവില്ല.

എന്നാൽ ഇത്തരം മഹാമാരികളെ ശാസ്ത്രീയമായി അല്ലാതെ വിലയിരുത്തുകയും പ്രാർത്ഥനയിലൂടെ മാത്രം രോഗം ഭേദമാക്കുമെന്ന അവകാശവാദങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നവരെയാണ് സാമൂഹ്യമാധ്യമങ്ങളിൽ കണക്കറ്റ് പരിഹസിക്കുന്നത്. വൈദ്യശാസ്ത്രത്തെ തള്ളി പറയുന്ന രോഗശാന്തി ശുശ്രൂഷകർ പ്രാർത്ഥനയിലൂടെ രോഗം മാറ്റുമെന്നാണ് അവകാശപ്പെടുന്നത്. പ്രാർത്ഥന നല്ലതാണ് എന്നാൽ രോഗം അതിലൂടെ മാത്രം ഭേദമാകും എന്ന അവകാശ വാദം എത്രത്തോളം ശരിയാകും എന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നത്.


'നിപ്പ കാലത്ത് വിശുദ്ധ കുർബാന ചൊല്ലുമ്പോൾ വിശുദ്ധ കുർബാനയിലേക്ക് സമർപ്പിക്കാൻ യേശു നേരിട്ട് പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടു' എന്നായിരുന്നു ഫാദർ മാത്യു നായ്ക്കംപറമ്പിൽ ഒരു വീഡിയോയിൽ അവകാശപ്പെട്ടത്. അങ്ങനെ ചെയ്തതോടെ നിപ്പ വൈറസിനെക്കുറിച്ച് പിന്നീട് കേട്ടിട്ടില്ല. ശാസ്ത്രജ്ഞന്മാർ ഇടപെട്ടിട്ടില്ല, മറിച്ച് പ്രാർത്ഥനയിലൂടെയാണ് താൻ അത് മാറ്റിയതെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. കോവിഡിനെയും ഈ രീതിയിൽ മാറ്റാനാകും എന്നും അവകാശപ്പെട്ടു. കണ്ണൂർ ജില്ലയിലെ പൈതൽമലയിൽ ധ്യാനിച്ചുകൊണ്ടിരിക്കെ യേശുക്രിസ്തു നേരിട്ട് പ്രത്യക്ഷപ്പെട്ട് തന്നോട് പറഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

തൃശൂർ ജില്ലയിലെ മുരിങ്ങൂർ പോട്ട കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി രോഗശാന്തി ശുശ്രൂഷ ചെയ്യുന്ന ആളാണ് ഫാദർ മാത്യു നായ്ക്കംപറമ്പിൽ. രോഗശാന്തി ശുശ്രൂഷയുമായി ബന്ധപ്പെട്ട് ലോകം മുഴുവൻ സഞ്ചരിക്കുന്ന ആളാണ്. നിരവധി പേർ രോഗശാന്തി നേടിയെന്ന് അവകാശപ്പെടുന്നു. എന്നാൽ ഫാദർ മാത്യു നായ്ക്കംപറമ്പിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആലുവയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ചാലക്കുടിയിലെ മറ്റൊരു ആശുപത്രിയിലായിരുന്നു. ആശുപത്രിയിൽ നിന്നും രണ്ട് ദിവസം മുമ്പ് രാജഗിരിയിലേക്ക് മാറ്റുകയായിരുന്നു. നിലമെച്ചപ്പെട്ടു വരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്.

കോവിഡ് രോഗം മൂർച്ഛിച്ചപ്പോൾ രോഗശാന്തി ശുശ്രൂഷ ഒന്നുകൊണ്ടുമാത്രം ഫലമുണ്ടായില്ല എന്ന് ഇനിയെങ്കിലും ഫാദർ മാത്യു നായ്ക്കംപറമ്പിൽ അടക്കമുള്ള രോഗശാന്തി ശുശ്രൂഷകർ സാമൂഹ്യമാധ്യമങ്ങൾ തിരിച്ചറിയേണ്ടതുണ്ട് എന്നാണ് സാമൂഹ്യമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം അവകാശവാദങ്ങൾ പറയാതിരിക്കണം. ദൈവത്തിന്റെ പേരിൽ രോഗശാന്തി ശുശ്രൂഷ എന്നുപറഞ്ഞ് ആളുകളെ പറ്റിച്ച് ധനം സമ്പാദിക്കുന്നത് അവസാനിപ്പിക്കണം എന്നും സാമൂഹ്യമാധ്യങ്ങളിൽ വരുന്ന പ്രതികരണങ്ങളിൽ വ്യക്തമാക്കുന്നു.

യേശു പ്രത്യക്ഷപ്പെട്ട് പ്രാർത്ഥിച്ചാൽ മതിയെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് രോഗം വന്നത് എന്നതാണ് ചിന്തിക്കേണ്ടത്, പോട്ട ധ്യാന കേന്ദ്രത്തിലെ നൂറുകണക്കിന് ആളുകൾക്കും രോഗം ബാധിച്ചു.
പ്രളയകാലത്ത് പോട്ടയിൽ തുടർന്നപ്പോൾ ഹെലികോപ്ടറിൽ വന്നാണ് രക്ഷപെടുത്തിയത്. ഇവയ്ക്കു പുറമെ ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ച സന്ദേശവും പുറത്തുവന്നിരുന്നു.

'ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ അറിയിപ്പാണ്. ആത്മായർക്കും പുരോഹിതർക്കും സിസ്‌റ്റേഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്'. രോഗം ബാധിച്ചവരുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഫാദർ മാത്യു നായ്ക്കംപറമ്പിൽ അടക്കമുള്ള പുരോഹിതർക്ക് കോവിഡ് സ്ഥിരീകരിച്ചത് സംബന്ധിച്ചും ഈ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സൂചിപ്പിക്കുന്നുണ്ട്. കൊറോണയെ കുർബാനയിൽ ആവാഹിക്കുന്ന ഫോർമുല കണ്ടെത്തി ആഫ്രിക്കയ്ക് മറിച്ചുവിറ്റു എന്ന രീതിയിലും ഫാദർ മാത്യു നായ്ക്കംപറമ്പിലിന്റെ പേരിൽ വീഡിയോ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു