ദുബായ്: ഇസ്ലാമിലെ ഏറ്റവും നിഷിദ്ധമായ മൃഗങ്ങളിൽ ഒന്നായാണ് പന്നിയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പന്നിയുടെ ശരീരഭാഗവുമായി ബന്ധമുള്ള ഒരു വസ്തുവും മുസ്ലീങ്ങൾ ഹറാമാണെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് പതിവ്. ശിപായി ലഹള എന്നു പറയുന്ന ഒന്നാം സ്വതന്ത്ര്യസമരത്തിന് കാരണമായി പറയുന്നതുപോലും പടക്കോപ്പുകളിൽ പന്നിക്കൊഴുപ്പ് ഉണ്ട് എന്ന പ്രചാരണം ആയിരുന്നു. എന്നാൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുന്ന കോവിഡ് രോഗത്തിന്റെ കാര്യത്തിൽ ഇസ്ലാമിക ലോകം ഈ കർശന ഹറാം നിബന്ധന ലംഘിക്കയാണ്.

കോവിഡ് വൈറസിനെതിരായ വാക്‌സിനുകളിൽ പന്നിക്കൊഴുപ്പ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഇസ്ലാം മതവിശ്വാസികൾക്ക് കുത്തിവെക്കാമെന്ന് യു.എ.ഇ. രാജ്യത്തെ ഉയർന്ന ഇസ്ലാമിക അതോറ്റിറ്റിയായ യു.എ.ഇ ഫത്വ കൗൺസിലിന്റേതാണ് നിർദ്ദേശം.ഇസ്ലാമിക നിയമപ്രകാരം പന്നിയെ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിഷിദ്ധമാണ്. എന്നാൽ മറ്റ് മാർഗങ്ങളൊന്നുമില്ലെങ്കിൽ പന്നിക്കൊഴുപ്പ് കൊണ്ടുള്ള വാക്‌സിൻ ഉപയോഗിക്കാമെന്ന് കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുള്ള ബിൻ ബയ്യാഹ് പറഞ്ഞു.

മനുഷ്യന്റെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനകാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത് എന്നും ഭക്ഷണമായി അല്ല എന്നും കൗൺസിൽ വ്യക്തമാക്കി. യു.എ.ഇ അടക്കമുള്ള രാഷ്ട്രങ്ങളിൽ ഫൈസർ വികസിപ്പിച്ച വാക്സിനാണ് നൽകി വരുന്നത്.വാക്സിൻ നിർമ്മാണത്തിന് പന്നിയിൽ നിന്നും ശേഖരിക്കുന്ന ഗെലാറ്റിൻ എന്ന വസ്തു ഉപയോഗിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് ഇസ്ലാമിക് മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സൽമാൻ വാഖർ പറഞ്ഞിരുന്നു.