തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഈ ജില്ലകളിൽ പൊതുപരിപാടികൾ അനുവദിക്കില്ല. നിലവിൽ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിലുള്ളത്. ഇതോടെ സംസ്ഥാനത്തെ അഞ്ച് ജില്ലകൾ അതി തീവ്രമായ നിയന്ത്രണങ്ങളിൽ കൂടിയാണ് കടന്നുപോകുന്നത്.

സി കാറ്റഗറിയിൽ വരുന്ന ജില്ലകളിൽ തിയറ്റർ, ജിംനേഷ്യം എന്നിവ അടച്ചിടണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാന സെമസ്റ്ററിനു മാത്രമേ നേരിട്ടുള്ള ക്ലാസ് ഉണ്ടാവൂ. ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. കോവിഡ് അവലോകന യോഗത്തിലാണ് സി കാറ്റഗറിയിലേക്ക് കടക്കണമെന്ന നിർദ്ദേശം എത്തിയിരിക്കുന്ന്ത.

തിരുവനന്തപുരം ജില്ലയെ നേരത്തെ തന്നെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. അത് തുടരും. സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ സി കാറ്റഗറിയിൽ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. തുടങ്ങിയവയാണ് സി കാറ്റഗറിയിലെ നിയന്ത്രണങ്ങൾ. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് കാറ്റഗറിയായി നിയന്ത്രണം ഏർപ്പെടുത്തുന്നത്.

നിലവിൽ കാറ്റഗറി തിരിച്ച് ജില്ലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. അടുത്ത മാസം ആറുവരെ അരലക്ഷത്തിനടുത്ത് പ്രതിദിനരോഗികൾ ഉണ്ടാകുമെന്നാണ് സർക്കാരിന് ലഭിച്ച പുതിയ പ്രൊജക്ഷൻ റിപ്പോർട്ടിലുള്ളത്. ആശുപത്രിയിൽ ആകെ ചികിത്സയിലുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആവുമ്പോഴാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ വരിക.

സമൂഹ അടുക്കളകൾ വീണ്ടും വരും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമൂഹ അടുക്കളകൾ വീണ്ടും തുടങ്ങാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ മൂർധന്യത്തിലെത്തിയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രോഗപ്പകർച്ച സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ആരും പട്ടിണി കിടക്കാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ സമൂഹ അടുക്കള വീണ്ടും തുടങ്ങണം. പഞ്ചായത്ത് തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജീവമാക്കാനും യോഗം തീരുമാനിച്ചു.