- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പലവും പള്ളിയും മോസ്കും ആരാധനായ്ക്കായി തുറന്നു; ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ ബസ് സർവീസ്; സർക്കാർ ഓഫീസുകൾ കൂടുതൽ സജീവമാകും; കരുതലുമായി അൺലോക്കിന്റെ കൂടുതൽ ഇളവുകൾ; ഓണത്തിന് മുമ്പ് കോവിഡ് കേസുകൾ നിയന്ത്രണ വിധേയമാകുമെന്നും പ്രതീക്ഷ; ഡെൽറ്റാ പ്ലസ് കേരളത്തിനും ഭീഷണി തന്നെ
തിരുവനന്തപുരം: ഇന്നു പോലെ കേരളം പതിവ് പോലെ. കോവിഡ് നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങളും പള്ളികളും മോസ്‌കുകളും തുറന്നു. ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സർവീസ് നടത്തും. ഒറ്റ-ഇരട്ട ക്രമീകരണം മൂലം ഉണ്ടായ യാത്രാ ക്ലേശങ്ങൾക്കും പരിഹാരം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറഞ്ഞ സ്ഥലങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച പുതിയ ഇളവുകൾ ഇന്നു പ്രാബല്യത്തിലാകും.
കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തു വന്നിട്ടുണ്ട്. ഡെൽറ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഡെൽറ്റ പ്ലസിന്റെ 40 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പുതിയ സാഹചര്യത്തിൽ കേരളത്തിലും പ്രതിരോധ നടപടികൾ ശക്തമാക്കി.മഹാരാഷ്ട്രയിൽ മാത്രം 21 കേസുകളാണ് സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യ ഡെൽറ്റ പ്ലസ് കേസ് പത്തനംതിട്ട ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്. അതിനു പുറമെ പാലക്കാടും വൈറസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് കേരളത്തിലെ ലോക്ഡൗൺ ഇളവുകൾ.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കുമെങ്കിലും പൊതുജനങ്ങൾക്കു പ്രവേശനമില്ല. ടിപിആർ 16 % വരെയുള്ള സ്ഥലങ്ങളിൽ ആരാധനാലയങ്ങളും തുറന്നു. ഒരേസമയം പരമാവധി 15 പേർക്കാണു പ്രവേശനം. മേൽപ്പറഞ്ഞ സ്ഥലങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിലും ബാങ്കുകളിലും 50 % ജീവനക്കാരാകാം. ടിപിആർ 16-24 % എങ്കിൽ ജീവനക്കാർ 25 % മാത്രം. ജനസേവന കേന്ദ്രങ്ങൾക്കു പ്രവർത്തനാനുമതിയുണ്ട്. കടകളും പഴതു പോലെ. ഇതിനൊപ്പം വാഹനങ്ങളും നിർത്താതെ ഓടുമ്പോൾ കേരളം പഴയ നിലയിലേക്ക് എത്തുകയാണ്.
അതിനിടെ കേരളത്തിൽ സെപ്റ്റംബർ അവസാനത്തോടെ കോവിഡ് നിയന്ത്രണ വിധേയമാകുമെന്ന് പ്രൊജക്ഷൻ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ ആരോഗ്യ ഗവേഷണ വിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാല്യുവേഷനാണ് (ഐഎച്ച്എംഇ) റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ടിലെ വിവരങ്ങൾ കൃത്യമായാൽ ഇത്തവണ കേരളത്തിന് നിയന്ത്രണങ്ങളോടെ ഓണം ആഘോഷിക്കാൻ കഴിയും.
ഓഗസ്റ്റ് 20നാണ് ഒന്നാം ഓണം. അപ്പോഴേക്കും കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 8167 വരെയായി കുറയും. എന്നാണ് പ്രതീക്ഷ. ഇതെല്ലാം കണക്കിലെടുത്താണ് കേരളം അൺലോക്കിലേക്ക് പോകുന്നത്. പ്രതിരോധം കർശനമാക്കിയാൽ ഇത് 5000 വരെയാകും. പ്രതിദിന മരണനിരക്ക് ഓണത്തിന് മുമ്പ് 18 വരെ കുറയാനും സാധ്യതയുണ്ടെന്ന് പ്രൊജക്ഷൻ റിപ്പോർട്ട് പറയുന്നു. പക്ഷേ കരുതലുകൾ കൈവിട്ടാൽ ഈ കണക്കെല്ലാം മാറി മറിയും. കോവിഡിന്റെ മൂന്നാം തരംഗം എത്തിയാൽ ഓണവും വെള്ളത്തിലാകും.
കേരളത്തിൽ ഇന്നലെ 12,787 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂർ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂർ 607, കാസർഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ ലോക്ഡൗൺ ഇളവുകൾ ഈ കണക്കുകളെ എങ്ങനെ സ്വാധീനിക്കുമെന്നത് നിർണ്ണായകമാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,12,116 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,85,742 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 26,374 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2492 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 178, ടി.പി.ആർ. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആർ. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആർ. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ