- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പർക്കത്തിലായത് മൂന്നു കോവിഡ് പോസിറ്റീവ് രോഗികളുമായി; ക്വാറന്റൈനിൽ പോകാൻ തയ്യാറാവാതെ തിരുവനന്തപുരം ഡിഎംഒ; പോസിറ്റീവായത് സ്‌റ്റേറ്റ് ഹെൽത്ത് സിസ്റ്റം റിസോഴ്‌സ് സെന്ററിലെ മൂന്നുപേർ; ഡോ.ഷിനു മാത്രം നിരീക്ഷണത്തിൽ പോകാത്തത് രോഗവ്യാപനം കൂട്ടുമെന്ന് ആശങ്ക; മറ്റു ജീവനക്കാർ ആശുപത്രിയിലായിട്ടും ഡിഎംഒ നിരീക്ഷണത്തിൽ പോകാത്തത് ഗുരുതരവീഴ്ച; അനധികൃത നിയമനങ്ങൾ നടത്തുന്നതായും പരാതി
തിരുവനന്തപുരം: കോവിഡ് കാലത്ത് കോവിഡ് പ്രോട്ടോക്കോൾ ആരോഗ്യപ്രവർത്തകർ തന്നെ ലംഘിച്ചാലോ? സാധാരണക്കാർക്ക് മാതൃക ആകേണ്ടവരല്ലേ ആരോഗ്യപ്രവർത്തകർ. സമൂഹത്തിലെ സ്ഥാന-ജോലി ഭേദങ്ങളില്ലാതെ ആളുകളെ കോവിഡ് പിടികൂടുമ്പോൾ അതീവജാഗ്രത പാലിച്ചേ മതിയാവൂ. എന്നാൽ, തിരുവനന്തപുരം ഡിഎംഒ ഓഫീസിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നില്ലെന്ന് പരാതി ഉയർന്നു. ജില്ല മെഡിക്കൽ ഓഫീസറുടെ ചുമതലയുള്ള ഡോ.ഷിനു കെ.എസ് കോവിഡ് പോസിറ്റീവായവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെങ്കിലും ക്വാറന്റൈനിൽ പോകാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇദ്ദേഹം ക്വാറന്റൈനിൽ പോകാതെ ഡ്യൂട്ടിയിൽ തുടരുന്നത് കൂടുതൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.
സ്‌റ്റേറ്റ് ഹെൽത്ത് സിസ്റ്റം റിസോഴ്‌സ് സെന്റ്‌റിന്റെ അധിക ചുമതല കൂടി ഡപ്യൂട്ടി ഡിഎംഒക്കുണ്ട്. എസ്എച്ച് എസ്ആർസിയിലെ മൂന്നുപേർ കോവിഡ് പോസിറ്റീവായി. അതിൽ ഒരാൾ ഡപ്യൂട്ടി ഡിഎംഒയുടെ പിഎയായ വനിതയാണ്. എന്നാൽ, ഡപ്യൂട്ടി ഡിഎംഒ മാത്രം ഇതുവരെ ക്വാറന്റൈനിൽ പോയിട്ടില്ല. അതേസമയം, പോസിറ്റീവായ മൂന്നുപേരെയും ആശുപത്രിയിലാക്കി. ഡിഎംഒയുടെ ചാർജ് വഹിക്കുന്ന ഡോ.ഷിനു മാത്രം ക്വാറന്റൈനിൽ പോകാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. സ്‌റ്റേറ്റ് ഹെൽത്ത് സിസ്റ്റം റിസോഴ്‌സ് സെന്റ്‌റിലാണ് ഡപ്യൂട്ടി ഡിഎംഒ ഏറെ സമയവും ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനെതിരെ ആരോഗ്യ വകുപ്പിൽ മുറുമുറുപ്പ് ഉയരുന്നുണ്ട്. നേരത്തെ ആരോഗ്യ വകുപ്പിൽ തന്നേക്കാൾ സീനിയറായ ഡോ.ഡിക്രൂസിനെ മറികടന്നാണ് ഡോ.ഷിനു ഡപ്യൂട്ടി ഡിഎംഒ ആയതും പരാതികൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം, ഡപ്യൂട്ടി ഡിഎംഒ പദവിയിലിരുന്ന് ഡോ.ഷിനു സീനിയോരിറ്റി മറികടന്ന് നിയമനങ്ങൾ നടത്തുന്നതായും ആരോപണം ഉയർന്നു. മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ജില്ല മെഡിക്കൽ ഓഫീസിന്റെ ജില്ലാ നിരീക്ഷണ ടീമിലേക്ക് ഡോ.ഷിനു മാറ്റിയതാണ് വിവാദമായിരിക്കുന്നത്. സീനിയോരിറ്റി മറികടന്നുവെന്നാണ് ആരോപണം. മെഡിക്കൽ കോളേജിലെ ആർഎംഒയുമായി ചേർന്ന് പ്രവർത്തിച്ച് മൃതദേഹങ്ങൾ കൈകാര്യം ചെയ്യുക, ഡെത്ത് റിപ്പോർട്ടുകൾ തയ്യാറാക്കുക എന്നിവയാണ് ജൂനിയർ ഡോക്ടറുടെ ചുമതലകൾ. നോൺ കമ്യൂണിക്കബിൾ ഡിസീസസ്- ഐഡിഎസ്‌പി എന്നിവയുടെ ദൈനംദിന കാര്യങ്ങളും മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെ അസിസ്‌ററന്റ് സർജൻ ഡോ.കാവ്യ ശങ്കർ നോക്കണം. ഇതോടെ മലയിൻകീഴ് ആശുപത്രിയിൽ ആളില്ലാതാവുകയും ചെയ്തു. കോവിഡ് കാലത്ത് ഇത്തരം അനധികൃത നിയമനങ്ങൾ ഒഴിവാക്കേണ്ടതാണെന്നാണ് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്.
അതേസമയം, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 182 പേർക്ക് ഇന്ന് കോവിഡ് ബാധിച്ചതായാണ് റിപ്പോർട്ട്. ജില്ലയിൽ നിന്നുള്ള 158 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. ജില്ലയിൽ പുതുതായി 887 പേർ രോഗനിരീക്ഷണത്തിലായി. 1,624 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 19,514 പേർ വീടുകളിലും 673 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 287 പേരെ പ്രവേശിപ്പിച്ചു. 370 പേരെ ഡിസ്ചാർജ് ചെയ്തു.ജില്ലയിൽ ആശുപത്രികളിൽ 3,863 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഇന്ന് 336 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 748 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 673 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.