തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൂടുതൽ കോവിഡ് നിയന്ത്രണം വേണ്ടി വന്നേക്കും. സംസ്ഥാനത്തു കോവിഡ് വ്യാപനം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക് ഉയരുകയാണ്. 3 മാസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10നു മുകളിലായി. ഇന്നലെ 13,558 സാംപിളുകൾ പരിശോധിച്ചതിൽ 1544 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ടിപിആർ 11.39%.

തുടർച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിനു മുകളിലാകുന്നത്. പരിശോധനകൾ വളരെ കുറവാണ്. അതുകൊണ്ട് തന്നെ പരിശോധനാ നിരക്കുയർത്തിയാൽ ഇനിയും കോവിഡ് കേസുകൾ ഉയരും. ഈ സാഹചര്യത്തിൽ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനം. സാമൂഹിക അകലം പാലിക്കുന്നതും കർശനമാക്കും. സ്‌കൂൾ തുറക്കുമ്പോഴാണ് വ്യാപന തോത് ഉയരുന്നത്. എങ്കിലും സ്‌കൂളുകളൊന്നും അടച്ചു പൂട്ടില്ല.

എറണാകുളം (481), തിരുവനന്തപുരം (220) ജില്ലകളാണു പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 7972 പേരാണു ചികിത്സയിലുള്ളത്. 995 പേർ കൂടി കോവിഡ് മുക്തരായി. 4 മരണം കൂടി ഇന്നലെ ഉൾപ്പെടുത്തിയതോടെ ആകെ മരണം 69,790 ആയി. നിലവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന കോവിഡ് വ്യാപനം കേരളത്തിലാണ്. രാജ്യത്താകെ 3962 കേസുകളും 6 മരണവുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ടിപിആർ 0.89%. ഇതിൽ പകുതിക്ക് അടുത്തും കേരളത്തിലാണെന്നതാണ് വസ്തുത.

കോവിഡിനു പുറമേ ഡെങ്കിപ്പനി അടക്കമുള്ള മറ്റു പകർച്ചപ്പനികളും പടരുന്നത് ആശങ്കയുടെ വ്യാപ്തി കൂട്ടുന്നുണ്ട്. എലിപ്പനി, ചിക്കൻഗുനിയ എന്നിവയുടെ ഭീഷണിയുമുണ്ട്. കേന്ദ്രം സംസ്ഥാനങ്ങൾക്കു ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. മാസ്‌ക് അടക്കമുള്ള പ്രതിരോധനടപടികൾ കർക്കശമാക്കാൻ സാധ്യതയുണ്ട്. ജൂലൈ മാസത്തോടെ മുംബൈ നഗരത്തിൽ കോവിഡ് പടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
പ്രതിദിന രോഗികൾ വർധിക്കുന്നത് ശുഭസൂചകമല്ലെന്നും നാലാം തരംഗത്തിന് സാധ്യതയുണ്ടെന്നും അതിനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷൺ സംസ്ഥാനങ്ങൾക്കു കത്തയച്ചു.

കേരളം, തമിഴ്‌നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽരോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. ഒരാഴ്ചയിലെ കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ 31.14% കേരളത്തിലാണ്. രോഗബാധയുണ്ടായവരെ പഴയ രീതിയിൽ ക്വാറന്റൈനിൽ ആക്കാൻ തീരുമാനിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും.

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി അറിയിച്ചു. പുതിയ വകഭേദമല്ല, ഓമിക്രോൺ തന്നെയാണ് പടരുന്നത്. കോവിഡിനൊപ്പം ജീവിക്കുകയെന്ന ശൈലി സ്വീകരിക്കാനും മാസ്‌ക് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരെയും കരുതൽ ഡോസ് എടുക്കാനുള്ളവരെയും അതിനായി നിർബന്ധിക്കണം. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും മുൻകരുതൽ ഡോസ് എടുക്കണം. 18 വയസിനു മുകളിൽ പ്രായമുള്ള 100 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ എടുത്തു. എന്നാൽ രണ്ടാം ഡോസ് വാക്സിൻ 88 ശതമാനമേ എടുത്തിട്ടുള്ളൂ. കരുതൽ ഡോസ് എടുത്തത് 22% മാത്രം. 15-17 വയസുവരെയുള്ള കുട്ടികളിൽ 83 ശതമനത്തിന് ആദ്യ ഡോസും 55 ശതമാനത്തിന് രണ്ടാം ഡോസും നൽകി. 12-14 വയസുകാരിൽ 54 ശതമാനത്തിന് ആദ്യ ഡോസും 15 ശതമാനത്തിന് രണ്ടാം ഡോസും നൽകി.

വാക്സിൻ എടുക്കാത്തവരുടെ കണക്ക് പ്രദേശികമായി ശേഖരിക്കാനും എടുക്കുന്നതുറപ്പാക്കാനും ഫീൽഡ് വർക്കർമാരെ ചുമതലപ്പെടുത്തും. സ്‌കൂൾ തുറന്ന സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും വാക്സിനെടുക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.