തിരുവനന്തപുരം: കോവിഡിൽ ഇനി കേരളത്തിൽ നിയന്ത്രണങ്ങളുണ്ടാകില്ല. വൈറസിനൊപ്പം മലയാളിയും ജീവിക്കും. ആൾക്കൂട്ട നിയന്ത്രണം അടക്കം ഇനി കർശനമാക്കില്ല. എല്ലാം തുറന്നു കൊടുക്കാനാണ് സർക്കാർ തീരുമാനം. അടച്ചിടലിലൂടെ രോഗ നിയന്ത്രണം അസാധ്യമാണെന്ന തിരിച്ചറുവിലാണ് ഇത്. വാക്‌സിനും രോഗം വന്നതുമെല്ലാം പ്രതിരോധ ശേഷി കൂട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി ഒന്നും ഭയക്കാനില്ലെന്നാണ് വിലയിരുത്തൽ.

സ്‌കൂളുകളും കോളജുകളും 28 മുതൽ എല്ലാ ക്ലാസിലും എല്ലാ വിദ്യാർത്ഥികളെയും ഇരുത്തിയുള്ള സാധാരണ പഠനരീതിയിലേക്കു മടങ്ങുന്നു. വൈകിട്ടു വരെ ക്ലാസുണ്ടാകും. ഓൺലൈൻ-ഡിജിറ്റൽ പഠനവും അതോടെ അവസാനിക്കും. അടുത്ത അധ്യയന വർഷം തുടക്കം മുതൽ തന്നെ എല്ലാം സാധാരണ നിലയിലാകും. ഓൺലൈനിലൂടെ വിദ്യാഭ്യാസം മുമ്പോട്ട് കൊണ്ടു പോകാനാകില്ലെന്ന് സർക്കാരും തിരിച്ചറിയുന്നു. ഇത്തവണ എല്ലാ ക്ലാസിലും ഓഫ് ലൈൻ പരീക്ഷയും പദ്ധതിയിലുണ്ട്.

സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാൻ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകൾ സ്‌കൂളുകളിൽ ആരംഭിക്കാൻ നിർദ്ദേശം നൽകി. അതുവരെ പകുതി വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി ക്ലാസ്സുകൾ നടത്തും.

1 മുതൽ 9 വരെ ക്ലാസുകൾ 14നാണു വീണ്ടും തുടങ്ങുന്നത്. 28നു പതിവു രീതിയിലാകുന്നതുവരെ ഒരുസമയം പകുതി വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തിയാകും ക്ലാസുകൾ. 2020 മാർച്ച് 11നാണ് കോവിഡ് ബാധയെത്തുടർന്നു സംസ്ഥാനത്ത് ആദ്യമായി സ്‌കൂളുകൾ അടച്ചത്. കോവിഡിന് ഒപ്പം ജീവിക്കുക എന്ന നയത്തിന്റെ ഭാഗമായിക്കൂടിയാണ് ഇപ്പോഴത്തെ മാറ്റങ്ങൾ. തയ്യാറെടുപ്പു തുടങ്ങാൻ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അടുത്ത മാസം എല്ലാ ക്ലാസിലും പരീക്ഷ നടത്തും.

എല്ലാ കുട്ടികളുമെത്തിയാൽ സുരക്ഷിത അകലം ഉറപ്പാക്കുന്നത് എങ്ങനെയെന്ന പ്രശ്‌നം സർക്കാരിനു മുന്നിലുണ്ട്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാർഗരേഖയിൽ ഇതേക്കുറിച്ചു വിശദമാക്കും. മാസ്‌കും സാനിറ്റൈസറും കർശനമാക്കും. കോവിഡ് പടരാൻ ഇളവുകൾ കാരണമായാൽ തീരുമാനം പുനഃപരിശോധിക്കും. 10,12 മോഡൽ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും. സ്വകാര്യ സ്‌കൂളുകൾ തുറക്കാതെ നിർബന്ധിതമായി ഫീസ് പിരിക്കുന്നതായി പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഞായറാഴ്ചകളിലെ ലോക്ഡൗൺ തുടരേണ്ടതില്ലെന്ന് അവലോകന യോഗം തീരുമാനിച്ചു. കാസർകോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങളില്ല. മലപ്പുറം, കോഴിക്കോട് ജില്ലകൾ എ വിഭാഗത്തിലും മറ്റു ജില്ലകളും ബി വിഭാഗത്തിലും തുടരും. ആലുവ ശിവരാത്രി, മാരാമൺ കൺവൻഷൻ, ആറ്റുകാൽ പൊങ്കാല തുടങ്ങിയ ചടങ്ങുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൂടുതൽ പേർക്കു പങ്കെടുക്കാൻ അവസരം നൽകും. വടക്കേ മലബാറിലെ ഉത്സവങ്ങളിലും കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കും.

ഫെബ്രുവരി നാലിലെ വർഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങൾ തുടരും. കോവിഡാനന്തര രോഗവിവരങ്ങൾ രേഖപ്പെടുത്താൻ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണം. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തിൽ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളിൽ ഡെപ്യൂട്ടി ഡിഎംഒ തലത്തിലും ചുമതല നൽകിയിട്ടുണ്ട്.

ആശുപത്രികളിൽ പ്രത്യേകിച്ച് മെഡിക്കൽ കോളേജ് ആശുപത്രികളിൽ കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവർ സമയബന്ധിതമായി എത്താത്തത് പലപ്പോഴും പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയർ ഡോക്ടർമാർ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ചില സ്വകാര്യ ആശുപത്രികൾ അനാവശ്യമായി മോണോ ക്ലോണൽ ആന്റി ബോഡി ചികിത്സ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.