- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നാളെ കോവിഡ് വാക്സിൻ ഡ്രൈ റൺ; തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിൽ പരീക്ഷണ പ്രക്രിയ; വാക്സിനേഷന് തയ്യാറെടുത്ത് സംസ്ഥാനവും
തിരുവനന്തുപുരം: സംസ്ഥാനത്ത് നാളെ കോവിഡ് വാക്സിൻ ഡ്രൈ റൺ നാല് ജില്ലകളിൽ നടത്തും. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റൺ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഓരോ ആശുപത്രികളിലും ഡ്രൈ റൺ നടത്തും. രോഗ വ്യാപനം കൂടുതലുള്ള ജില്ലകളിൽ ഡ്രൈ റൺ നടത്താനാണ് കേന്ദ്ര സർക്കാർ നിർദ്ദേശമെന്നും അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്റേതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
നിലവിൽ നിശ്ചയിച്ച വാക്സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനാണ് ഡ്രൈ റൺ നടത്തുന്നത്. സംസ്ഥാനത്ത് കോവിഡ് വാക്സിൻ സംഭരത്തിനുള്ള കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം എല്ലാം സജ്ജമാണെന്ന് സംസ്ഥാന സർക്കാർ അറിയിക്കുന്നത് . രണ്ട് ഡിഗ്രി മുതൽ എട്ട് ഡിഗ്രി വരെ ഊഷ്മാവിൽ സൂക്ഷിക്കാനുള്ള സംവിധാനമാണൊരുക്കിയിട്ടുള്ളത്. വിതരണ ശൃഖംലകളും തയാറായിക്കഴിഞ്ഞു.
ജനുവരി രണ്ട് മുതൽ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കൾ വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിനു ശേഷം വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ ഡ്രൈ റൺ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ നടന്ന വാക്സിൻ ഡ്രൈ റണ്ണിന്റെ പ്രക്രിയ സുഗമമായി മുന്നോട്ടുപോയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. വാക്സിൻ പൊതു ഉപയോഗാനുമതി നൽകുന്നതിന് മുന്നോടിയായാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടക്കുന്നത്.
അതിനിടെ, സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകൾക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതനുസരിച്ച് ആർ.ടി.പി.സി.ആർ. (ഓപ്പൺ) ടെസ്റ്റിന് 1500 രൂപ, എക്‌സ്‌പേർട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആർടി-ലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിങ് ചാർജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാർജുകളും ഉൾപ്പടെയുള്ളതാണ് ഈ നിരക്ക്. ഈ നിരക്കുകൾ പ്രകാരം മാത്രമേ ഐസിഎംആർ/സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും, ആശുപത്രികൾക്കും കോവിഡ് പരിശോധന നടത്താൻ കഴിയുകയുള്ളൂ. ഈ നിരക്കിൽ കൂടുതൽ ആരും ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോവിഡ്-19 പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത്. ആർടിപിസിആർ (ഓപ്പൺ) 2750 രൂപ, ട്രൂ നാറ്റ് 3000 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേർട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് ആരംഭത്തിൽ നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ആർ.ടി.പി.സി.ആർ. (ഓപ്പൺ) ടെസ്റ്റ് 2100 രൂപ, ട്രൂ നാറ്റ് ടെസ്റ്റ് 2100 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, ജീൻ എക്‌സ്‌പേർട്ട് ടെസ്റ്റ് 2500 രൂപ എന്നിങ്ങനെയാണ് ഒക്‌ടോബർ മാസത്തിൽ നിരക്ക് കുറച്ചത്. മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കാൻ തുടങ്ങിയതോടെഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാണ്. ഈയൊരു സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ കിറ്റുകളുടെ നിരക്കുകൾ വീണ്ടും കുറച്ചത്.
മറുനാടന് ഡെസ്ക്