- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് കുരുക്കായി ഹോം ഐസൊലേഷൻ; സമയത്ത് ചികിത്സ കിട്ടാതെ വീട്ടിൽവെച്ചു മരിച്ചത് 444 കോവിഡ് രോഗികൾ; ഹോം ഐസൊലേഷനിൽ കഴിയുന്ന മറ്റ് രോഗങ്ങളുള്ളവർ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: വീടുകൾക്കുള്ളിലെ കോവിഡ് വ്യാപനത്തിന് പിന്നാലെ ആരോഗ്യവകുപ്പിന് തിരിച്ചടിയായി ഹോം ഐസലേഷനിൽ കഴിഞ്ഞവരിലെ മരണക്കണക്കും. ഹോം ഐസലേഷനിൽ കഴിഞ്ഞവരടക്കം 1795 കോവിഡ് രോഗികൾ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെത്തുടർന്ന് മരിച്ചെന്നാണ് അവലോകന റിപ്പോർട്ട്.
മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് 444 രോഗികൾ വീട്ടിൽ തന്നെ മരിച്ചെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടും പുറത്തുവന്നു. ഇതോടെ മറ്റസുഖങ്ങളുള്ള കോവിഡ് രോഗികളോട് അടിയന്തര പരിശോധന നടത്താനും, പരമാവധി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് സമ്മർദ്ദത്തിലായിരിക്കുന്ന സംസ്ഥാന സർക്കാരിന് തലവേദനയാകുന്നതാണ് പുതിയ മരണകണക്കുകൾ. സംസ്ഥാനത്ത് 1795 കോവിഡ് രോഗികൾ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മരണമടഞ്ഞതായാണ് അവലോകന റിപ്പോർട്ട് കാണിക്കുന്നത്.
ഇതിൽ 444 പേർ ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്നവരാണ് എന്നത് ആരോഗ്യവകുപ്പിനെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.ഇതോടെ ഹോം ഐസൊലേഷന്റെ പ്രായോഗികത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. രോഗബാധിതർക്ക് വേണ്ടത്ര വിദഗ്ധ പരിചരണം ലഭിക്കില്ല എന്നത് തന്നെയാണ് പ്രതിസന്ധിയാകുന്നത്.
പ്രമേഹം ഹൈപ്പർടെൻഷൻ തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് റാപ്പിഡ് റെസ്‌പോൺസ് ടീമിനോട് കുറച്ചു കൂടി സജീവമാകാനും ഇത്തരം രോഗങ്ങളുള്ളവർക്ക് പ്രത്യേക പരിഗണന നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓണാഘോഷങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ രൂക്ഷ വിമർശനങ്ങാണ് നേരിടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ഡൗണിനും മറ്റ് ദിവസങ്ങളിൽ രാത്രികാല കർഫ്യൂ എർപ്പെടുത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 60 ശതമാനത്തിൽ കൂടുതലും കേരളത്തിലാണ്. ഓണാഘോഷഘങ്ങളിൽ സംസ്ഥാനത്ത് ഇളവുകൾ നൽകുന്നതിന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇത് വകവെയ്ക്കാതെ സംസ്ഥാന സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുകയായിരുന്നു.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുറമേ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്ക് നിയമിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഏങ്ങനെ തുടരണമെന്ന് ചർച്ച ചെയ്യാൻ ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചി്ട്ടുണ്ട്. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം നടപടികൾ കൈക്കൊള്ളും.
തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂവും ആരംഭിക്കും. രാത്രി പത്തുമുതൽ രാവിലെ ആറുവരെയാണ് കർഫ്യൂ. ചരക്ക് വാഹനങ്ങൾക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരെയും കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്.
ദീർഘദൂര യാത്രക്കാർക്കും യാത്ര ചെയ്യാം. ട്രെയിൻ കയറുന്നതിനോ, എയർപോർട്ടിൽ പോകുന്നതിനോ, കപ്പൽ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യിൽ കരുതിയാൽ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം. വാർഡുകൾ കേന്ദ്രീകരിച്ചുള്ള ട്രിപ്പിൾ ലോക്ഡൗണും ശക്തമാക്കും. പ്രതിവാര രോഗവ്യാപനതോത് ഏഴ് ശതമാനമുള്ള സ്ഥലങ്ങളിലാണ് ലോക്ഡൗൺ കർശനമാക്കുക.
മറുനാടന് മലയാളി ബ്യൂറോ