- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം ജില്ലയിലെ കോവിഡ് ജാഗ്രത നമ്പരുകൾ ചത്തു; അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കുന്നവർ കേൾക്കുന്നത് നമ്പർ നിലവിലില്ല എന്ന സന്ദേശം; സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളത് ഉപയോഗത്തിൽ ഇല്ലാത്ത കോൾ സെന്റർ നമ്പരുകൾ
തിരുവനന്തപുരം: കോവിഡ് അനുബന്ധ അടിയന്തര ആവശ്യങ്ങൾക്കായി കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി തിരുവനന്തപുരത്തെ കോൾ സെന്റർ നമ്പരുകളിലേയ്ക്ക് വിളിക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ വഞ്ചിതരാകാതിരിക്കുക. ആ നമ്പരുകളെല്ലാം പ്രവർത്തനരഹിതമാണ്.
https://kerala.gov.in എന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗികവെബ്സൈറ്റിൽ നൽകിയിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ കോവിഡ് കാൾ സെന്റർ നമ്പരുകളാണ് പ്രവർത്തനരഹിതമായിരിക്കുന്നത്. അടിയന്തരഘട്ടങ്ങളിൽ സർക്കാർ വെബ്സൈറ്റിൽ നിന്നും നമ്പരെടുത്ത് ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടാൻ ശ്രമിക്കുന്നവർക്ക് നിരാശയാണ് ഫലം.
പത്ത് നമ്പരുകളാണ് തിരുവനന്തപുരം ജില്ലയിലെ കോവിഡ് 19 കാൾ സെന്ററുകളുടേതായി നൽകിയിരിക്കുന്നത്. ഏറ്റവുമധികം ഹെൽപ്പ്ലൈൻ നമ്പരുകൾ ഉള്ള ജില്ല തിരുവനന്തപുരമാണ്. എന്നാൽ അതിൽ ഒരു നമ്പർ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് പ്രത്യേകത. ആ നമ്പരിൽ വിളിക്കുന്ന രോഗികളും രോഗികളുടെ ബന്ധുക്കളും കേൾക്കുന്നത് 'ഈ നമ്പർ നിലവിലില്ല' എന്ന സന്ദേശമാണ്.
0471-2730211, 0471-2730312, 0471-2730313, 0471-2730314, 0471-2730415, 0471-2730416, 0471-2730417, 0471-2730418, 0471-2730419, 0471-2730420 എന്നീ നമ്പരുകളാണ് പ്രവർത്തനരഹിതമായിരിക്കുന്നത്. നിരവധിപേരാണ് ഇതിനിടെ ഈ നമ്പരുകളിലേയ്ക്ക് വിളിച്ച് കബളിപ്പിക്കപ്പെട്ടത്. പത്ത് നമ്പരുകൾ ഉള്ളതിനാൽ ഒരുപാട് സമയമെടുത്ത് ഫോൺ വിളിച്ചുകഴിയുമ്പോഴാണ് ഒരു നമ്പരും പ്രവർത്തിക്കുന്നില്ല എന്ന സത്യം അവരറിയുന്നത്.
തിരുവനന്തപുരം കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ സാധാരണഗതിയിൽ ആരംഭിച്ചതോടെ കോർപ്പറേഷൻ ഓഫീസിൽ പ്രവർത്തിച്ചിരുന്ന കാൾ സെന്റർ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ആ നമ്പരുകളാണ് ഇപ്പോഴും വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യാതെ കിടക്കുന്നതെന്നാണ് സൂചന. കോർപ്പറേഷനിലെ കാൾ സെന്റർ പ്രവർത്തനമവസാനിപ്പിച്ചിട്ട് രണ്ട് മാസത്തിലേറെയായെങ്കിലും ആ നമ്പരുകൾ മാറ്റി പുതിയ നമ്പരുകൾ നൽകാൻ അധികൃതർ തയ്യാറായിട്ടില്ല എന്നതാണ് ആക്ഷേപം.